ADVERTISEMENT

ജയിക്കാൻ വീറോടെ പോരാടുന്ന അവർ മൂന്നു പേരുണ്ട്. ജയത്തിലേക്കു കടക്കാൻ ‘ഒരൊറ്റപ്പാലം’ മാത്രം. ആ പാലം കടന്ന് ആരാകും ഒറ്റപ്പാലത്തിന്റെ എംഎൽഎ? വിശ്രമമില്ലാതെ പ്രചാരണരംഗത്തുള്ള സ്ഥാനാർഥികൾക്കൊപ്പം ഒരു നേരം

ജനസമക്ഷം  പ്രേമൻ വക്കീൽ

വക്കീലാണെങ്കിലും എൽഡിഎഫ് സ്ഥാനാർഥി കെ. പ്രേംകുമാറിന്റെ വർത്തമാനത്തിനു കോടതി ഭാഷയുടെ താളമല്ല. പ്രേമനറിയുന്ന സ്നേഹത്തിന്റെ ഭാഷകൊണ്ട് എത്രയോ ഹൃദയങ്ങളെയാണു ചേർത്തുകൊണ്ടുപോകുന്നത്. പ്രേമൻ വക്കീൽ ജനസമക്ഷം ഏൽപിച്ച വക്കാലത്ത് ജനകീയ കോടതി ജയിപ്പിച്ചുകൊടുക്കുമെന്ന വിശ്വാസവും അതുകൊണ്ടാണ്.

വിടിബി കോളജിന്റെ താരമായിരുന്ന പ്രേംകുമാർ പഴയ കോളജിലെത്തി പുതിയ കൂട്ടുകാരെയും അധ്യാപകരെയും കണ്ടാണ് ആ ദിവസത്തെ പ്രചാരണം സജീവമാക്കിയത്. വിജയം ഉറപ്പിക്കാൻ ‘പ്രേമപൂർവം’ എന്ന പേരിൽ പ്രത്യേക പ്രചാരണപരിപാടികളും പഴയ സുഹൃത്തുക്കൾ പ്ലാൻ ചെയ്തിട്ടുണ്ട്. 

ഇക്കാര്യം ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും മുൻ എംഎൽഎ സി.ജി. പണിക്കരുടെ മകളുമായ സുഭദ്രയോടു പറഞ്ഞപ്പോൾ അവർക്കും സന്തോഷം. തൊട്ടടുത്തു താമസിക്കുന്ന വിടിബി കോളജിലെ മുൻ അധ്യാപിക സുധടീച്ചറുടെ വീട്ടിലെത്തിയപ്പോൾ പ്രേമൻ പഴയ കുട്ടിയായി. എൽഎൽബി റാങ്കോടെ പാസായ പ്രേമൻ നല്ല പഠിപ്പിസ്റ്റായിരുന്നു. പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടങ്ങളും സംഘടനാ മികവും കൂടിയാകുമ്പോൾ വിജയം ഉറപ്പാകുമെന്നാണു വിശ്വസിക്കുന്നത്.

ജില്ലാ പഞ്ചായത്ത് അംഗം എന്നതുൾപ്പെടെ ജനകീയ വിജയങ്ങൾ നേടിയ ഇദ്ദേഹത്തിനു മണ്ഡലം കാണാപ്പാഠം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ ചെറുപ്പക്കാരുടെ പിന്തുണയുണ്ട്. ഒറ്റപ്പാലം കോടതിയിലെത്തിയപ്പോൾ അഭിഭാഷകരും ഗുമസ്തന്മാരുമായി ഒരുപിടിയാളുകൾ സ്ഥാനാർഥിയെ കാണാനെത്തി. ‘നിങ്ങൾ ഞങ്ങളോടു ചോദിക്കേണ്ട, ഇവിടുത്തെ വോട്ടും അടുത്ത വീട്ടിലെ വോട്ടുമെല്ലാം ഉറപ്പാണ്’, കേട്ടപ്പോൾ സ്ഥാനാർഥിക്കു ബഹു സന്തോഷം. സെൽഫിയെടുക്കാൻ ആളുകൾ കൂടുന്നു. ക്ലിക്ക് ചെയ്യുമ്പോൾ പത്തും പന്ത്രണ്ടും പേരുണ്ടു പ്രേമന്റെ കൂടെ. എന്നാൽ ഒരു ഗ്രൂപ്പ് ഫോട്ടോയെടുക്കാമെന്നായി ചിലർ. എന്നാൽ ഗ്രൂപ്പ് വോട്ടു തന്നെ മതിയെന്നു പ്രേമൻ. നിറ ചിരിയുമായി പലരുടെയും പേരെടുത്ത് വിളിച്ചു പ്രേമൻ ഒറ്റപ്പാലം അങ്ങാടിയുടെ തിരക്കിലേക്കു നീങ്ങി.

