ADVERTISEMENT

പാലക്കാട് ∙ തിരഞ്ഞെടുപ്പു കഴിഞ്ഞ് മുന്നിലെത്തിയ ആവേശത്തിലാണെങ്കിലും പലയിടത്തും മുന്നണികൾക്കു ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. തുല്യസീറ്റുകൾ മുന്നണികൾക്കു കിട്ടിയ സ്ഥലങ്ങളിൽ എന്താകുമെന്നും ജനം ഉറ്റുനോക്കുന്നു. ആർക്കും വ്യക്തമായി ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിൽ ഭരണം ഉറപ്പാക്കാൻ അണിയറ നീക്കം തുടങ്ങി. സ്വതന്ത്രർ, റിബലുകളായി ജയിച്ചവർ എന്നിവരുടെ പിന്തുണ നേടാനാണു ശ്രമം. 

  ഓങ്ങല്ലൂർ പഞ്ചായത്ത് 

22 വാർഡുള്ള പഞ്ചായത്തിൽ എൽഡിഎഫിന് 10, യുഡിഎഫിന് 8 സീറ്റുകളുണ്ട്. എസ്ഡിപിഐയ്ക്കാണ് മൂന്നു സീറ്റുള്ളത്. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. എസ്ഡ‍ിപിഐ പിന്തുണയ്ക്കുന്നവർക്കാണു ഭൂരിപക്ഷം. അതേസമയം, ഇരു മുന്നണികളും അനൗദ്യോഗികമായി തങ്ങളുമായി ചർച്ച നടത്താൻ നീക്കം നടത്തിയെന്നും ഭരണത്തിൽ പങ്കാളിത്തം നൽകുന്ന തരത്തിലുള്ള നീക്കുപോക്കിനു മാത്രമേ തയാറാവുകയുള്ളുവെന്നും എസ്ഡിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.

  മങ്കര

എൽഡിഎഫിനും യുഡിഎഫിനും ആറു സീറ്റാണുള്ളത്. ബിജെപിക്കും സ്വതന്ത്രയ്ക്കും ഓരോ സീറ്റുണ്ട്. ബിജെപി ഇരുമുന്നണികളെയും പിന്തുണയ്ക്കില്ല. സ്വതന്ത്രയുടെ നിലപാടാണു നിർണായകം. ഇടതുപശ്ചാത്തലമുള്ളയാളാണ് ഇവരെങ്കിലും യുഡിഎഫും ഇവരുടെ പിന്തുണയ്ക്കു ശ്രമിക്കുന്നു,

  കൊപ്പം

എൽഡിഎഫിനും യുഡിഎഫിനും 8 സീറ്റുകളാണുള്ളത്. ബിജെപിക്ക് ഒരു സീറ്റ്. യുഡിഎഫിനെയും എൽഡിഎഫിനെയും പിന്തുണയ്ക്കില്ലെന്നു ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. അങ്ങനെ സംഭവിച്ചാൽ ബിജെപി അംഗം വിട്ടുനിൽക്കുമ്പോൾ നറുക്കെടുപ്പിലേക്കു നീങ്ങും.

  കപ്പൂർ

എൽഡിഎഫിനും യുഡിഎഫിനും 9 സീറ്റ് വീതമുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ അധ്യക്ഷനെ തീരുമാനിക്കും

  ഒറ്റപ്പാലം നഗരസഭ

നഗരസഭയിൽ 36 അംഗ കൗൺസിലിലേക്ക് കേവലഭൂരിപക്ഷം 19 വേണം. 16 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സിപിഎം ഭരണസമിതിയുണ്ടാക്കും. യുഡിഎഫിനും സ്വതന്ത്രമുന്നണിക്കും ചേർന്ന് 11 സീറ്റും എൻഡിഎയ്ക്ക് 9 സീറ്റുമാണുള്ളത്. കഴിഞ്ഞ ഭരണസമിതിയിൽ സംഭവിച്ചതുപോലെ കൗൺസിലിലെ നിർണായക സമയങ്ങളിൽ ഭൂരിപക്ഷം പ്രശ്നമുണ്ടാക്കുമെന്ന ആശങ്കയുണ്ട്.

