ADVERTISEMENT

വണ്ടിത്താവളം ∙ മീനാക്ഷിപുരത്ത് കേരള– തമിഴ്നാട് അതിർത്തിയിൽ കേരളം ഇളവ് തുടങ്ങിയപ്പോൾ തൊട്ടടുത്ത തമിഴ്നാട് ഭാഗത്ത് പിടിമുറുക്കി തമിഴ്നാട് അധികൃതർ. മീനാക്ഷിപുരത്ത് കോവിഡ് സ്ഥിരീകരിച്ച റെയിൽവേ സ്റ്റേഷനു സമീപമുള്ള 42 കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ പ്രവേശന ഭാഗങ്ങൾ ഷീറ്റുവച്ച് പൂർണമായി കൊട്ടിയടച്ചു. ഇവിടുത്തുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനാവത്ത വിധമാണ് റോഡ് അടച്ചത്. അരിയും പച്ചക്കറിയുമൊക്കെ ആരോഗ്യ വകുപ്പ് അധികൃതർ എത്തിക്കുന്നു. എന്തെങ്കിലും രോഗം ബാധിച്ചാൽ ആരോഗ്യ വകുപ്പ് അധികൃതർ എത്തിയാണ് ആളുകളെ ആശുപത്രിയിൽ കൊണ്ടുപോവുന്നത്. കോവിഡ് കൂടുതലും റിപ്പോർട്ട് ചെയ്ത കോയമ്പൂത്തൂർ ജില്ലയിൽ നിന്നുള്ള 9 പൊലീസുകാരാണ് ഡ്യൂട്ടിക്കു നിൽക്കുന്നത്. ഇവരെയും പരിശോധനയ്ക്ക് വിധേയമാക്കി.

തമിഴ്നാട് ഭാഗത്ത് സമീപ മേഖലകളിൽ ഉച്ച വരെ പലചരക്ക്, പച്ചക്കറി കടകൾ തുറക്കാൻ അനുമതി നൽകുന്നുണ്ട്. മറ്റു കടകളോ മെഡിക്കൽ ഷോപ്പോ തുറക്കുന്നില്ല. രോഗം സ്ഥിരീകരിച്ച മേഖലയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ കർശന നിയന്ത്രണം നിലനിൽക്കുകയാണ്. എന്നാൽ അരക്കിലോമീറ്റർ ഇപ്പുറത്തുള്ള കേരളത്തിൽ ഉൾപ്പെടുന്ന മീനാക്ഷിപുരം മേഖലയിൽ ഇളവ് അനുവദിച്ചതോടെ ഇളവുള്ള സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. ആളുകളും തെരുവിലിറങ്ങിത്തുടങ്ങി.

∙ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ കേരള അതിർത്തിയിലെ ഊടുവഴികളും അടച്ചെങ്കിലും തമിഴ്നാടിന്റെ ഊടുവഴികൾ ഇപ്പോഴും തുറന്നുകിടക്കുന്നു. ഊടുവഴികളിൽ തമിഴ്നാട് പൊലീസ് നേരത്തെ ഏർപ്പെടുത്തിയ പരിശോധനയും അവസാനിപ്പിച്ചു. കേരളത്തിൽ ഊടുവഴികളുടെ തുടക്കത്തിൽ തന്നെ പരിശോധന ഉണ്ടെങ്കിലും തമിഴ്നാട്ടിൽ അതില്ല. ഇതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നുഴഞ്ഞുകയറ്റവും ആരംഭിച്ചു.

വാളയാർ പിച്ചനൂരാണ് പ്രധാന ഊടുവഴികളിലൊന്ന്. കോയമ്പത്തൂർ പിച്ചനൂരിലൂടെയും ചാവടിയാറിലൂടെയും യാത്ര തിരിച്ചാൽ വാളയാർ ഡാമിന്റെയും വനത്തിന്റെയും ഇടവഴി കടന്ന് കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിലേക്കും അതുവഴി ലക്ഷ്യസ്ഥാനത്തും എത്തിച്ചേരാം. വാളയാറിനു പുറമേ വേലന്താവളം, മീനാക്ഷിപുരം എന്നീ അതിർത്തികളിലുള്ളവർക്കും പിച്ചനൂർ വഴി കടന്നെത്താം. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഒട്ടേറെ പേർ ഇതുവഴിയെത്തിയെന്നാണ് കേരള അതിർത്തി ഗ്രാമങ്ങളിലുള്ളവർ പറയുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള ഒട്ടുമിക്ക നുഴഞ്ഞുകയറ്റവും കേരള അതിർത്തിയിൽ പൊലീസ് പിടികൂടുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാർ അതിർത്തിഗ്രാമം കടന്നാൽ ഇതു സാധിക്കുന്നില്ല. തമിഴ്നാട് വനത്തിലൂടെ സഞ്ചരിച്ചാൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധന മറികടന്ന് കേരളത്തിലെത്താനാകും. രാത്രികാലങ്ങളിൽ പരിശോധന അയവുണ്ടാകുന്നതും നുഴഞ്ഞുകയറ്റം കൂടാൻ കാരണമാകുന്നുണ്ട്. കേരളത്തിലേക്കുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാൻ അധികൃതർ പരിശോധന കർശനമാക്കണമെന്ന് അതിർത്തി ഗ്രാമങ്ങളിലുള്ളവർ ആവശ്യപ്പെട്ടു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com