ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. മാർച്ച് 24നാണു ജില്ലയിൽ ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ വരെ 20,020 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 13,012 പേർ രോഗമുക്തി നേടി. ഔദ്യോഗികമായി 40 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6773 പേർ ചികിത്സയിൽ തുടരുന്നു. ഭൂരിഭാഗം പേരും വീട്ടുനിരീക്ഷണത്തിലുള്ള ചികിത്സയിലാണ്. നിലവിൽ ഒട്ടും ആശ്വാസകരമല്ല ജില്ലയുടെ സ്ഥിതി. കോവിഡ് വ്യാപനം തീവ്രമാണ്.

എവിടെ നിന്നും ആരിൽ നിന്നും രോഗം പടരാവുന്ന സ്ഥിതിയാണ്. തീവ്രപരിചരണം വേണ്ടവരുടെ എണ്ണം അനുദിനം ഉയരുന്നത് ആശങ്കയായി തുടരുന്ന സാഹചര്യത്തി‍ൽ ഇവർക്കായി കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി. 90% രോഗവ്യാപനവും സമ്പർക്കം വഴിയാണ്. ഉറവിടം അറിയാത്ത കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതു സാമൂഹിക വ്യാപനത്തിന്റെ തെളിവാണ്. ഇതോടൊപ്പം മരണ നിരക്കും ഉയരുകയാണ്. 20,000 പേർക്കു രോഗം സ്ഥിരീകരിച്ചതിൽ 40 മരണവും ഉണ്ട്. ആശങ്കപ്പെടുത്തുന്ന കണക്കാണിത്.

എല്ലാ തലത്തിലും പരിശോധന

കോവിഡ് ബാധിതരെ കണ്ടെത്തി ഉടൻ നിരീക്ഷണത്തിലാക്കി മറ്റുള്ളവരിലേക്കുള്ള രോഗ വ്യാപനം നിയന്ത്രിക്കാൻ സാംപിൾ പരിശോധനാ രീതിയിൽ മാറ്റം വരുത്തി ജില്ല. പതിവു പരിശോധനകൾക്കു പകരം 10 വിഭാഗങ്ങളാക്കി തിരിച്ച് സമൂഹത്തിന്റെ എല്ലാതലത്തിൽ നിന്നും പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കും. അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ പരിശോധന നടത്തും. ഇത്തരത്തിൽ വികേന്ദ്രീകൃത പരിശോധന വഴി കോവിഡ് വ്യാപന മേഖലകൾ കണ്ടെത്തി പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തും. പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ് കിയോസ്കുകളും ആരംഭിക്കും. നിലവിൽ സമ്പർക്കപ്പട്ടികയ്ക്കു പ്രാമുഖ്യം നൽകിയാണു പ്രധാന പരിശോധന. 

കൂടുതൽ ആശുപത്രികൾ

കോവിഡ് ചികിത്സയ്ക്ക് ജില്ലയിൽ കൂടുതൽ ആശുപത്രികൾ സജ്ജമാക്കും. നിലവിൽ ജില്ലാ ആശുപത്രിയിൽ മാത്രമാണു വിദഗ്ധ ചികിത്സ നൽകുന്നത്. തീവ്രപരിചരണം വേണ്ട കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ മാങ്ങോട് മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയാക്കി വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കിത്തുടങ്ങി. കിൻഫ്ര പാ‍ർക്കിലുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ബി, സി വിഭാഗത്തിലുള്ള കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചുതുടങ്ങി. ഇവിടെ ജനറൽ ഫിസിഷ്യൻ അടക്കമുള്ള ഡോക്ടർമാരെയും നിയമിച്ചു. കോവിഡ് ബാധിതരാകുന്ന ഗർഭിണികളെ പ്രവേശിപ്പിക്കാൻ പ്രത്യേക കോവിഡ് ആശുപത്രിക്കും ശുപാർശയുണ്ട്.

ഇന്നലെ 648

covid-19

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 648 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 434 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 187 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 17 പേർ ആരോഗ്യ പ്രവർത്തകരാണ്. 10 പേർ വിദേശത്തു നിന്നെത്തിയവരാണ്. ഇതര സംസ്ഥാനത്തു നിന്നെത്തിയ 10 പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 322 പേർക്കു രോഗമുക്തിയുണ്ട്.

