ADVERTISEMENT

പാലക്കാട് ജില്ലയിൽ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 17 പേർക്ക്. ഇതി‍ൽ 5 നഴ്സുമാർ ഉൾപ്പെടെ 9 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇത് ഏറെ ആശങ്കാജനകമാണ്. ജില്ല സമ്പർക്ക വ്യാപനത്തിന്റെ പിടിയിലേക്കാണോ എന്നും ആശങ്കയുണ്ട്. ജാഗ്രത പാലിച്ചില്ലെങ്കിൽ ജില്ലയിൽ സമൂഹ വ്യാപന സാധ്യത ഏറെയെന്നു മന്ത്രി എ.കെ.ബാലനും മുന്നറിയിപ്പു നൽകിയിരുന്നു. വീട്ടു നിരീക്ഷണങ്ങൾ ലംഘിച്ചതു വഴിയുള്ള സമ്പർക്കം വഴിയാണ് 6 പേർക്കു രോഗം പടർന്നത്. ഇതേത്തുടർന്നു വീട്ടിനുള്ളിൽ പോലും നിരീക്ഷണ ലംഘനം പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. നി‍ർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കും.

ഇന്നലെ രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്

പാലക്കാട് ∙ ജില്ലയിൽ സമ്പർക്കം വഴി ഒരു ആരോഗ്യ പ്രവർത്തകയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ ഇന്നലെ ജില്ലയിൽ 5 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗബാധ. പുറമെ മുംബൈ, ബെംഗളൂരു, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 146 ആയി. ഇതിൽ പൂർണ ഗർഭിണികളായ 2 പേരെ കൂടുതൽ ചികിത്സാ സൗകര്യങ്ങൾക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

∙ മുംബൈയിൽനിന്നു മേയ് 14നു രാജധാനി എക്സ്പ്രസ് ട്രെയിനിൽ നാട്ടിലെത്തിയ അലനല്ലൂർ സ്വദേശി (23)
∙ മേയ് 21നു ബെംഗളൂരുവിൽ നിന്നെത്തിയ പാലക്കാട് അംബികാപുരം സ്വദേശി (23)
∙ മേയ് 26നു ദുബായിൽ നിന്നെത്തിയ തച്ചമ്പാറ സ്വദേശി (22)
∙ മേയ് 28നു കുവൈത്തിൽ നിന്നെത്തിയ കൊല്ലങ്കോട് സ്വദേശി (61) എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.


ജില്ലാ ആശുപത്രിയിൽ 5 പേർക്ക് കോവിഡ്; സുരക്ഷാ വീഴ്ച

പാലക്കാട് ∙ കോവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിൽ ഹെഡ്നഴ്സ് അടക്കം 5 പേർക്കു രോഗം ബാധിച്ചതിൽ സുരക്ഷാ വീഴ്ചയെന്നു പ്രാഥമിക നിഗമനം. നിരീക്ഷണ നി‍ർദേശങ്ങളിൽ ലംഘനം ഉണ്ടായോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. രോഗബാധിതരായ 3 നഴ്സുമാരും കോവിഡ് ഐസലേഷൻ വാ‍ർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റീനിലിരിക്കെയാണ് 3 പേർക്കും രോഗം സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ ഇസിജി ടെക്നീഷ്യനായ മലപ്പുറം സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം വീട്ടിലേക്കുള്ള യാത്രാമധ്യേയാണു രോഗവിവരം അറിയുന്നത്.

ഇതിലും സുരക്ഷാ വീഴ്ച സംഭവിച്ചതായാണു വിലയിരുത്തൽ. ഇന്നലെ രോഗം സ്ഥിരീകരിച്ചതും ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കാണ്. 5 പേ‍ർ രോഗബാധിതരായതോടെ ആശുപത്രിയിൽ അൻപതിലേറെ പേർ നിരീക്ഷണത്തിൽ പോകേണ്ടിവന്നു. ചിലർ നിർദേശങ്ങൾ ലംഘിച്ചെന്ന പരാതിയും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. ഇതേത്തുടർന്ന് ആരോഗ്യ പ്രവർത്തകർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിർദേശങ്ങളും വകുപ്പ് കർശനമാക്കി. ആരോഗ്യപ്രവർത്തകരിലെ രോഗബാധ വകുപ്പിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com