ADVERTISEMENT

പെരുമ്പിലാവ് ∙ ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനാണ് ഇന്നലെ ചരിഞ്ഞ മംഗലാംകുന്ന് കർണൻ അവസാനമായി തിടമ്പേറ്റിയത്. കഴിഞ്ഞ വർഷം മാർച്ച് ഒന്നിനായിരുന്നു അത്. പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റിയാണു പൊന്നുംവില ഏക്കം കൊടുത്തു കർണനെ തങ്ങളുടെ ഭാഗമാക്കിയത്.

ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ കമ്മിറ്റി ഇതിനായി ചെലവാക്കിയെന്ന് ആനപ്രേമികൾ പറയുന്നു. കൂട്ടിയെഴുന്നള്ളിപ്പിനു നിരന്ന മറ്റ് 40 ആനകളുടെ കൂട്ടത്തിൽ നിന്നു മാറിയാണ് അന്നു കർണനെ നിർത്തിയത്. എഴുന്നള്ളിപ്പു നടത്തുന്ന മൈതാനിയിലേക്ക് എത്താൻ വൈകിയതാണ് കാരണം.

പക്ഷേ, കർണൻ പൂരപ്പറമ്പിൽ എത്തിയപ്പോൾ തിങ്ങിനിറഞ്ഞ കാണികളെല്ലാം അവനു സമീപം നിലകൊണ്ടത് കൗതുക ക്കാഴ്ചയായിരുന്നു. ചാലിശ്ശേരി പൂരത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കർണൻ. കർണൻ എഴുന്നള്ളുന്ന പൂരത്തിനൊപ്പം 3 ജില്ലകളിൽ നിന്നെത്തുന്ന ആരാധകരുടെ ഒരു കൂട്ടം എപ്പോഴും ഉണ്ടാകും. 

ഓമനപ്പേരുകൾ മാത്രം ബാക്കി

ഒറ്റപ്പാലം∙ ഗജരാജൻ, ഗജരത്നം, ഗജസാമ്രാട്ട്, സൂര്യപുത്രൻ, മാതംഗമാണിക്യം, പാലകാപ്യഗജപതി, ഗജകുലമാർത്താണ്ഡൻ... വിശേഷണങ്ങൾ ഏറെയുണ്ട് കർണന്. ഇവയെല്ലാം വിവിധയിടങ്ങളിൽ നിന്നു ആദരവായി ലഭിച്ച പട്ടങ്ങളാണ്. ‌‌

തലയെടുപ്പിന്റെ തലതൊട്ടപ്പൻ, ഒറ്റ നിലവിന്റെ തമ്പുരാൻ തുടങ്ങിയ ഓമനപ്പേരുകളും കർണനു സ്വന്തം. വിശേഷണങ്ങളും ഓമനപ്പേരുകളും ബാക്കിവച്ചാണു പൂരപ്പറമ്പുകളിലെ മേളപ്പെരുക്കങ്ങളും ആർപ്പുവിളികളും ഇല്ലാത്ത ലോകത്തേക്കു കർണൻ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com