  മലമ്പുഴ

ആറ് സീറ്റ് എൽഡിഎഫിനും 5 സീറ്റ് എൻഡിഎയ്ക്കും 2 സീറ്റ് യുഡിഎഫിനുമാണ്. ഏറ്റവും വലിയ മുന്നണിയായ എൽഡിഎഫ്, പഞ്ചായത്ത് ഭരിക്കാനൊരുങ്ങുന്നു. കോൺഗ്രസും ബിജെപിയും ഒരുമിച്ചാൽ മാത്രമേ ഭരണം കൈവിടാൻ സാധ്യതയുള്ളു. അങ്ങനെയുണ്ടാകില്ലെന്നാണു പ്രതീക്ഷ.  ഉപാധ്യക്ഷ സ്ഥാനം ആവശ്യപ്പെടുമെന്നു സിപിഐ നേതാക്കൾ അറിയിച്ചു.

  നെന്മാറ

നെന്മാറ പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും 9 സീറ്റ് വീതം ലഭിച്ചതോടെ 2 സീറ്റ് നേടിയ ബിജെപിയുടെ നിലപാട് നിർണായകമായി. ഇരുമുന്നണികൾക്കും പിന്തുണ നൽകില്ലെന്നാണു ബിജെപി നിലപാട്. ഇരു മുന്നണികളും രണ്ടര വർഷം വീതം ഭരിക്കാനുള്ള  ആലോചനയും ഫലം കണ്ടില്ലെന്നറിയുന്നു. അങ്ങനെ സംഭവിച്ചാൽ നറുക്കെടുപ്പിലേക്കു നീങ്ങും. 

  കുഴൽമന്ദം

എൽഡിഎഫിനും യുഡിഎഫിനും 8 സീറ്റുകളുള്ള കുഴൽമന്ദത്ത് ഒരംഗമുള്ള ബിജെപി അംഗം വിട്ടുനിന്നാൽ നറുക്കെടുപ്പിലേക്കു നീങ്ങും. 

  പിരായിരി 

10 വാർഡിൽ വിജയിച്ച യുഡിഎഫിനു കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ  പിൻബലം വേണം. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 8, ബിജെപി 3 എന്നിങ്ങനെയാണു കക്ഷി നില. 

  കാവശ്ശേരി

കാവശ്ശേരിയിൽ എൽഡിഎഫിനും യുഡിഎഫിനും 8 സീറ്റുകളാണുള്ളത്. ഒരംഗമുള്ള ബിജെപി ആരെയും പിന്തുണയ്ക്കാത്ത സാഹചര്യമുണ്ടായാൽ നറുക്കെടുപ്പിലേക്കു നീങ്ങും. 

  പറളി 

എൽഡിഎഫും എൻഡിഎയും 8 വീതം വാർഡുകളിൽ വിജയിച്ചപ്പോൾ 3 വാർഡിൽ വിജയിച്ച കോൺഗ്രസും ഒരു സ്വതന്ത്രനും നിർണായകമായി. എൽഡിഎഫിനെയും എൻഡിഎയെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണു കോൺഗ്രസ് നിലപാട്. പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറലാണ്. നറുക്കെടുപ്പിലേക്കു പോകാനാണു സാധ്യത. 

  പുതുനഗരം

6 സീറ്റ് യുഡിഎഫിനും 4 സീറ്റ് എൻഡിഎയ്ക്കും 2 സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് എസ്ഡിപിഐക്കുമാണ്. വലിയ മുന്നണി എന്ന നിലയിൽ ഭരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് യുഡിഎഫ് നീക്കം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com