ADVERTISEMENT

ചിറ്റൂർ∙ ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ മൃഗാശുപത്രിയിൽ ഭൗതിക സാഹചര്യങ്ങളുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. 5 വർഷം മുൻപ് പണിത ഓപ്പറേഷൻ തിയറ്റർ തുറന്നു നൽകാത്തതും ആശുപത്രിയുടെ നല്ല നടത്തിപ്പിനെ ബാധിക്കുന്നു. പുഴപ്പാലത്തിനു സമീപത്തു പ്രവർത്തിക്കുന്ന വെറ്ററിനറി പോളി ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടത്തുന്ന കെട്ടിടമടക്കം ശോചനീയാവസ്ഥയിലുള്ളത്. ഇക്കാരണത്താൽ ആശുപത്രിയിൽ നടത്തിയിരുന്ന നായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം കുറ‍ഞ്ഞതായും ആശുപത്രി അധികൃതർ പറയുന്നു. 

മാസത്തിൽ 200 വന്ധ്യംകരണ ശസ്ത്രക്രിയകൾ വരെ ഇവിടെ ചെയ്തിരുന്നു. ഇപ്പോൾ അത് 150 എണ്ണമായി കുറഞ്ഞിരിക്കുന്നു. അതിനു സമാനമായി നായകളെ പിടികൂടുന്നതിലും കുറവുണ്ടായിട്ടുണ്ട്. അതേസമയം നായ്ക്കളെ പിടിച്ചു കൊണ്ടുവരാനുള്ള കൂട് കാലപ്പഴക്കം കാരണം തകർന്നിട്ടുണ്ട്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനുള്ള കെട്ടിടവും ശോചനീയാവസ്ഥയിലാണ്. 5 വർഷം മുൻപ് ശസ്ത്രക്രിയ ചെയ്യുന്നതിനായി പണിത കെട്ടിടമാകട്ടെ തുറക്കാതെ ഭദ്രമായി പൂട്ടിയിട്ടിട്ടുമുണ്ട്. 

ആശുപത്രിയുടെ പ്രവർത്തനത്തിൽ വരുന്ന ഇത്തരം കുറവുകൾ കാരണം തെരുവ് നായകളുടെ ശല്യം വർധിച്ചതായി പ്രദേശവാസികളുടെ പരാതിയുമുണ്ട്. കഴിഞ്ഞ ദിവസം ഒരു വീട്ടിലെ 8 ആടുകളെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. നൂറ്റാണ്ട് പഴക്കമുള്ള മൃഗാശുപത്രിയിൽ കന്നുകാലികൾ അടക്കമുള്ള ജീവികളെ ചികിത്സിക്കുന്നതിനായി കൊണ്ടുവരാറുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കുറവ് ഇത്തരം ജീവികളുടെ ചികിത്സയെ ബാധിക്കുന്നുണ്ട്. 

ആശുപത്രിയുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു. മൃഗാശുപത്രിയിൽ നിയമനം നടത്തുന്നതും മേൽനോട്ടവുമെല്ലാം ജില്ലാ പ‍ഞ്ചായത്താണ്. ആശുപത്രിയുടെ അറ്റകുറ്റപ്പണിയും നടത്തേണ്ട ചുമതല മാത്രമാണ് നഗരസഭയ്ക്ക് ഉള്ളത്. മൃഗാശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും നല്ല രീതിയിൽ പ്രവർത്തനങ്ങവ്‍ നടത്തുന്നുണ്ടെന്നും നായ്ക്കൾക്കുള്ള കൂടുകൾ നിർമിക്കാൻ പ്രൊജക്ട് തയാറാക്കിയതായും നഗരസഭാധ്യക്ഷ കെ.എൽ.കവിത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com