ADVERTISEMENT

കുട്ടികളുടെ മാനസിക വളർച്ചയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്ന അധ്യാപകർക്ക് ഇപ്പോൾ അവരുമായി നേരിട്ടിടപഴകാൻ അവസരങ്ങളില്ല. കുട്ടിയുടെ സമ്പൂർണ ഉത്തരവാദിത്തം മാതാപിതാക്കളിലെത്തുന്ന സാഹചര്യത്തിൽ ഏറെക്കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്...

പഠനാവശ്യത്തിനു വീട്ടുകാർ നൽകിയ മൊബൈൽ ഫോണിലെ ഓൺലൈൻ വിഡിയോ ഗെയിം ഇടുക്കിയിലെ കുട്ടിയുടെ ജീവനെടുക്കാൻ കാരണമായത് ഇന്നലെയാണ്. തൊട്ടുതലേന്ന് പാലക്കാട്ട്, മണ്ണാർക്കാട് സ്വദേശി 11 വയസ്സുകാരി ജീവനൊടുക്കിയത് ചേച്ചിയുടെ കയ്യിലിരുന്ന മൊബൈൽഫോൺ ചോദിച്ചിട്ടു കിട്ടാത്തതിന്റെ ദേഷ്യത്തിലാണ്. ഒരാഴ്ച മുൻപ് ശ്രീകൃഷ്ണപുരത്ത് നാലാം ക്ലാസുകാരിയെ ഓൺലൈൻ ക്ലാസിൽ ശ്രദ്ധിക്കാതിരുന്നതിന് അമ്മ വഴക്കു പറഞ്ഞതിനു ജീവിതമവസാനിപ്പിച്ചായിരുന്നു കുട്ടിയുടെ പ്രതികാരം.

ഭയാനകമായ അവസ്ഥയാണിത്; മഹാമാരിയിൽനിന്നു കരകയറാനുള്ള അടച്ചിടൽ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ വലുതായി ബാധിക്കുന്നുണ്ടെന്നു മനഃശാസ്ത്രജ്ഞർ പറയുന്നു. കൂട്ടുകാർക്കൊപ്പം ആടിപ്പാടിയും ചിരിച്ചുകളിച്ചും ദിവസങ്ങൾ ആഘോഷമാക്കിയിരുന്നവർക്ക് ഇപ്പോൾ കളികളില്ല, സംസാരമില്ല, തമ്മിൽ കാണാൻ പോലും കഴിയുന്നില്ല. മുഴുവൻ സമയം വീട്ടിനുള്ളിൽ കഴിയുമ്പോഴും അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ അറിയാനോ മാതാപിതാക്കൾക്കു കഴിയുന്നുമില്ല. ഒപ്പം, പല കുട്ടികൾക്കും രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും വഴക്കുകളുമൊക്കെ കാണേണ്ടിയും ഇവയുടെ അനന്തരഫലങ്ങൾക്ക് ഇരയാകേണ്ടിയും വരുന്നു.

കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാലയളവാണ് സ്കൂൾ പഠനം തുടങ്ങുന്ന 5 വയസ്സ് മുതലുള്ള പ്രായം. അവരിൽ ഏറ്റവും കൂടുതൽ ശ്രദ്ധവേണ്ട ഈ സമയത്തുണ്ടാകുന്ന ചെറിയ വീഴ്ചപോലും കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഈ പ്രായത്തിൽ കുട്ടികളുടെ മാനസിക വളർച്ചയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്ന അധ്യാപകർക്ക് ഇപ്പോൾ ഇവരുമായി നേരിട്ടിടപഴകാൻ അവസരങ്ങളുമില്ല. കുട്ടിയുടെ സമ്പൂർണ ഉത്തരവാദിത്തം മാതാപിതാക്കളിലെത്തുന്ന സാഹചര്യത്തിൽ ഏറെക്കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

വില്ലനാകുന്ന വിഡിയോ ഗെയിം

കുട്ടികൾ കടുംകൈയിലേക്കു പോകുന്നതു പലപ്പോഴും പെട്ടെന്നുള്ള പ്രകോപനത്തിലാണ്. അവർ അനുഭവിക്കുന്ന മാനസിക സംഘർഷം പലപ്പോഴും രക്ഷിതാക്കൾ തിരിച്ചറിയണമെന്നു പോലുമില്ല. അതുകൊണ്ട്, പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്നു കരുതരുത്. ഓരോ രക്ഷിതാവും അങ്ങേയറ്റം കരുതലോടെ കുട്ടികളോട് ഇടപെടേണ്ട കാലഘട്ടമാണ് ഇത് എന്നർഥം.

