ADVERTISEMENT

കൊഴി‍ഞ്ഞാമ്പാറ ∙ കോഴിപ്പോര് നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വടകരപ്പതി അനുപ്പൂരിനു സമീപത്തുള്ള തോപ്പിൽ നിന്നാണു കോഴിപ്പോര് പിടികൂടിയത്. സംഭവത്തിൽ ഒഴലപ്പതി അനുപ്പൂർ സ്വദേശികളായ ഷാൻ ബാഷ (24), നവീൻ പ്രസാദ് (23), പൊള്ളാച്ചി എല്ലപ്പെട്ടാൻകോവിൽ സ്വദേശി രമേഷ് (34) എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 8 പോരു കോഴികളെയും 200 രൂപയും കണ്ടെടുത്തു. 

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണു കോഴിപ്പോര് പിടികൂടിയതെന്നും കോഴികളെ ലേലം ചെയ്ത വകയിൽ ലഭിച്ച 16600 രൂപ കോടതിയിലേക്കു കൈമാറുമെന്നും എസ്ഐ എം. മഹേഷ്കുമാർ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ ലേലം

ചിറ്റൂർ∙ ഓടിച്ചിട്ടു പിടികൂടിയ പോർവീരൻമാരെ പരസ്യമായി ലേലം ചെയ്തു പൊലീസ്. അതിർത്തി ഗ്രാമങ്ങളിലെ തോപ്പുകളിൽ നടത്തുന്ന കോഴിപ്പോരിൽ നിന്നാണ് ഇന്നലെ 8 പോരു കോഴികളെയും പോര് നടത്തിയിരുന്ന 3 യുവാക്കളെയും പൊലീസ് ഓടിച്ചിട്ടു പിടിച്ചത്. ആളൊഴിഞ്ഞ തോപ്പുകളിൽ ഒളിഞ്ഞും തെളിഞ്ഞും കോഴിപ്പോരിനെത്തുന്നവർ ഒട്ടേറെയാണ്. തമിഴ്നാട്ടിൽ നിന്നടക്കമുള്ളവർ രഹസ്യ സ്ഥലങ്ങളിൽ കോഴിപ്പോരിന് എത്താറുണ്ട്. 

പോരിനിറങ്ങുന്നതിനു മുൻപു പന്തയം വയ്ക്കും. പന്തയം പതിനായിരങ്ങൾ വരെയാകാറുണ്ട്.പോര് കോഴികളെ പൊലീസ് സ്റ്റേഷനിൽത്തന്നെ പരസ്യമായി ലേലം ചെയ്യാറാണു പതിവ്.പൊലീസ് പിടിക്കുന്നതിൽ സ്ഥിരമായി പോരിൽ ജയിക്കുന്ന കോഴികളുണ്ടെങ്കിൽ വലിയ വിലകൊടുത്ത് ആ കോഴികളെ ലേലത്തിൽ തിരിച്ചു പിടിക്കുന്നവരുണ്ട്. ലേലം പിടിക്കുന്നതിനായി പ്രത്യേക സംഘം തന്നെയുണ്ടിവിടെ. 

ഇന്നലെ നടന്ന ലേലത്തിൽ 2 മുതൽ 4 കിലോഗ്രാം വരെ തൂക്കമുള്ള കോഴികളാണുണ്ടായിരുന്നത്. ലേലത്തിൽ 1200 രൂപ മുതൽ 4000 രൂപ വരെ തുകയ്ക്കാണു കോഴികൾ വിറ്റുപോയത്. 8 കോഴികൾക്കുമായി 16600 രൂപയാണ് ഇന്നലെ ലേലത്തിൽ ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com