ADVERTISEMENT

ഒറ്റപ്പാലം∙ മകനെ നഷ്ടപ്പെട്ട അച്ഛന്റെ നൊമ്പരത്തോടെ നിറകണ്ണുകളുമായി കർണന്റെ ചേതനയറ്റ ശരീരത്തിനടുത്തുണ്ടായിരുന്നു ചാമി. ഉത്സപ്പറമ്പുകളിലേക്കു കൈപിടിച്ചു കൊണ്ടുപോയി കർണനു പേരും പെരുമയും നേടിക്കൊടുത്തതിൽ ആദ്യകാല ആനപാപ്പാൻ പാറശ്ശേരി പൂക്കൂട്ടത്തിൽ ചാമി (78)യുടെ പങ്ക് ചെറുതല്ല.

തൃശൂരിലെ എഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്ന് ആനയെ മനിശ്ശേരി ഹരിദാസ് വാങ്ങിയ ഘ‌ട്ടത്തിലാണു ചാമി ചട്ടക്കാരന്റെ ചുമതല ഏറ്റെടുത്തത്. പിന്നീടു ചിട്ടയായ പരിശീലനത്തിലൂടെ കർണൻ തലയെടുപ്പും എഴുന്നള്ളിപ്പു രീതികളും പഠിച്ചു. 13 വർഷത്തോളം ചാമി കർണന്റെ വിശ്വസ്തനായി കൂ‌ടെയുണ്ടായിരുന്നു.

ആനപ്പണിയിൽ നിന്നു പിൻവാങ്ങിയ ഘട്ടത്തിലാണ് കർണന്റെ ചുമതല ഒഴിഞ്ഞത്. ആഴ്ചകൾക്കു മുൻപു പോലും കർണനെ നേരിൽ കാണാൻ ചാമി മംഗലാംകുന്നിൽ എത്തിയിരുന്നു. വിഡിയോ ചിത്രീകരണത്തിന് എത്തിയ ചാമി ആനയ്ക്കൊപ്പം ഏറെനേരം ചെലവഴിച്ചാണു മടങ്ങിയിരുന്നത്.

പൂരപ്പറമ്പുകളിൽ കർണന്റെ നിലവിനു മുന്നിൽ അടിപതറാത്ത ഉയരക്കേമന്മാരില്ലെന്നു ചാമി ഓർക്കുന്നു. മനുഷ്യരുടേതു പോലെ ബുദ്ധിശക്തിയുള്ള ആനയായിരുന്നു കർണനെന്നും കുഞ്ഞുങ്ങളെ പോലെ കൊണ്ടുനടക്കാമായിരുന്നെന്നും ചാമി അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com