മൊബൈൽ ഫോൺ അടിമത്വം കുട്ടികളിൽ കൂടിവരികയാണ്. മൈതാനങ്ങളിൽ കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ചിരുന്നതിനു പകരം പരസ്പരം യുദ്ധം ചെയ്യുന്ന, കൊലപ്പെടുത്തി വിജയത്തിലെത്തുന്ന വിഡിയോ ഗെയിമുകളിൽ അനിയന്ത്രിതമായി സമയം ചെലവഴിക്കുന്നു. ഒന്നുകിൽ എതിരാളിയെ കൊല്ലുക, അല്ലെങ്കിൽ സ്വയം ഇല്ലാതാവുക എന്നതാണ് ഇത്തരം ഗെയിമുകളിൽ മിക്കതിന്റേയും തീം. ഇതു കുട്ടിയുടെ സ്വഭാവത്തെയും സ്വാധീനിക്കും.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ...

∙ വീട്ടുകാര്യങ്ങളും ജോലിക്കാര്യങ്ങളും ഒന്നിച്ചു നോക്കേണ്ടി വരുമ്പോ‍ൾ ഇടയ്ക്ക് കുട്ടികളെക്കൊണ്ടുള്ള ‘ശല്യം’ ഒഴിവാക്കാൻ മൊബൈൽ ഫോൺ കൊടുക്കാറുണ്ട് പലരും. ഗെയിം കളിച്ചോ വിഡിയോകൾ കണ്ടോ ഒരിടത്തിരുന്നാൽ കാര്യമായ ശ്രദ്ധ വേണ്ടിവരില്ലെന്ന ചിന്തയിലാണിത്. ഈ കുറുക്കുവഴി ഒരിക്കലും പരീക്ഷിക്കരുത്.
∙ പുറത്തുപോയി കളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സദാ സമയവും പഠിക്കാൻ നിർബന്ധിക്കരുത്. പഠനത്തിനു സമയം നിശ്ചയിക്കണം. ബാക്കി സമയം ചെറിയ വീട്ടുജോലികളും ആക്ടിവിറ്റികളും ഏൽപിക്കാം.
∙ മൊബൈൽ ഫോൺ ഉപയോഗത്തിനു സമയപരിധി നിശ്ചയിക്കുക. സഹോദരങ്ങൾക്കെല്ലാം കൂടി ഒരു ഫോൺ ഉള്ളപ്പോൾ ഓരോരുത്തർക്കും ഉപയോഗിക്കാനുള്ള സമയവും തീരുമാനിക്കണം. ഏതൊക്കെ ആപ്ലിക്കേഷനുകൾ കുട്ടികൾക്ക് ഉപയോഗിക്കാനാകുമെന്നും ഫോണിൽ മുൻകൂട്ടി സെറ്റ് ചെയ്യാം.

∙ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ശീലിപ്പിക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ കിടക്ക വൃത്തിയാക്കുക, ആൺ–പെൺ വിവേചനമില്ലാതെ അടുക്കള ജോലികളിൽ സഹകരിപ്പിക്കുക, ചെടികൾ നനയ്ക്കുക, തുണികൾ വാഷിങ് മെഷീനിലിടുക, ഭക്ഷണം തനിയെ വിളമ്പിക്കഴിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശീലിപ്പിക്കാം. കുട്ടിക്കു താ‍ൽപര്യമുള്ള ആക്ടിവിറ്റികൾ പ്രോത്സാഹിപ്പിക്കാം. ആർട്/ക്രാഫ്റ്റ് വർക്കുകൾ ചെയ്യാനിഷ്ടപ്പെടുന്ന കുട്ടിയ പൂന്തോട്ടം നനയ്ക്കാൻ നിർബന്ധിക്കേണ്ട.
∙ വായന നല്ലതാണെങ്കിലും ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കേണ്ട. മുഴുവൻ സമയം ഫോണിന്റെ/ലാപ്ടോപ്പിന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ ശരീരം അനങ്ങുന്നില്ല. കണ്ണിനുണ്ടാകുന്ന പ്രശ്നം വേറെ.
∙ കുട്ടികളുടെ മുന്നിൽവച്ചു രക്ഷിതാക്കൾ വഴക്കുണ്ടാക്കരുത്. പരസ്യമായ വാക്കുതർക്കങ്ങൾ ഒഴിവാക്കുക.