ഒറ്റപ്പാലത്തിന്റെ  ഡോക്ടർ ബ്രോ

ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിൻ പാതിരിക്കാട്ട് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ.              ചിത്രം: മനോരമ
ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിൻ പാതിരിക്കാട്ട് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ. ചിത്രം: മനോരമ

ഡോ. പി. സരിനെ സ്ഥാനാർഥിയായി കിട്ടിയതു സൗഭാഗ്യമാണെന്നു യുഡിഎഫുകാർ കരുതുന്നു. അതുകൊണ്ടുതന്നെ കെ.ആർ. നാരായണന്റെ പിൻമുറക്കാരനെന്നു പറഞ്ഞാണ് ഈ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നത്. വെറുതേ പരിചയപ്പെടുത്തുകയല്ല. താഴത്തും തലയിലും വയ്ക്കാതെയാണു കൊണ്ടുനടക്കുന്നത്. എല്ലാവരും കൊതിക്കുന്ന എംബിബിഎസും സിവിൽ സർവീസുമെല്ലാം ഉപേക്ഷിച്ചു രാഷ്ട്രീയത്തിലേക്കിറങ്ങിയ സരിൻ നാട്ടുകാർക്കാകെ ഡോക്ടർ ബ്രോയാണ്. പതിവില്ലാത്ത ഊർജം പ്രചാരണ രംഗത്തു കാണുന്നുണ്ട്. നാടൻ പാട്ടിനു പുറകേയാണു സ്ഥാനാർഥിയുടെ തുറന്ന വാഹനമെത്തുക. സരിനും തനി നാടനാണ്. 

കഴിഞ്ഞ കുറേ കാലമായി ഗ്രാമങ്ങളിൽ അടിത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഡോക്ടർ ബ്രോയ്ക്ക് മണ്ഡലത്തിന്റെ മുക്കും മൂലയുമെല്ലാം നല്ല പരിചയമാണ്. രാമകൃഷ്ണേട്ടാ, ഗിരീശൻമാഷെ, വിജയാ എന്നൊക്കെ പേരെടുത്തു വിളിക്കാനുള്ള ബന്ധമുണ്ട്. ‘മൂപ്പരെ ആളുകൾക്കു മാത്രമല്ല മംഗലാംകുന്നിലെ ആനകൾക്കു കൂടി നല്ല പരിചയമാണ് ’ എന്നു കോൺഗ്രസ് നേതാവ് മനോജ് പറയുമ്പോൾ മുതിർന്ന നേതാവ് കല്ലുവഴി ശങ്കരനാരായണൻ ശരിവയ്ക്കുന്നു. പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സീൻ എടുക്കാനെത്തിയവരുടെ ഇടയിലേക്കു സരിൻ എത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ തീപ്പൊരിയായ പഴയ എംബിബിഎസുകാരൻ പഴയ ഓർമകളിലേക്കെത്തി. ഈ വാക്സീനൊപ്പം നാടിനെ നന്നാക്കാനുള്ള വാക്സീൻ തനിക്കുള്ള വോട്ടായി വേണമെന്നു സ്ഥാനാർഥി.

ഇത്തവണ സരിൻ അട്ടിമറി ജയം നേടുമെന്നു പറയാൻ യുഡിഎഫിനു പല കാരണങ്ങളുണ്ട്. ഒറ്റക്കെട്ടാണ് ഒറ്റപ്പാലം എന്നതാണു തിരഞ്ഞെടുപ്പു വാക്യമെന്നതു പോലെ മുന്നണി ഒറ്റക്കെട്ടായി നിൽക്കുന്നതു വലിയ പ്രതീക്ഷയാണെന്നു പാർട്ടിക്കാർ. ഇത്തവണ കേരളം മാറും. അതിന് ഒറ്റപ്പാലവും ഒപ്പമുണ്ടാകുമെന്നു സരിൻ പറയുന്നു. അതെന്താണ് അത്ര ഉറപ്പെന്നു ചോദിച്ചാൽ സരിൻ പറയും , ആ ഉറപ്പാണ് നിറ സ്നേഹമായി തനിക്കു ലഭിക്കുന്നത് എന്ന്.

നന്മ നിറഞ്ഞവൻ  വേണുഗോപാൽ

ഒറ്റപ്പാലം നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി പി. വേണുഗോപാൽ അകവണ്ടയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ             ചിത്രം: മനോരമ
ഒറ്റപ്പാലം നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി പി. വേണുഗോപാൽ അകവണ്ടയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ചിത്രം: മനോരമ

അമ്പലപ്പാറ പ‍ഞ്ചായത്തിലെ അകവണ്ടയിൽ പ്രചാരണവുമായി എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി പി. വേണുഗോപാലിനെ മാധവിയെന്ന അമ്മ ചേർത്തുപിടിച്ചു കരഞ്ഞതു കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ ജനകീയ ബന്ധം.നാട്ടുകാരനായ സ്ഥാനാർഥി, നന്മ നിറഞ്ഞ സ്ഥാനാർഥി എന്ന മുഖവുരയോടെയാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. അമ്പലപ്പാറയുടെ ചുവന്ന മണ്ണിൽ പലയിടത്തും കാവിക്കൊടി വിരിയിക്കുന്നതിൽ വിജയിച്ച സംഘടനാ കരുത്തിന്റെ ഊർജവുമായാണു വേണുഗോപാൽ വോട്ടു ചോദിക്കുന്നത്.

 ‘രാജ്യമാകെ മൂന്നാം സ്ഥാനത്തിരുന്ന നമ്മൾ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നു, അമ്പലപ്പാറയിൽ മൂന്നാം സ്ഥാനത്തിരുന്ന നമുക്കു നാലു സീറ്റ് കിട്ടി’, സദാനന്ദൻ മാഷുടെ പ്രസംഗം തകർക്കുകയാണ്. ആർഎസ്എസിലൂടെ വളർന്ന വേണുഗോപാലിനു മണ്ഡലമാകെ പരിചിതമാണ്. നേരത്തേ, ചുമട്ടുതൊഴിലാളിയായി പ്രവർത്തിച്ച കാലം മുതലുള്ള ബന്ധമാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും വേണുഗോപാൽ തന്നെയായിരുന്നു ബിജെപി സ്ഥാനാർഥി. 

ഓരോ തിരഞ്ഞെടുപ്പിലും മികച്ച രീതിയിൽ വോട്ട് വർധിപ്പിച്ചതുകൊണ്ടാണു വീണ്ടും അവസരം കിട്ടിയത്. താനല്ല വോട്ട് ചോദിക്കാനെത്തുന്നതെന്നും സംസ്ഥാനത്ത് എൻഡിഎ മത്സരിക്കുന്ന എല്ലായിടത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയാണു മത്സരിക്കുന്നതെന്ന് ഓർമ വേണമെന്നും സ്ഥാനാർഥി പറയുമ്പോൾ നിറഞ്ഞ കയ്യടി. യുഡിഎഫിനെയും എൽഡിഎഫിനെയും കണക്കറ്റു പ്രഹരിക്കുന്നു. 

കരിമ്പുഴയും ഭാരതപ്പുഴയും സമൃദ്ധമായി ഒഴുകുന്ന മണ്ഡലം കേന്ദ്രീകരിച്ച് ഒട്ടേറെ വികസനപദ്ധതികൾ വേണുവിന്റെ മനസ്സിലുണ്ട്. അതെല്ലാം വിശദീകരിച്ചു പറയുമ്പോഴും ഒരു കാര്യം ഓർമിപ്പിക്കുന്നു, ‘ഇന്ത്യയ്ക്കൊപ്പം വളരാൻ കേരളവും തയാറാകണം, അതിനാണു താമരയ്ക്ക് ഒരു വോട്ട്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com