ADVERTISEMENT

ചെർപ്പുളശ്ശേരി ∙ നാലു പതിറ്റാണ്ടിലേറെയായി ഒരു നാടിന്റെ പ്രൗഢിയും അഭിമാനവുമായി കിഴൂർ നീർപ്പാലം. കൂനൻ മലനിരകളുടെ താഴ്‌വാരത്തു പനങ്കൂട്ടങ്ങളുടെയും പാടത്തിന്റെയും പച്ചപ്പിൽ ഹൃദയം തളിർക്കുന്ന കാഴ്ചയായി വിസ്മയിപ്പിക്കുന്ന പാലത്തിന് കാർഷിക സംസ്കൃതിയുടെ പെരുമയും സിനിമകളുടെ വെള്ളിത്തിളക്കവുമുണ്ട്.

1980ൽ കാർഷിക ആവശ്യത്തിനു വേണ്ടി നിർമിച്ചതാണ് ഈ നീർപ്പാലം. താഴെ കനാലും മീതെ വാഹനം പോകുന്നതിനുള്ള റോഡും ചേർത്താണു പാലം നിർമിച്ചിരിക്കുന്നത്. പാലത്തിനു ചുറ്റും നെൽക്കൃഷിയും വിവിധ തരം പച്ചക്കറി കൃഷിയുമുണ്ട്. കാർഷിക ആവശ്യത്തിന് യഥേഷ്ടം വെള്ളം ലഭിക്കുന്നതുകൊണ്ടു നീർപ്പാലത്തിനു ചുറ്റുമുള്ള കൃഷിയിടങ്ങൾ വിവിധ വിളകളാൽ സമൃദ്ധമായി.

ഈയിടെ എള്ളുകൃഷിയും ഇവിടെ പരീക്ഷിച്ചു വിജയിച്ചു. ശാസ്ത്രീയമായി കൃഷിക്ക് പ്രയോജനപ്പെടും വിധം പാലം നിർമിച്ചതു കാരണം 40 വർഷവും ഈ ഭാഗത്തെ കർഷകർക്കു നിരാശപ്പെടേണ്ടി വന്നില്ല. സൗന്ദര്യത്തെക്കുറിച്ചു കേട്ടറിഞ്ഞ് സിനിമകളും ഇവിടേക്കെത്തി. അങ്ങനെ ഒട്ടേറെ ഹിറ്റ് സിനിമകളിലും കിഴൂർ നീർപ്പാലം മുഖം കാണിച്ചു. 

മോഹൻലാലിന്റെ ആറാംതമ്പുരാൻ, രജനീകാന്തിന്റെ ‘മുത്തു’, ദിലീപിന്റെ ഈ പുഴയും കടന്ന്, ജയറാമിന്റെ കാരുണ്യം തുടങ്ങി ഒട്ടേറെ മലയാളം–തമിഴ് സിനിമകളും നൂറുകണക്കിന് സീരിയലുകളും ആൽബങ്ങളും നീർപ്പാലത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. കിഴൂർ നീർപ്പാലം ഇടയ്ക്കിടെ സിനിമയിൽ വന്നതുകൊണ്ട് നാട്ടുകാർ ഇതിനെ ‘സിനിമാപ്പാലം’ എന്നും വിളിക്കാൻ തുടങ്ങി.

പാലവും പ്രകൃതി ഭംഗിയും കാണാൻ അവധി ദിവസങ്ങളിലും മറ്റും ഒട്ടേറെപ്പേർ ഇവിടെ എത്തുന്നുണ്ട്. കിഴൂർ പണിക്കർക്കുന്നിലെ അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ല ഇവിടേക്ക്. ഇക്കോടൂറിസം കേന്ദ്രം കാണാനെത്തുന്നവരിൽ ഭൂരിഭാഗവും നീർപ്പാലത്തിലും എത്തിയിരുന്നു. കോവിഡ് കാലമായതിനാൽ പാലത്തിൽ ഇപ്പോൾ ആൾത്തിരക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com