ADVERTISEMENT

ചെർപ്പുളശ്ശേരി ∙ കാൽപ്പന്തുകളിയുടെ കളിത്തൊട്ടിലായ നെല്ലായയ്ക്ക് ഇനി രാജകീയ കളിക്കളം. നെല്ലായ പഞ്ചായത്തിന്റെയും കുലുക്കല്ലൂർ പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന മാരായമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണു രാജ്യാന്തര നിലവാരത്തിലുള്ള 62 മീറ്റർ നീളവും 42 മീറ്റർ വീതിയും ഉള്ള ഫ്ലഡ് ലിറ്റ് സ്റ്റാൻഡേഡ് സെവൻസ് ടർഫ് കോർട്ട് ഒരുങ്ങുന്നത്. 

സർക്കാർ പദ്ധതി  പ്രകാരം നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ കളിക്കളമാണിത്. ഗവ.സ്കൂൾ തലത്തിൽ നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ കളിക്കളവും മാരായമംഗലം സ്കൂളിനു സ്വന്തം. ജില്ലാ പഞ്ചായത്ത് 2019–20 വർഷത്തിൽ അനുവദിച്ച 1.26കോടി രൂപ ചെലവിട്ട് മേയ് ഒന്നിന് ആരംഭിച്ച കളിക്കളത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ് ഇപ്പോൾ. ആധുനിക രീതിയിലുള്ള എല്ലാ സൗകര്യവും ഇവിടെയുണ്ടാകും. പ്രത്യേകിച്ച് ഡ്രെയ്നേജ്. മഴ പെയ്താൽ പെട്ടെന്ന് മൈതാനിയിൽ നിന്ന് വെള്ളം ഒഴിവാകുന്ന രീതിയാണ് ഒരുക്കിയിരിക്കുന്നത്. 

മൈതാനം ലെവൽ ചെയ്തതിനു ശേഷം ഒന്നര ഇഞ്ച് മെറ്റലും മുക്കാൽ ഇ‍ഞ്ച് മെറ്റലും 6 എംഎം മെറ്റലും പിന്നീട് തരിച്ച പാറപ്പൊടിയും ഇട്ടതിനു ശേഷമാണ് ടർഫ് വിരിച്ചത്. ടർഫ് വിരിക്കലിന്റെയും ലൈറ്റ് ഘടിപ്പിക്കാനുള്ളതിന്റെയും അവസാന പണികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഫ്ലഡ് ലിറ്റ് ഘടിപ്പിക്കുന്നതിനായി ഗോൾ പോസ്റ്റുകൾക്കു പിന്നിൽ 8 വീതവും മറ്റു രണ്ടു വശങ്ങളിൽ 15 വീതവും പില്ലറുകൾ സ്ഥാപിച്ചു. മൈതാനത്തിന്റെ നാലു ഭാഗവും നൈലോൺ വലയും സ്ഥാപിക്കുന്നതോടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകും. 

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.സുധാകരനും ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ശാന്തകുമാരിയും മുൻകൈ എടുത്താണ് മാരായമംഗലം സ്കൂളിൽ ഈ കോർട്ട് ഒരുക്കുന്നത്. ഫുട്ബോളിൽ താൽപര്യവും കഴിവും ഉള്ള കുട്ടികൾക്കും വരും തലമുറകൾക്കും കായിക സംസ്കാരം വളർത്തിയെടുക്കുന്നതിൽ വലിയ നാഴികക്കല്ലാവും ഈ കളിക്കളം. കളിക്കളം ഒരുങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് മാരായമംഗലം ഗ്രാമം. 

കുട്ടികൾ വലിയ സന്തോഷത്തിലാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ കളിക്കളത്തിൽ പന്തു തട്ടാൻ കഴിയില്ലെന്ന ആശങ്കയും നിരാശയും കുട്ടികൾക്കുണ്ട്. കോവിഡ് കാലം കഴിയുന്നതോടെ വല്ലപ്പുഴയിലെയും നെല്ലായയിലെയും ചെർപ്പുളശ്ശേരിയിലെയും കളിക്കാർക്കു പുറമെ സംസ്ഥാനത്തെ ഫുട്ബോൾ കളിയിലെ പേരെടുത്ത പ്രമുഖരും ഈ കളിക്കളത്തിലെത്തി ബൂട്ടണിയുന്നതും ഗോൾവല ചലിപ്പിക്കുന്നതും  കാത്തിരിക്കുകയാണ് സ്ത്രീകളുൾപ്പെടെയുള്ള ഫുട്ബോൾ പ്രേമികൾ. 26ന് രാവിലെ 10ന് മന്ത്രി എ.കെ.ബാലൻ  കോർട്ട് ഉദ്ഘാടനം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com