ADVERTISEMENT

ഒറ്റപ്പാലം ∙ ലോക്ഡൗണിലായ നാളുകളിൽ ഓട്ടം തുടങ്ങിയതാണു സുധീഷ്. കോവിഡ് പ്രതിരോധ രംഗത്തു മാസങ്ങൾ താണ്ടിയിട്ടും ഈ സന്നദ്ധ സേവകന്റെ സന്മനസ്സ് ഓട്ടം തുടരുന്നു. പുലാച്ചിത്ര പുലാശ്ശേരി സുധീഷ് (27) വാണിയംകുളം പഞ്ചായത്തിനു കീഴിലെ ക്വാറന്റീൻ കേന്ദ്രത്തിന്റെ നെടുംതൂണാണ്. സംസ്ഥാനത്തു തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിൽ ശേഷിക്കുന്ന അപൂർവം ക്വാറന്റീൻ കേന്ദ്രങ്ങളിൽ ഒന്നാണിത്. സന്മനസ്സോടെ ഇങ്ങനെയൊരാൾ ഉള്ളതാണു ക്വാറന്റീനിൽ കഴിയാൻ വീട്ടിൽ സൗകര്യമില്ലാത്തവർക്കായി ഈ കേന്ദ്രം നിലനിർത്താൻ പ്രേരണയും ആത്മവിശ്വാസവുമെന്നു പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. കൃഷ്ണകുമാർ പറഞ്ഞു.

ക്വാറന്റീനിൽ കഴിയുന്നവർക്കു ഭക്ഷണവും വെള്ളവും പ്രതിരോധ മരുന്നുമൊക്കെ യഥാസമയം എത്തിച്ചുകൊടുക്കുന്നതും, ഓരോരുത്തരുടെയും നിരീക്ഷണ കാലാവധിക്കു മുൻപു മുറികൾ വൃത്തിയാക്കുന്നതും ആളൊഴിയുന്ന മുറയ്ക്ക് അണുവിമുക്തമാക്കുന്നതും സുധീഷാണ്. രാത്രി വിമാനമിറങ്ങി വരുന്നവർക്കായി ചില ദിവസങ്ങളിൽ ഉറങ്ങാതെ കാത്തിരുന്നിട്ടുണ്ട്. പ്രവാസി മലയാളികൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്കുമായി മേയ് 8നു തുടങ്ങിയ കേന്ദ്രം ഇതിനകം നൂറിലേറെപ്പേർക്കു തുണയായി.

ഇപ്പോൾ, സമ്പർക്കമുണ്ടായവരെയും ഇവിടെ പാർപ്പിക്കുന്നുണ്ട്. പഞ്ചായത്തിലെ യൂത്ത് കോഓർഡിനേറ്ററും ആയുഷ് ഗ്രാമം പദ്ധതിയുടെ പ്രവർത്തകനുമാണു സുധീഷ്. സമൂഹ അടുക്കളയിലെ ഭക്ഷണം എത്തിക്കുന്ന ദൗത്യവുമായാണ് ഓട്ടം തു‌ടങ്ങിയത്. ആദ്യനാളുകളിൽ കൂടെയുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരിൽ പലരും പിരിഞ്ഞുപോയി. ക്വാറന്റീൻ കേന്ദ്രത്തിലെ സേവനത്തിനു പുറമേ, ആരോഗ്യവകുപ്പിന്റെ പുനർജനി പദ്ധതിയുടെ പ്രതിരോധമരുന്നു വിതരണവും ഏറ്റെടുത്തിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com