ADVERTISEMENT

ഏട്ടൻമാരുടെ മത്സരംകൊണ്ട് ഉഷാറാകാറുള്ള ചിറ്റൂരിൽ ഇത്തവണ ഒരേട്ടനു പകരം മകനാണ് തിരഞ്ഞെടുപ്പുഗോദയിൽ. മുൻ തിരഞ്ഞെടുപ്പുകളിൽ പ്രധാന മത്സരം കോൺഗ്രസിലെ കെ. അച്യുതനും ജനതാദളിലെ കെ.കൃഷ്ണൻകുട്ടിയും തമ്മിലായിരുന്നു. 4 തവണ തുടർച്ചയായി വിജയം കെ.അച്യുതനൊപ്പം നിന്നപ്പോൾ 2016ലെ തിരഞ്ഞെടുപ്പിൽ കെ.കൃഷ്ണൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ ‘കൃഷ്ണൻകുട്ട്യേട്ടന്’ എതിരെ മത്സരിക്കുന്നത് ‘അച്ചുവേട്ടന്റെ’ മകൻ സുമേഷ് അച്യുതനാണ്. പാലക്കാട് നഗരസഭാംഗം എന്ന നിലയിൽ  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വി.നടേശനാണ് എൻഡിഎ സ്ഥാനാർഥി. 

 

എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടര വർഷത്തിനു ശേഷം മന്ത്രിസ്ഥാനം ലഭിച്ച കെ.കൃഷ്ണൻകുട്ടി ചിറ്റൂരിനു സമ്മാനിച്ച വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചാരണം നടത്തുന്നതു ജയിക്കാൻ മാത്രമല്ല, ഭൂരിപക്ഷം കൂട്ടാൻ കൂടിയാണെന്ന് ഇടതുപക്ഷം പറയുന്നു. യുഡിഎഫിന്റെ ഉറച്ച കോട്ടയായ ചിറ്റൂർ– തത്തമംഗലം നഗരസഭയിൽ ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടിയതിന്റെ ആത്മവിശ്വാസമുണ്ട് ഇടതുപക്ഷത്തിന്. ജലരാഷ്ട്രീയം സജീവമായ മണ്ഡലത്തിൽ ഈ മേഖലയിൽ ചെയ്ത നടപടികൾ കൃഷ്ണൻകുട്ടിക്കു നേട്ടമാകുമെന്നാണ് ഇടതു കണക്കുകൂട്ടൽ. സിപിഎമ്മും ദളുമായുള്ള പരിഭവങ്ങൾ പലതും തീർന്നതും പ്രതീക്ഷയാണ്. 

 

അപ്രതീക്ഷിതമായി കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ യുവത്വത്തിന്റെ പ്രസരിപ്പോടെ യുഡിഎഫിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുള്ളതു സുമേഷ് അച്യുതനാണ്. 

തന്റെ പിതാവ് 2 പതിറ്റാണ്ടുകാലം ചിറ്റൂർ മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും സർക്കാരിനും എംഎൽഎയ്ക്കുമെതിരെ വികസന വിരുദ്ധ നിലപാട് ആരോപിച്ചുമാണു സുമേഷ് വോട്ട് തേടിയിറങ്ങുന്നത്. കെപിസിസി ഒബിസി ഡിപാർട്മെന്റ് ചെയർമാനായ സുമേഷ് അച്യുതന് ഊർജം പകർന്നു പിതാവ് കെ.അച്യുതനുമുണ്ട്. 

 

പാലക്കാട് നഗരസഭയിലെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയുമെല്ലാം ഉറച്ച വാർഡുകളിൽ ആത്മവിശ്വാസത്തോടെ മത്സരിച്ച് മികച്ച വിജയം കൊയ്ത നേതാവാണു വി.നടേശൻ. അണികളിൽ ആവേശമുണ്ടാക്കുന്നതിൽ നടേശന് പ്രത്യേക കഴിവുണ്ട്. 4 തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിന്റെ തഴക്കവും പഴക്കവുമായി മത്സര രംഗത്തുള്ള നടേശൻ കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതികൾ ചൂണ്ടിക്കാണിച്ചാണു വോട്ടുപിടിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി മണ്ഡലം നിലനിർത്തുമോ യുവാക്കളുടെ പ്രതിനിധിയായ സുമേഷ് അച്യുതൻ വിജയം തിരിച്ചു പിടിക്കുമോ ചരിത്രത്തിലാദ്യമായി ചിറ്റൂരിൽ നടേശൻ താമര വിരിയിക്കുമോ എന്നതു കാത്തിരുന്നു കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com