sections
MORE

പച്ചക്കറി ചാക്കിനടിയിൽ 1.75 കോടി രൂപ; പ്രതികളെ കുടുക്കിയത് ബിറ്റിയുടെ മിടുക്ക്

വാളയാറിൽ പൊലീസ് പിടികൂടിയ കുഴൽപണം.(ഇൻസെറ്റിൽ മീദീൻകുഞ്ഞ്, സലാം. )
വാളയാറിൽ പൊലീസ് പിടികൂടിയ കുഴൽപണം.(ഇൻസെറ്റിൽ മീദീൻകുഞ്ഞ്, സലാം. )
SHARE

വാളയാർ ∙ മിനിലോറിയിൽ പച്ചക്കറി ചാക്കിനടിയിൽ ഒളിപ്പിച്ചു കടത്തിയ 1.75 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി സഹോദരങ്ങൾ അറസ്റ്റിൽ. ആലുവ നാലാം മൈൽ മണിയൻപാറയിൽ മീദീൻകുഞ്ഞ് (52), സഹോദരൻ സലാം (41) എന്നിവരെയാണു ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവർ പണം കൈമാറുന്നവരാണെന്നും ഉറവിടം അന്വേഷിക്കാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കുന്ന പണം ആദായനികുതി വകുപ്പിനു കൈമാറും. പൊലീസിനൊപ്പം തന്നെ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റും തുടരന്വേഷണം നടത്തും. പച്ചക്കറി ചാക്കുകൾക്കടിയിൽ ബാഗിലാണു പണം സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ ഒരു കെട്ടും ബാക്കി 500 രൂപയുടെ കെട്ടുകളുമാണ്. കോയമ്പത്തൂർ വഴിയെത്തിച്ചതെന്നു കരുതുന്ന കുഴൽപണം ഇവിടെ നിന്ന് ഏജന്റ് മുഖേന വാങ്ങി ആലുവയിലേക്കാണു കൊണ്ടുപോയിരുന്നത്.

സ്ഥിരം പണം കടത്തുന്ന സംഘമാണെന്നും ലോക്ഡൗൺ മൂലം മറ്റു വഴികൾ അടഞ്ഞതോടെയാണു പച്ചക്കറി വാഹനത്തിൽ കടത്തിയതെന്നു സംശയിക്കുന്നു. അതേസമയം, കർശന പരിശോധന മറികടന്നു കോയമ്പത്തൂരിൽ പണമെത്തിച്ചതു സംശയത്തിനിടയാക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണെന്നു വാളയാർ സിഐ പി.എം.ലിബി അറിയിച്ചു.ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിനു ലഭിച്ച വിവരത്തെ തുടർന്നു ഡിവൈഎസ്പിമാരായ ആർ.മനോജ് കുമാർ,

എം.കെ.കൃഷ്ണൻ എന്നിവരുടെ നിർദേശപ്രകാരമാണു ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും പരിശോധനയ്ക്കിറങ്ങിയത്. വാളയാർ സിഐ പി.എം.ലിബി, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ വി.ജയകുമാർ, ടി.ആർ.സുനിൽകുമാർ, സീനിയർ സിപിഒ വിജയാനന്ദ്, സിപിഒമാരായ എച്ച്.ഷാജഹാൻ, ആർ.രാജീദ്, രാജീവ്, ഫെലിക്സ്, ശിവദാസൻ, വിനിഷ്, ഷിബു, പ്രിൻസ് എന്നിവരാണു പരിശോധനയിൽ പങ്കെടുത്തത്.

പ്രതികളെ കുടുക്കിയത് ബിറ്റിയുടെ മിടുക്ക്

വാളയാർ ∙ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനൊപ്പമുണ്ടായിരുന്ന പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബിറ്റിയുടെ പരിശോധന മികവാണു പ്രതികളെ കുടുക്കിയത്. വാഹനത്തിനു മുകളിൽ ടാർപായ വലിച്ചു കെട്ടിയിരുന്നു. ഇതിനടിയിൽ പച്ചക്കറിച്ചാക്കിനും താഴെയാണു ബാഗും പണവും സൂക്ഷിച്ചിരുന്നത്. ബിറ്റി ചാക്കുകൾക്കടിയിൽ കയറി പരിശോധിക്കുന്നതിനിടെയാണു ബാഗും നോട്ടുകെട്ടുകളും കണ്ടെത്തിയത്.

കോവിഡ് നിയന്ത്രണത്തിൽ പരിശോധന മറികടന്നു പണം കടത്താമെന്നായിരുന്നു ഇവർ ഉദ്ദേശിച്ചിരുന്നത്. കോവിഡ് ജാഗ്രതയും സുരക്ഷയും മുന്നിൽക്കണ്ടു കഴിഞ്ഞ ഒന്നര മാസത്തോളമായി പരിശീലനം നേടിയ പൊലീസ് നായ ബിറ്റിയും ലഹരി വിരുദ്ധ സ്ക്വാഡിനൊപ്പമുണ്ടായിരുന്നു. നേരത്തെ പുകയില ഉൽപന്നങ്ങളും ലഹരി പദാർഥങ്ങളും പിടികൂടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA