ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ ഖരമാലിന്യ സംസ്കരണം കൃത്യമായി നടക്കാത്തതിൽ സുപ്രീംകോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന് വേഗം ഫലപ്രദമായ മാർഗം കണ്ടെത്തണമെന്നു ജഡ്ജിമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകി. മാലിന്യ സംസ്കരണം കൃത്യമായി നടപ്പാക്കാത്തതിൽ മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹിക്കും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിനും കന്റോൺമെന്റ് ബോർഡിനും നോട്ടിസയച്ചു. മേയ് 10നു മുൻപ് വിശദീകരണം നൽകണമെന്നാണു നിർദേശം.

കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) നൽകിയ റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിൽ ഒരു ദിവസം 11000 ടൺ ഖരമാലിന്യമാണ് ഉണ്ടാകുന്നത്. ഇതിൽ 8000 ടൺ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനമേ നിലവിലുള്ളൂ. പ്രതിദിനം 3000 ടൺ ഖരമാലിന്യം സംസ്കരിക്കാതെ കിടക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നു സുപ്രീംകോടതി പറഞ്ഞു. ഡൽഹിയിലെ അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിന്റെ ആക്കം കൂട്ടുന്നതിൽ ഈ ഖര മാലിന്യം വലിയ പങ്കു വഹിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

 ഹർജി അടുത്ത തവണ പരിഗണിക്കുന്നതിനു മുൻപായി മാലിന്യ സംസ്കരണത്തിനു കൃത്യമായ പരിഹാരം കണ്ടെത്തണമെന്നാണു സുപ്രീംകോടതി നിർദേശിച്ചത്. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ഖരമാലിന്യ വിഷയം കോടതി ചൂണ്ടിക്കാട്ടിയത്. മലിനീകരണ നിയന്ത്രണ ബോർഡുകളിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹി, പഞ്ചാബ്, ഹരിയാന ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ ഉടൻ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com