ADVERTISEMENT

പുസ്തകത്താളുകളിൽ നിറയുന്നത് കഥയും കവിതയും നാടകവും. അക്ഷര സ്നേഹികൾക്ക് ആശ്രയമാണ് ആർകെ പുരം വി.കെ. മാധവൻകുട്ടി മെമ്മോറിയൽ ലൈബ്രറി. 1974 മുതലുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങൾ ബൈൻഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള വായനശാലയെന്ന പ്രത്യേകതയുമുണ്ട്. ഡൽഹിയുടെ കലാ–സാംസ്കാരിക രംഗത്ത് മലയാളിയുടെ സാന്നിധ്യമുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) നേതൃത്വത്തിൽ‍ 2009ൽ ആരംഭിച്ച വായനശാല 15 വർഷം പിന്നിടുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ വി.കെ. മാധവൻകുട്ടിയുടെ സ്മരണയ്ക്ക് സ്ഥാപിച്ച വായനശാലയിൽ അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്. മലയാള നോവലുകൾ, കഥകൾ, കവിതകൾ, ജീവചരിത്രം, ലേഖനങ്ങൾ, യാത്രാവിവരണം, നാടകം, ബാലസാഹിത്യം എന്നിവയാണ് ഇതിലേറെയും. ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള സാഹിത്യ സൃഷ്ടികളുമുണ്ട്. മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ഇംഗ്ലിഷ് പുസ്തക ശേഖരം, മലയാളം മിഷന്റെ പുസ്തകങ്ങൾ എന്നിവ കൂടാതെ കംപ്യൂട്ടർ, എൻജിനീയറിങ് റഫറൻസ് ഗ്രന്ഥങ്ങളുമുണ്ട്. 

1949ൽ രൂപീകരിച്ച ഡിഎംഎ 75 വർഷം പിന്നിടുകയാണ്. സംഘടനയുടെ ചരിത്രത്തിലെ മികച്ച നേട്ടങ്ങളിൽ ഒന്നാണ് വായനശാലയെന്ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് പറഞ്ഞു. വി.കെ. മാധവൻകുട്ടിയുടെ ശേഖരത്തിൽ നിന്നുള്ള മൂവായിരത്തോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കുടുംബം വായനശാലയ്ക്ക് സംഭാവനയായി നൽകിയിരുന്നു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഉൾപ്പെടെയുള്ള പ്രമുഖരും പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ആർകെ പുരം സെക്ടർ–4ലുള്ള ഡിഎംഎയുടെ കേന്ദ്ര സാംസ്കാരിക സമുച്ചയത്തിലാണ് വായനശാല പ്രവർത്തിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 8വരെയാണ് പ്രവർത്തന സമയം. ഡിഎംഎ അംഗങ്ങൾക്ക് അംഗത്വ ഫീസില്ല. മറ്റുള്ളവർക്ക് വാർഷിക വരിസംഖ്യ 200 രൂപയാണ്. വായനശാലയിൽ ഏകദേശം 200 അംഗങ്ങളുണ്ടെന്ന് കോ–ഓർഡിനേറ്ററും ഡിഎംഎ കേന്ദ്ര കമ്മിറ്റിയംഗവുമായ ആർ.എം.എസ്. നായർ പറഞ്ഞു. വായനശാലയിൽ പതിവായി എത്തുന്നവരിൽ എല്ലാ പ്രായക്കാരുമുണ്ടെങ്കിലും മുതിർന്നവരാണ് വായനയെ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com