ADVERTISEMENT

കൊപ്പം ∙ തിരുവേഗപ്പുറ പഞ്ചായത്തിലെ നടുവട്ടത്ത് ഇന്നലെ നാട്ടുകാർ ഒത്തുചേർന്നത് ഒരു തെരുവനായയെക്കുറിച്ചു സംസാരിക്കാനാണ്. തെരുനായ് ശല്യത്തെക്കുറിച്ചു പരാതി പറയാനല്ല, തെരുവിൽ നിന്നു വന്ന് ഒരു കുടുംബത്തിന്റെ ഓമനയായി മാറിയ ‘ബീപാത്തു’ എന്ന നായയെക്കുറിച്ചു നല്ല വാക്കുകൾ പങ്കുവയ്ക്കാനാണ്. 13 വർഷം മുൻപ് ഏതോ കുടുംബം തെരുവിലേക്ക് ഇറക്കിവിട്ട നായയെ നടുവട്ടം ഷാജി ഊരാളിയുടെ കുടുംബം ഏറ്റെടുക്കുകയായിരുന്നു.

മക്കളെപ്പോലെ വളർത്തി വലുതാക്കി അവർ പേരുമിട്ടു, ബീപാത്തു. കഴിഞ്ഞ ദിവസം ബീപാത്തുവിനു ജീവൻ നഷ്ടമായതാകട്ടെ തെരുവു നായ്ക്കളുടെ ആക്രമണത്തിലാണ്. പ്രദേശത്ത് 2006ൽ രൂപീകരിച്ച, സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ ‘ഗ്രാമണി’യുടെ നേതൃത്വത്തിലാണു ഗ്രാമവാസികളും നാട്ടുകാരും ഒത്തുചേർന്നത്. എല്ലാവർക്കും പറയാനുണ്ടായിരുന്നതു നല്ലതു മാത്രം.

വീടിനു മാത്രമല്ല, നാടിനും പ്രിയപ്പെട്ടവൾ എന്നാണ് എല്ലാവരും പറഞ്ഞത്. ഊരാളി വീട്ടിലെ അംഗമാണെങ്കിലും നടുവട്ടത്തെ ഏതു വീട്ടിലും കയറാം, അവിടെയും ഒരു പങ്കു കരുതിയിട്ടുണ്ടാകും. ‘ബീപാത്തു’വിന്റെ സ്മാരക ശിൽപത്തിന്റെ അനാഛാദനം വന്യജീവി ഫൊട്ടോഗ്രഫർ എൻ.എ.നസീർ നിർവഹിച്ചു. ‘മനുഷ്യരും മൃഗങ്ങളും’ എന്ന വിഷയം എൻ.എ.നസീർ അവതരിപ്പിച്ചു.

നായകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പരുതൂർ സ്വദേശികളായ ബാലവേലായുധൻ, ശ്യാമള ദമ്പതികളെ ആദരിച്ചു. ‘ഗ്രാമണി’ ഭാരവാഹികളായ വി.എസ്.പ്രമോദ്, ബിജി കോങ്ങോർപ്പിള്ളി, ഷാജി ഊരാളി, ബി.സി.സിമിത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com