ADVERTISEMENT

പാലക്കാട് ∙ ബിജെപിക്ക് ഇനി പാലക്കാട് നഗരസഭ ധൈര്യമായി ഭരിക്കാം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന ബലത്തിൽ അഞ്ചു വർഷം ഭരിച്ച പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ തുടർഭരണം. ബിജെപിയുടെ തേരോട്ടത്തിൽ കോൺഗ്രസിനും മുസ്‌ലിം ലീഗിനും സിപിഎമ്മിനും അടിപതറി. 52 അംഗ നഗരസഭയിൽ 28 സീറ്റാണ് ബിജെപി ഒറ്റയ്ക്കു നേടിയത്.

വിജയനിമിഷം: ബിജെപി ജില്ലാ പ്രസിഡന്റും പാലക്കാട് നഗരസഭ 13ാം വാർഡിലെ വിജയിയുമായ ഇ. കൃഷ്ണദാസ്, 12ാം വാർഡിൽ നിന്നു ജയിച്ച മുൻ നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, മുൻ നഗരസഭാ ഉപാധ്യക്ഷൻ സി.കൃഷ്ണകുമാർ, 18ാം വാർഡിൽ നിന്നു ജയിച്ച മിനി കൃഷ്ണകുമാർ തുടങ്ങിയവർ വിജയമറിഞ്ഞു വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട് നഗരസഭയുടെ പുറത്തു വന്നു പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ

കഴിഞ്ഞ ഭരണസമിതിയിൽ കേവല ഭൂരിപക്ഷം ഇല്ലാത്തതിന്റെ പേരിൽ ഭരണം നിരന്തരം പ്രതിസന്ധിയിലായിരുന്നു. അവിശ്വാസ പ്രമേയവും വന്നു. അമൃത് പദ്ധതി പൂർത്തിയാക്കാത്തതിന്റെ പേരിൽ എതിരാളികൾ ഉന്നയിച്ച ആരോപണത്തിനു ബിജെപി പറഞ്ഞ മറുപടി, ഇരുമുന്നണികളും ഒത്തുചേർന്നു തടസ്സപ്പെടുത്തുന്നു എന്നതായിരുന്നു. ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് പി.സാബു, നിയോജകമണ്ഡലം പ്രസിഡന്റ് പി.സ്മിതേഷ്, സംസ്ഥാന സമിതി അംഗം പ്രമീളാ ശശിധരൻ ഉൾപ്പെടെ ബിജെപി നേതാക്കളെല്ലാം വിജയിച്ചു.

നഗരസഭയിൽ വിജയം  ഉറപ്പിക്കാൻ ആർഎസ്എസ് പ്രത്യേക സംഘത്തെ തന്നെ നിയമിച്ചിരുന്നു. പാർട്ടിക്കുളളിലെ ആശയവിനിമയം ശക്തിപ്പെടുത്തിയത് ഇവരാണ്. ബിജെപി സംസ്ഥാന സഹസംഘടനാസെക്രട്ടറിക്കായിരുന്നു ആസൂത്രണത്തിന്റെ ചുമതല. ആർഎസ്എസ്. വിഭാഗം സേവാപ്രമുഖ് കെ.സുധീർ, വിഭാഗ് പ്രചാർപ്രമുഖ് എം.ഉണ്ണികൃഷ്ണൻ, സഹപ്രാന്തപ്രചാരക് എ.വിനേ‍ാദ്, നഗരത്തിലെ കാര്യകർത്താക്കൾ എന്നിവർക്കായിരുന്നു മുൻനിര നേതൃത്വം.

അടിപതറി വഴുതി വീണ് യുഡിഎഫ്

കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും നയിച്ച നേതാക്കൾക്കു തന്നെ പാലക്കാട് നഗരസഭയിൽ അടിപതറി. കോൺഗ്രസിനെ നയിച്ച കെപിസിസി സെക്രട്ടറി പി.ബാലഗോപാൽ 24–ാം വാർഡിൽ നാലാം സ്ഥാനത്തായി. കോൺഗ്രസ് സീറ്റ് നൽകാത്തതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിച്ച വിമതൻ എഫ്.ബി.ബഷീർ ആ വാ‍ർഡിൽ വിജയിച്ചു.

കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച 3, 9, 27, 38 വാർഡുകൾ ബിജെപി പിടിച്ചടക്കി. പകരം 10 കല്ലേപ്പുള്ളി നോർത്ത് വാർഡ് മാത്രമാണ് കോൺഗ്രസിനു ബിജെപിയിൽ നിന്നു പിടിച്ചെടുക്കാനായത്. കോൺഗ്രസിനു 10 സീറ്റ് ലഭിച്ചപ്പോൾ ലീഗിനു 2 സ്വതന്ത്രർ ഉൾപ്പെടെ നാലിടത്താണു ജയം. 2015 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 13, സ്വതന്ത്രൻ ഉൾപ്പെടെ മുസ്‌ലിം ലീഗ് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില.

മുസ്‌ലിം ലീഗ് സ്വതന്ത്രയായി 34–ാം വാർഡിൽ മത്സരിച്ച മുതിർന്ന കോൺഗ്രസ് കൗൺസിലർ എ.ചെമ്പകം പരാജയപ്പെട്ടു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ.അബ്ദുൽ അസീസ് 32–ാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥി എം.സുലൈമാനോട് പരാജയപ്പെട്ടു. മുസ്‌ലിം ലീഗ് സ്ഥിരം ജയിക്കുന്ന 16–ാം വാർഡ് പറക്കുന്നത്ത് ഇത്തവണ തോറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com