ADVERTISEMENT

പാലക്കാട് ∙ പരാതികൾക്കു തടസ്സമില്ലാതെ തീ‍ർപ്പുണ്ടാക്കി കെഎസ്ഇബിയുടെ ജനകീയ വൈദ്യുതി അദാലത്ത്. നേരത്തെ ലഭിച്ച 2,935 അപേക്ഷകൾ ഉൾപ്പെടെ 3,320 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ഇതുവരെ കെഎസ്ഇബി നടത്തിയ അദാലത്തുകളിൽ കൂടുതൽ അപേക്ഷകൾ ലഭിച്ചതും പാലക്കാട്ടാണ്. ഇന്നലെ ലഭിച്ച 250 പരാതികളിലൊഴികെ തീർപ്പാക്കി. 

മന്ത്രി എം.എം. മണി, ബോർഡ് ചെയർമാൻ, ബോർഡ് അംഗം, ഡയറക്ടർ, 8 ചീഫ് എൻജിനീയർമാ‍ർ, 16 ഡപ്യൂട്ടി ചീഫ് എൻജിനീയർമാർ എന്നിവരുടെ നേതൃത്വത്തിൽ 22 കൗണ്ടറുകൾ സജ്ജമാക്കിയായിരുന്നു പരാതികൾ പരിഗണിച്ചത്.

അപേക്ഷകർ വൻതോതിൽ എത്തിയതോടെ ഉദ്ഘാടകനായ മന്ത്രി എം.എം.മണി ഉൾപ്പെടെയുള്ളവർ പ്രസംഗം ചുരുക്കി ആ സമയം കൂടി അദാലത്തിനു വിനിയോഗിച്ചു. സേവനത്തിലൂടെ ഗുണഭോക്താക്കളും വൈദ്യുതി ബോർഡും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നു അദ്ദേഹം പറഞ്ഞു.ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായി. 

മന്ത്രി കെ. കൃഷ്ണൻകുട്ടി, വി.കെ. ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ കെ.വി. വിജയദാസ്, പി. ഉണ്ണി, പി.കെ. ശശി, കെ.ഡി. പ്രസേനൻ, കെ. ബാബു, എഡിഎം ടി. വിജയൻ, നഗരസഭാംഗം രാജേശ്വരി ജയപ്രകാശ്, കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ള, ബോ‍ർഡ് അംഗം വേണുഗോപാൽ, ഡയറക്ടർ പി. കുമാരൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. വിജയൻ, സി. ബാലൻ, കെ. വേലു, കെ. ശിവരാജേഷ്, ഓട്ടൂ‍ർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കഞ്ചിക്കോടിന് പരിഗണന വേണം

കൊച്ചി–കോയമ്പത്തൂർ വ്യാവസായിക ഇടനാഴിയുടെ പ്രധാന ഹബാകുന്ന കഞ്ചിക്കോട്ടേക്കു കൂടുതൽ വൈദ്യുതി എത്തിക്കണമെന്നു ജനപ്രതിനിധികൾ. ഇതിനായി വിശദ റിപ്പോർട്ട് തയാറാക്കാൻ വൈദ്യുതി ബോർഡ് ഓഡിറ്റ് ടീമിനെ നിയോഗിക്കണമെന്നു ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു.കഞ്ചിക്കോട് പുതിയ 110 കെവി സബ് സ്റ്റേഷൻ നിർമിക്കണമെന്നായിരുന്നു കെ.വി. വിജയദാസ് എംഎൽഎയുടെ നിർദേശം. കരിമ്പയിൽ വൈദ്യുതി സെക്‌ഷൻ ഓഫിസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിതരണ മേഖലയിലെ പദ്ധതികൾ

2018–19 വർഷത്തെ 67.94 കോടി രൂപയുടെയും 19–20 വർഷത്തിൽ 107.65 കോടിയുടെയും പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. 2020–21 വർഷത്തിൽ 96.01 കോടിയുടെയും 2021–22 വർഷത്തേക്ക് 60.48 കോടി രൂപയുടെയും പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

474 പുതിയ ട്രാൻസ്ഫോമറുകൾ, 593.28 കിലോമീറ്റർ പുതിയ 11 കെവി ഒഎച്ച് ലൈൻ, 11 കിലോമീറ്റർ 11 കെവി ഭൂഗർഭ കേബിളുകൾ, 348.37 കിലോമീറ്റർ പുതിയ 11 കെവി ഏരിയൽ ബഞ്ച്ഡ് കേബിൾ, 362 കിലോമീറ്റർ എൽടിഒഎച്ച് ലൈൻ, 219 കിലോമീറ്റർ പുതിയ എൽടി എബിസി ലൈൻ, 19,142 കിലോമീറ്റർ ലൈൻ നവീകരണം, 1134 ട്രാൻസ്ഫോമറുകളുടെ നവീകരണം തുടങ്ങിയ പദ്ധതികളാണു നടപ്പാക്കൽ ഘട്ടത്തിലുള്ളത്.

പ്രസരണ മേഖലയിലെ പദ്ധതികൾ

 കൊല്ലങ്കോട് നെന്മാറ 110 കെവി ലൈൻ നിർമാണം 95 ശതമാനവും, നെന്മാറ–വടക്കഞ്ചേരി 110 കെവി ലൈനിന്റെ നിർമാണം 70 ശതമാനവും പൂർത്തീകരിച്ചു. 33 കെവി തിരുവേഗപ്പുറ സബ് സ്റ്റേഷന്റെ ശേഷി 5 എംവിഎയിൽ നിന്നു 10 എംവിഎ ആയി ഉയർത്തുന്ന പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. 110 കെവി ഷൊർണൂർ സബ്സ്റ്റേഷൻ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ആക്കാൻ ഭരണാനുമതി ലഭിച്ചു, 110 കെവി മലമ്പുഴ, കൊല്ലങ്കോട് സബ് സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com