ADVERTISEMENT

വി.ടി.ഭട്ടതിരിപ്പാടും അക്കിത്തവും എംടിയും അടക്കമുള്ള മഹാരഥന്മാർക്ക് ജന്മംനൽകിയ പ്രദേശമാണു തൃത്താല. സാഹിത്യത്തോടുള്ള വാസന രാഷ്ട്രീയത്തോടും കാണിക്കുന്ന മണ്ണിൽ ഇടതിനും വലതിനും ശക്തിയുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് എണ്ണത്തിൽ ക്രമാനുഗതമായ വർധനയുണ്ടാക്കുന്ന ബിജെപിയും മണ്ഡലത്തിൽ വേരിറക്കിക്കഴി‍ഞ്ഞു. പഞ്ചായത്തുകളിൽ ഭൂരിഭാഗവും ഇടത് അനുകൂലമാണെങ്കിലും ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ആണു നേട്ടമുണ്ടാക്കിയത്. കാർഷിക മേഖലയായ ഇവിടെ ഇടതിനും വലതിനും പരമ്പരാഗത വോട്ടുകൾ ശക്തിയാണ്. 

രാഷ്ട്രീയം

20 വർഷം സിപിഎം തുടർച്ചയായി വിജയിച്ച മണ്ഡലത്തിൽ യുവത്വത്തിന്റെ പ്രസരിപ്പുമായി കടന്നുവന്ന വി.ടി.ബൽറാം കോൺഗ്രസിനായി സീറ്റ് പിടിച്ചെടുത്തത് 2011ൽ. 31 വർഷം സംവരണ മണ്ഡലമായിരുന്ന തൃത്താല 2011ലാണു ജനറൽ വിഭാഗത്തിലായത്. മുൻപ് ഒരു തവണ ജനറൽ വിഭാഗത്തിലായിരുന്ന 1977ൽ മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണനാണ് ഇവിടെനിന്നു വിജയിച്ചത്. ഉറച്ച മണ്ഡലമെന്ന അമിത പ്രതീക്ഷയിൽ സിപിഎമ്മിനുണ്ടായ അലസത ബുദ്ധിപൂർവം മുതലെടുത്താണ് 10 വർഷം മുൻപ് കോൺഗ്രസ് വിജയം നേടിയത്. എന്നാൽ, അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടി മറികടക്കാൻ സിപിഎം പല അടവുകളും പുറത്തെടുത്തെങ്കിലും വി.ടി.ബൽറാമിനു മുന്നിൽ നിർവീര്യമായിപ്പോയി.

2016ൽ ബൽറാമിനെ നേരിടാൻ സിപിഎം കൈമെയ് മറന്ന് ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഭൂരിപക്ഷം ഇരട്ടിയാക്കി അദ്ദേഹം വീണ്ടും വിജയിച്ചു. ഒടുവിൽ എകെജിക്ക് എതിരായ ഫെയ്സ്ബുക് പരാമർശത്തിന്റെ പേരിൽ എംഎൽഎയെ പൊതുവേദികളിൽ എൽഡിഎഫ് ബഹിഷ്കരിക്കുന്നതിൽ എത്തി കാര്യങ്ങൾ. തദ്ദേശ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് 3 പഞ്ചായത്തുകൾ പിടിച്ചെടുത്താണ് യുഡിഎഫ് അതിനു മറുപടി നൽകിയത്. എന്നാൽ, തദ്ദേശ വോട്ട് കണക്കിൽ സിപിഎം തന്നെയാണ് ഇപ്പോഴും മുന്നിലെന്ന യാഥാർഥ്യവും നിലനിൽക്കുന്നു. മുൻ തിരഞ്ഞെടുപ്പിനേക്കാൾ 10,000 വോട്ട് കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ കൂടുതൽ നേടാനായി എന്നതാണു ബിജെപിയുടെ തൃത്താലയിലെ പ്രതീക്ഷ. 

പ്രതീക്ഷ

യുഡിഎഫ്: സ്ഥാനാർഥി വി.ടി.ബൽറാമാണെങ്കിൽ വിജയം ഉറപ്പാണെന്ന് പ്രവർത്തകർ കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഭൂരിപക്ഷം നേടിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിലെത്തിയത് നേതാക്കന്മാർക്ക് ആശങ്കയുമുണ്ടാക്കുന്നു. എന്നാൽ, കഴിഞ്ഞ തവണയും തദ്ദേശത്തിൽ എൽഡിഎഫ് മുന്നിലെത്തിയെങ്കിലും മികച്ച ഭൂരിപക്ഷത്തിന് ബൽറാം വിജയിച്ചതെന്നത് പ്രതീക്ഷ നൽകുന്നു.

എൽഡിഎഫ്: തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച മുൻകൈ നിലനിർത്തിയാൽ വിജയിക്കാനാകും. കോൺഗ്രസിനെ അപേക്ഷിച്ച് ശക്തമായ സംഘടനാ സംവിധാനം സിപിഎമ്മിനു മണ്ഡലത്തിലുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിയുള്ള പ്രചാരണത്തിനൊപ്പം ശക്തനായ സ്ഥാനാർഥി കൂടി എത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാം.

എൻഡിഎ: തദ്ദേശ തിരഞ്ഞെടുപ്പിൽ 19,000 വോട്ടിന് അടുത്ത് നേടാനായി. ഇരു മുന്നണികൾക്കുമെതിരെ ശക്തമായ പ്രചാരണം നടത്തിയാൽ വോട്ട് വിഹിതം വർധിപ്പിക്കാൻ കഴിയും.

മണ്ഡലത്തിലെ പഞ്ചായത്തുകൾ
ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, പരുതൂർ, തൃത്താല, തിരുമിറ്റക്കോട്, നാഗലശ്ശേരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com