ADVERTISEMENT

കഞ്ചിക്കോട് ∙ തമിഴ്നാട് സ്വദേശിയുടെ കൊലപാതകത്തിൽ ദിവസങ്ങൾക്കകം മുഴുവൻ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവ്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കേസിലെ ഒന്നും രണ്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയത് എതിർത്തതിനെ തുടർന്നാണ് കോയമ്പത്തൂർ സ്വദേശിയായ മൂർത്തിയെ പ്രതികളായ നാലംഗ സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ആക്രി കച്ചവടക്കാരനായ മൂർത്തി അന്തിയുറങ്ങുന്ന പൂട്ടിയിട്ട കമ്പനി പരിസരത്ത് മദ്യപിക്കാൻ ഇവർ എപ്പോഴും എത്താറുണ്ട്. സംഭവം നടന്ന 24ന് മൂർത്തിയും ഇവർക്കൊപ്പം മദ്യപിച്ചു.

പ്രതികൾ ബഹളം വച്ചതോടെ മൂർത്തി എതിർത്തു. ഇതോടെയാണ് 4 പേരും മൂർത്തിക്കെതിരെ തിരിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന മരക്കൊമ്പ് പൊട്ടിച്ചും ഇഷ്ടികക്കൊണ്ടും മൂർത്തിയെ ഇവർ അതിക്രൂരമായി ആക്രമിച്ചു. മൂർത്തി വീണതോടെ 4 പേരും സ്ഥലം വിട്ടു. ആക്രമിക്കാൻ ഉപയോഗിച്ച ഇഷ്ടികകളും മരച്ചില്ലകളും ഇവർ മാറ്റി. മരണം നടന്ന സ്ഥലത്ത് പൊലീസെത്തിയപ്പോൾ സംശയാസ്പദമായ സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

മൂർത്തിയുടെ ശരീരത്തിൽ മുറിവുകളും കണ്ടിരുന്നില്ല. സാധാരണ വീണ് മരിച്ച അവസ്ഥയിലാണ് മൃതദേഹം കിടന്നിരുന്നത്. രാത്രി ബഹളം കേട്ടെന്നു പരിസരവാസികളുടെ മൊഴിയും തുടർന്നുള്ള പരിശോധനയിലും ആക്രമണം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ഒരാളുടെ വിരലടയാളം സ്ഥലത്ത് നിന്ന് ലഭിക്കുകയും ചെയ്തതോടെ പ്രതികൾ പിടിയിലായി. പ്രതികൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഒന്നാം പ്രതി ലോകനാഥൻ പോക്സോ കേസിൽ പ്രതിയാണ്.

തമിഴ്നാട് സ്വദേശിയുടെ മരണം: മൂന്നു പേർ അറസ്റ്റിൽ

പാലക്കാട് ∙ കഞ്ചിക്കോട്‌ വ്യവസായമേഖലയിൽ പൂട്ടിക്കിടന്ന കമ്പനി പരിസരത്തു തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. സംഭവത്തിൽ കഞ്ചിക്കോട് സ്വദേശികളായ 3 പേരെ വാളയാർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേക്കാട് ഇഞ്ചിത്തോട്ടം ലോകനാഥൻ (മനോജ് – 23), ആലാമരം ശിവാജിനഗർ ഗിരീഷ്‌കുമാർ (25), പാമ്പാംപള്ളം അഭിജിത് (18) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നു ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള സുജിത് ദാസ് അറിയിച്ചു. ലോകനാഥൻ പോക്സോ കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 24നാണു കോയമ്പത്തൂർ സ്വദേശി മൂർത്തിയെ (55) മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്കു പരുക്കേറ്റതായും കണ്ടെത്തി. ആക്രിക്കച്ചവടക്കാരനായ മൂർത്തി 5 വർഷമായി ഈ കമ്പനി പരിസരത്താണു താമസിച്ചിരുന്നത്. സംഘം ഇവിടെ മദ്യപിക്കാനെത്തിയതു മൂർത്തി തടഞ്ഞതിന്റെ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമത്രേ. പട്ടികക്കഷണം കൊണ്ടുള്ള അടിയേറ്റാണു മരണം. സിസിടിവി ദൃശ്യങ്ങളും സമീപവാസികൾ നൽകിയ വിവരങ്ങളുമാണു പ്രതികളെ കുടുക്കിയത്.

ഡിവൈഎസ്‌പി പി.ശശികുമാർ, വാളയാർ ഇൻസ്പെക്ടർ കെ.സി.വിനു, എസ്‌ഐ സി.ജീസ് മോൻ, എഎസ്ഐമാരായ എ.അനൂപ്, കെ.ശിവദാസ്, സിപിഒമാരായ എം.ഷാജഹാൻ, സി.ഷിബു, ടി.ഫെലിക്സ്, ഡാൻസാഫ്‌ അംഗങ്ങളായ എസ്‌ഐ കെ.ജലീൽ, എഎസ്ഐ എം. സുനിൽകുമാർ, എം.അലി, ആർ.കിഷോർ, റഹീം മുത്തു, ആർ.രാജിദ്, ആർ.വിനീഷ്, കെ.അഹമ്മദ് കബീർ, എസ്.ഷമീർ, കെ.ദിലീപ്, എസ്.ഷാനോസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com