ADVERTISEMENT

കൊല്ലങ്കോട് ∙ എൽഡിഎഫും യുഡിഎഫും വിജയിച്ചിട്ടുള്ള കൊല്ലങ്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ഇത്തവണത്തെ പോരാട്ടം കടുക്കും. കാരണം, സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലങ്ങളാണു കൊല്ലങ്കോട് ഡിവിഷനിൽ. കൊല്ലങ്കോട്, മുതലമട, വടവന്നൂർ പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുന്നതാണു ജില്ലാ പഞ്ചായത്ത് ഡിവിഷൻ. 2015ൽ കൊല്ലങ്കോടും മുതലമടയും എൽഡിഎഫ് വിജയിച്ചു. വടവന്നൂരിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും യുഡിഎഫ് ഭരണം നിലനിർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പി‍ൽ പഞ്ചായത്ത് അംഗങ്ങളുടെ എണ്ണത്തിൽ കൊല്ലങ്കോട്ടും വടവന്നൂരിലും ബിജെപിയാണു രണ്ടാം സ്ഥാനത്ത് എത്തിയത്. മുതലമടയിലും 4 അംഗങ്ങളുണ്ട്. അതിനാൽ ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിപ്പാടം, ഗോവിന്ദാപുരം, കാമ്പ്രത്ത്ചള്ള, പയ്യല്ലൂർ, കൊല്ലങ്കോട് ടൗൺ, പട്ടത്തലച്ചി എന്നീ ഡിവിഷനുകൾ കൊല്ലങ്കോടിന്റെ ഭാഗമാണ്. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയായിരുന്ന ശാരദ തുളസീദാസ് സിപിഎം അവഗണനയിൽ പ്രതിഷേധിച്ചു കോൺഗ്രസിലെത്തുകയും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയാവുകയും ചെയ്തതോടെ എൽഡിഎഫിനും യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇത്തവണ.

എൽഡിഎഫ്

ശാലിനി കറുപ്പേഷ് (49)– കർഷക സംഘം ജില്ലാ കമ്മിറ്റി അംഗവും പാലക്കോട് ബ്രാഞ്ച് സെക്രട്ടറിയുമാണ്. കൊല്ലങ്കോട് പഞ്ചായത്ത് അധ്യക്ഷയായിരുന്നു. 2 തവണ പഞ്ചായത്തിലേക്കു മത്സരിച്ചതിൽ ഒരു തവണ പരാജയപ്പെട്ടു.

യുഡിഎഫ്

ശാരദ തുളസീദാസ് (49)– കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. പാർട്ടിയുടെ അവഗണനയിൽ പ്രതിഷേധിച്ചു കോൺഗ്രസിലെത്തി. മുൻപ് മുതലമട പഞ്ചായത്ത് അംഗമായിരുന്നു.

എൻഡിഎ

കവിതാ പ്രവീൺ (43)– ബിബിഎ, എൽഎൽബി ബിരുദധാരി. വിശ്വഹിന്ദു പരിഷത് കൊല്ലങ്കോട് ജില്ലാ സദ്സംഘ പ്രമുഖും സേവാഭാരതി കൊല്ലങ്കോടിന്റെ ജോ. സെക്രട്ടറിയുമായ പ്രവീൺ നീലനത്ത് ആണു ഭർത്താവ്.

2015ൽ ഇങ്ങനെ
∙പി.കെ. സന്തോഷ് കുമാർ (സിപിഎം)– 17,463
∙കെ.എം. ഫെബിൻ (കോൺഗ്രസ്)– 15, 710
∙ജി. പ്രമോദ് കുമാർ (ബിജെപി)– 9884
∙എ. ഹുസൈനാർ (എസ്ഡിപി സ്വത.)– 839
∙പി.കെ. ബാലൻ (എഎപി)– 715
∙മുരുകൻ (വെൽഫെയർ)– 562
∙ഭൂരിപക്ഷം– 1753

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com