ADVERTISEMENT

പാലക്കാട് ∙ കഞ്ചിക്കോട് ട്രെയിൻ തട്ടി മരിച്ച 3 അതിഥിത്തൊഴിലാളികളുടെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും. ദുരൂഹതയില്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒരാളുടെ മൃതദേഹം വിട്ടുകൊടുക്കാതെ അതിഥിത്തൊഴിലാളികൾ മണിക്കൂറുകളോളം പ്രതിഷേധിച്ചു. പാലക്കാട് ഐഐടി ക്യാംപസിലെ നിർമാണ പ്രവൃത്തികൾക്കായി കരാർ കമ്പനി എത്തിച്ച ജാർഖണ്ഡ് പലമു സ്വദേശികളായ നാരായൺ കുമാ‍ർ (25), കൻഹായി വിശ്വകർമ (21), അർവിന്ദ് കുമാ‍ർ (20) എന്നിവരെ ക്യാംപസിന്റെ സമീപത്തു റെയിൽവേ ട്രാക്കിൽ തിങ്കൾ രാത്രി പത്തരയോടെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

നാരായൺ കുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടു പേരെയും ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. രാത്രി സ്ഥലത്തെത്തിയ പൊലീസിനെയും അഗ്നിരക്ഷാസേനയെയും മറ്റും തൊഴിലാളികൾ ആക്രമിച്ചു. വാഹനങ്ങൾ തകർത്തു. കൊലപാതകമാണെന്ന് ആരോപിച്ച ഇവർ നാരായൺ കുമാറിന്റെ മൃതദേഹം വിട്ടുനൽകാൻ തയാറായില്ല. ഇന്നലെ രാവിലെയും പ്രതിഷേധം തുടർന്നു.  ആദ്യം കൊലപാതകം ആരോപിച്ച തൊഴിലാളികൾ, പിന്നീട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

ആർഡിഒ പി.കാവേരിക്കുട്ടി, ഡിവൈഎസ്പി ആർ.മനോജ്കുമാർ എന്നിവർ നിയമപരമായ സഹായം ഉറപ്പു നൽകിയെങ്കിലും പ്രതിഷേധം അയഞ്ഞില്ല. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 4 പേരെ പൊലീസ് തിരികെ ക്യാംപിലെത്തിച്ചിട്ടും ഫലമുണ്ടായില്ല. കൂടുതൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികളിലേക്കു നീങ്ങിയതോടെയാണു തൊഴിലാളികൾ മൃതദേഹം വിട്ടുകൊടുത്തത്. പോസ്റ്റ്മോർട്ടത്തിനു മുൻപ് ഇന്നു കോവിഡ് പരിശോധന നടത്തും. ഇതിനിടെ, ഒട്ടേറെ അതിഥിത്തൊഴിലാളികൾ തങ്ങളെ നാട്ടിലെത്തിക്കണമെന്നും ആർഡിഒയോട് ആവശ്യപ്പെട്ടു. 

  കഞ്ചിക്കോട് ട്രെയിനിടിച്ചു മരിച്ച അർവിന്ദ് കുമാർ, നാരായൺ കുമാർ, കൻഹായി വിശ്വകർമ.
കഞ്ചിക്കോട് ട്രെയിനിടിച്ചു മരിച്ച അർവിന്ദ് കുമാർ, നാരായൺ കുമാർ, കൻഹായി വിശ്വകർമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com