കോവിഡ് പോസിറ്റീവ്

∙ അഗളി 4 ∙ അകത്തേത്തറ 10 ∙ അലനല്ലൂർ 9 ∙ ആലത്തൂർ 9 ∙ അമ്പലപ്പാറ 13 ∙ ആനക്കര 3 ∙ അയിലൂർ 4 ∙ മണ്ണാർക്കാട് 4 ∙ ചാലിശ്ശേരി 2 ∙ ചെർപ്പുളശ്ശേരി 26 ∙ ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ 3 ∙ എലപ്പുള്ളി 2 ∙ എരിമയൂർ 2 ∙ കടമ്പഴിപ്പുറം 2 ∙ കാഞ്ഞിരപ്പുഴ 5 ∙ കണ്ണമ്പ്ര 4 ∙ കാരാകുറുശ്ശി 7 ∙ കരിമ്പ 7 ∙ കാവശ്ശേരി 7 ∙ കിഴക്കഞ്ചേരി 3 ∙ കേരളശ്ശേരി 3 ∙ കൊടുമ്പ് 2 ∙ കൊടുവായൂർ 9 ∙ കൊല്ലങ്കോട് 5 ∙ കോങ്ങാട് 27

∙ കൊപ്പം 10 ∙ കോട്ടായി 6 ∙ കുലുക്കല്ലൂർ 6 ∙ കുമരംപുത്തൂർ 8 ∙ കുഴൽമന്ദം 5 ∙ മങ്കര 17 ∙ മേലാർകോട് 2 ∙ മുണ്ടൂർ 3 ∙ മുതലമട 4 ∙ മുതുതല 18 ∙ നാഗലശ്ശേരി 18 ∙ നെല്ലായ 8 ∙ നെന്മാറ 20 ∙ ഓങ്ങല്ലൂർ  21 ∙ ഒറ്റപ്പാലം 58 ∙ പാലക്കാട് നഗരസഭ സ്വദേശികൾ 45 ∙ പല്ലശ്ശന 3 ∙ പറളി 18 ∙ പരുതൂർ 5 ∙ പട്ടാമ്പി 19 ∙ പെരുവെമ്പ് 3 ∙ പിരായിരി 13 ∙ പൊൽപ്പുള്ളി 6 ∙ പൂക്കോട്ടുകാവ് 4 ∙ പുതുനഗരം 13 ∙ പുതുപ്പരിയാരം 35 ∙ പുതുശ്ശേരി 21 ∙ പുതുക്കോട് 6 ∙ തച്ചമ്പാറ 3 ∙ തച്ചനാട്ടുകര 2 ∙ തെങ്കര 2 ∙ തേങ്കുറുശ്ശി 9 ∙ തിരുമിറ്റക്കോട് 3 ∙ തിരുവേഗപ്പുറ 6 ∙ തൃത്താല 19 ∙ വടക്കഞ്ചേരി 16 ∙ വല്ലപ്പുഴ 2 ∙ വണ്ടാഴി 4 ∙ അനങ്ങനടി, കണ്ണാടി, കപ്പൂർ, മലമ്പുഴ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പട്ടിത്തറ, പുതൂർ, ഷൊർണൂർ, ശ്രീകൃഷ്ണപുരം, തരൂർ, തൃക്കടീരി, വടവന്നൂർ സ്വദേശികൾ– ഒരാൾ വീതം.

കോവിഡ് പ്രതിരോധത്തിനു സെക്ടറൽ മജിസ്ട്രേട്ടുമാർ; 827 പേർക്കെതിരെ കേസ് 

പാലക്കാട് ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട സെക്ടറൽ മജിസ്ട്രേട്ടുമാരുടെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധന നടത്തി. 827 നിയമ ലംഘനങ്ങൾ കയ്യോടെ പിടികൂടി. പൊതുനിരത്തി‍ൽ തുപ്പിയതിന് 12 പേർക്കെതിരെ കേസെടുത്തു.  271 പേർ ശരിയായ രീതിയിൽ മാസ്ക് ധരിച്ചിരുന്നില്ല.

ശാരീരിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കടകൾക്കുള്ളിൽ ഇടപഴകിയ 118 കേസുകൾ കണ്ടെത്തി. 251 സ്ഥാപനങ്ങൾ സന്ദർശന റജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല.  കടകളിൽ കൂട്ടംകൂടി നിന്നതിന് 125 കേസുകളെടുത്തു. നിയമ ലംഘനങ്ങൾക്കു സർക്കാർ നിശ്ചയിച്ച പിഴ ഈടാക്കും. സെക്ടറൽ മജിസ്ട്രേട്ടുമാർ ഒരു പഞ്ചായത്തിൽ ദിവസേന 20 സ്ഥലങ്ങളിലെങ്കിലും പരിശോധന നടത്തണമെന്നാണു നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com