ADVERTISEMENT

പാലക്കാട് ∙ കോവിഡ് വ്യാപനം തീവ്രാവസ്ഥയിലേക്കു നീങ്ങിയതോടെ ചികിത്സയ്ക്കും പ്രതിരോധത്തിനും കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളും സജ്ജമാക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടപടി തുടങ്ങി. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ പഞ്ചായത്തുകളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സിഎഫ്എൽടിസി) കണ്ടു വയ്ക്കാൻ നിർദേശം നൽകി.

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലുമാണ് ഭൂരിഭാഗം സിഎഫ്എൽടിസികളും സജ്ജമാക്കിയിരുന്നത്. ഇതിൽ പലതിലും പത്താം ക്ലാസ് ഉൾപ്പെടെയുള്ള പരീക്ഷകൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ പകരം സെന്ററുകൾ കണ്ടെത്തിവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകി. അടിസ്ഥാന സൗകര്യങ്ങൾ നേരത്തെ ഉണ്ടായിരുന്ന സെന്ററുകളിൽ നിന്നു ലഭ്യമാക്കും.

പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഡൊമിസിലിയറി കെയർ സെന്ററുകളും ഒരുക്കുന്നതു പരിഗണനയിലാണ്. വീട്ടിൽ നിരീക്ഷണത്തിലിരിക്കാ‍ൻ സാധിക്കാത്തവർക്കായാണ് ഇത്തരം സെന്ററുകൾ. ആവശ്യമായ ചികിത്സാ സൗകര്യം ആരോഗ്യവകുപ്പ് ലഭ്യമാക്കും. ഇതര പരിചരണങ്ങൾ തദ്ദേശസ്ഥാപനത്തിന്റെ ചുമതലയിലാകും. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന സൂചനകളെത്തുടർന്നാണു വിപുലമായ ചികിത്സാ സൗകര്യം ഒരുക്കുന്നത്.

 

ഇതിനിടെ പിരിച്ചുവിടൽ

ജില്ലയിൽ കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്നതിനിടെ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങി. ഇതിനിടെ പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ ശുചീകരണ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ശ്രമമെന്നും പരാതി ഉയർന്നു. 9 മാസമായി മെഡിക്കൽ കോളജ് സിഎഫ്എൽടിസിയിലടക്കം ജോലി ചെയ്യുന്ന 11 വനിതാ ജീവനക്കാരെയാണ് പൊടുന്നനെ പറഞ്ഞു വിടാൻ നടപടിയെന്നു പരാതി ഉയർന്നത്. 

ജീവനക്കാരുടെ എണ്ണം കൂടുതലെന്ന കാരണത്താലാണു നടപടിയെന്നാണു വിശദീകരണം. 9 മാസമായി ഇവർ ഇവിടെ ജോലി ചെയ്യുന്നു. അതേ സമയം കുറച്ചുപേരെ നിലനിർത്തിയിട്ടുമുണ്ട്. കോവിഡ് രൂക്ഷമായ സ്ഥിതിയിൽ ജീവനക്കാരിൽ ഭൂരിഭാഗം പേരും മെഡിക്കൽ കോളജിൽ തന്നെ താമസിച്ചാണു ജോലി ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ പിരിച്ചുവിടൽ ഒഴിവാക്കി ഉള്ള ജീവനക്കാർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിലെങ്കിലും ജോലി ലഭ്യമാക്കണമെന്നാണ് ആവശ്യം.

 

കുതിച്ച് കോവിഡ് ;ഇന്നലെ 864 പേർ

ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 800 കടന്നു. ഇന്നലെ 864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 328 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 508 കേസുകളിൽ ഉറവിടം വ്യക്തമല്ല.

ചികിത്സയിലുള്ളവരുടെ എണ്ണം 4493 ആയി ഉയർന്നു. എണ്ണം ഇനിയും ഉയർന്നാൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടിവരും. 4 ആരോഗ്യ പ്രവർത്തകരും വിദേശം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 24 പേരും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. പാലക്കാട് നഗരസഭയിലാണു കൂടുതൽ കോവിഡ് ബാധിതർ. 73 പേർ. 90 പേർക്ക് രോഗമുക്തിയുണ്ട്.

ഒറ്റപ്പാലം നഗരസഭാ പരിധിയി‍ൽ 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുശ്ശേരി 36, അകത്തേത്തറ 28, ഷൊർണൂർ, മുണ്ടൂർ 27 വീതം, മരുതറോഡ് 26, കണ്ണമ്പ്ര 25, ചിറ്റൂർ–തത്തമംഗലം 23, പിരായിരി, കോങ്ങാട് 18 വീതം, പറളി 17, ശ്രീകൃഷ്ണപുരം, പട്ടിത്തറ, കൊടുവായൂർ 16 വീതം, എരിമയൂർ 15, വണ്ടാഴി, തരൂർ, പുതുപ്പരിയാരം 14 വീതം, കൊപ്പം 13, വടക്കഞ്ചേരി, തിരുവേഗപ്പുറ, മേലാർകോട്, മണ്ണാർക്കാട് 12 വീതം, വിളയൂർ, നെന്മാറ, കുഴൽമന്ദം,ചെർപ്പുളശ്ശേരി 11 വീതം, വാണിയംകുളം, നല്ലേപ്പിളളി, അലനല്ലൂർ 10 വീതം, കുലുക്കല്ലൂർ, കൊല്ലങ്കോട്, കൊടുമ്പ്, കടമ്പഴിപ്പുറം 9 വീതം,

തൃത്താല, പല്ലശ്ശന, ലക്കിടി പേരൂർ, അമ്പലപ്പാറ 8 വീതം, പെരിങ്ങോട്ടുകുറുശ്ശി, പരുതൂർ, ഓങ്ങല്ലൂർ, മങ്കര, കുത്തനൂർ, എലപ്പുള്ളി 7 വീതം, ഷോളയൂർ, കോട്ടോപ്പാടം, കപ്പൂർ 6 വീതം, തച്ചനാട്ടുകര, പെരുവെമ്പ്, പട്ടഞ്ചേരി, നെല്ലായ, കാവശ്ശേരി, കണ്ണാടി, കാഞ്ഞിരപ്പുഴ, ചാലിശ്ശേരി, അയിലൂർ, ആനക്കര 5 വീതം, വല്ലപ്പുഴ, വടകരപ്പതി, തൃക്കടീരി, പുതുക്കോട്, മാത്തൂർ, കുമരംപുത്തൂർ, കോട്ടായി, കേരളശ്ശേരി, കാരാകുറിശ്ശി 4 വീതം, വെള്ളിനേഴി, വടവന്നൂർ, തിരുമിറ്റക്കോട്, തെങ്കര, പൊൽപ്പുള്ളി, നാഗലശ്ശേരി, മുതുതല, മുതലമട, മലമ്പുഴ, കിഴക്കഞ്ചേരി, ചളവറ, ആലത്തൂർ, അഗളി 3 വീതം, പൂക്കോട്ടുകാവ്, മണ്ണൂർ, എലവഞ്ചേരി 2, തേങ്കുറിശ്ശി,തച്ചമ്പാറ, പുതൂർ, പുതുനഗരം, പെരുമാട്ടി, പട്ടാമ്പി, കൊഴിഞ്ഞാമ്പാറ, കരിമ്പുഴ, കരിമ്പ, എരുത്തേമ്പതി ഒന്നു വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com