ADVERTISEMENT

വാളയാർ ∙ പെരുമ്പാവൂരിൽനിന്നു പശ്ചിമ ബംഗാളിലേക്ക് അതിഥിത്തൊഴിലാളികളുമായി പോയ 4 ബസുകൾ തമിഴ്നാട് അതിർത്തിയിൽ മണിക്കൂറുകളോളം തടഞ്ഞിട്ടു. തമിഴ്നാട് കടക്കാൻ പുതുക്കിയ പെർമിറ്റ് ഇല്ലാത്തതിനാലും ഇ പാസിൽ ചെക്പോസ്റ്റ് സ്ലോട്ട് മാറിയതിന്റെ പേരിലുമാണു തടഞ്ഞത്. 123 അതിഥിത്തൊഴിലാളികളുമായി പോയ ബസാണു ചാവടിയിൽ പരിശോധനയ്ക്കിടെ അധികൃതർ തടഞ്ഞത്. വാളയാറിനു പകരം മറ്റു 4 അതിർത്തി സ്ലോട്ടുകളാണു ഇവരുടെ പാസിൽ രേഖപ്പെടുത്തിയതെന്നും ചാവടി പൊലീസ് അറിയിച്ചു.

അതിർത്തി കടക്കുന്നതിൽ തടസ്സം നേരിട്ടതോടെ 6 മണിക്കൂറിലേറെ ബസുകൾ കുടുങ്ങി. ഇതിനിടെ വാളയാറിലെ ഹെൽപ് ഡസ്കിന്റെ സഹായത്തോടെ തമിഴ്നാട് സൈറ്റിൽ റജിസ്ട്രേഷൻ ചെയ്തു പാസ് എടുത്തെങ്കിലും ബസുകളുടെ പെർമിറ്റ് പുതുക്കാത്തതിനാൽ കടത്തി വിടാനാകില്ലെന്നും ഇരട്ടി പിഴ ഈടാക്കുമെന്നും തമിഴ്നാട് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. അതിർത്തിയിൽ തടസ്സം നേരിട്ടതോടെ ബസ് ജീവനക്കാരും തമിഴ്നാട് ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി.

ഇതോടൊപ്പം അതിഥിത്തൊഴിലാളികളും പുറത്തിറങ്ങി പ്രതിഷേധിച്ചതോടെ തമിഴ്നാട് പൊലീസ് ഇവർക്കെതിരെ കേസ് എടുക്കാനും ഒരുങ്ങി. ഇവരെ അതിർത്തി കടത്താനാവില്ലെന്നു തമിഴ്നാട് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ തിരിച്ച് എറണാകുളത്തേക്കുതന്നെ മടങ്ങേണ്ടി വന്നു. പെർമിറ്റ് പുതുക്കിയതാണെന്നും ഉദ്യോഗസ്ഥർ അനാവശ്യമായി തടഞ്ഞിട്ടതാണു പ്രതിഷേധത്തിനു കാരണമെന്നും ബസ് ജീവനക്കാർ പറഞ്ഞു. തമിഴ്നാട് ഉദ്യോഗസ്ഥർ അന്യായമായി അതിഥിത്തൊഴിലാളികളെ മണിക്കൂറുകളോളം അതിർത്തിയിൽ കുടുക്കിയിട്ടെന്നും ഇവർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com