∙ ദിവസവും ഒന്നിച്ചിരുന്നു സംസാരിക്കാൻ സമയം കണ്ടെത്തുക. കുട്ടിയുടെ അഭിപ്രായങ്ങൾ ആരായുകയും അവരുടെ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതു വീട്ടിൽ തന്റെ പ്രാധാന്യത്തെക്കുറിച്ച് അവരിൽ ആത്മവിശ്വാസം വളർത്തും. എന്തും തുറന്നുപറയാൻ പ്രോത്സാഹിപ്പിക്കുകയും തെറ്റുകൾ ശാന്തമായി പറഞ്ഞു തിരുത്തുകയും ചെയ്യുക. പ്രകോപിതരാകരുത്.
∙ സ്വഭാവ വൈകല്യങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെയോ കൗൺസലർമാരെയോ കാണിക്കാൻ മടിക്കരുത്. തങ്ങൾക്കു പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ എന്ന ചിന്തയിലാണു പല രക്ഷിതാക്കളും കുട്ടികളെ അടിച്ചും ദേഷ്യപ്പെട്ടും ‘നേരെയാക്കാൻ’ ശ്രമിക്കുന്നത്. ഇതു വിപരീത ഫലമേ ചെയ്യൂ.

അധ്യാപകർ അറിയാൻ

∙ ഓൺലൈൻ ക്ലാസുകളിൽ കുട്ടി എത്ര സമയം തുടർച്ചയായി ക്ലാസിലിരിക്കണം, പിന്നീട് എത്ര സമയം വിശ്രമം വേണം, ഫോൺ/ലാപ്ടോപുമായി എത്ര അകലം വേണം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കണം. ഇക്കാര്യങ്ങൾ കുട്ടികളുമായും രക്ഷിതാക്കളുമായും ചർച്ച ചെയ്യണം.
∙ ‘നാളെത്തന്നെ നോട്ട് മുഴുവൻ പൂർത്തിയാക്കണം’ എന്ന മട്ടിൽ കുട്ടിക്കു സമ്മർദം കൊടുക്കരുത്. മറ്റ് അധ്യാപകരുമായി ചർച്ച ചെയ്തു വേണം ഓരോ വിഷയത്തിനും നൽകുന്ന ഹോംവർക്ക് തീരുമാനിക്കാം. ഒരു ദിവസം വിവിധ വിഷയങ്ങൾക്കായി നൽകുന്ന ഹോംവർക്കുകൾ കുട്ടിക്ക് അമിത ഭാരമാകുന്നില്ലെന്ന് ഉറപ്പാക്കണം.
∙ നിശ്ചിത സമയത്ത് എഴുതി പൂർത്തിയാക്കാനുള്ള കഴിവു കുട്ടികൾക്കു നഷ്ടമായിത്തുടങ്ങിയതായി വിദഗ്ധർ പറയുന്നു. എഴുതുന്ന ശീലം നിർത്തുമ്പോൾ വരുന്ന പ്രശ്നമാണിത്. നോട്ടുകൾ അമിതമായി നൽകാതിരിക്കുന്നതിനൊപ്പം നൽകുന്നവ ഇത്ര സമയത്തിനകം പൂർത്തിയാക്കാൻ നിർദേശിക്കുന്നതും നല്ലതാണ്.
∙ ‘നോട്ടെടുക്കൂ, എഴുതൂ’ എന്ന മട്ടിൽ ക്ലാസുകൾ തുടങ്ങരുത്. ചെറിയ വിശേഷങ്ങൾ ചോദിച്ചും കുട്ടികളോടു പേരെടുത്തു സംസാരിച്ചും ആദ്യ 5 മിനിറ്റ് അവർക്ക് റിലാക്സേഷൻ കൊടുത്തതിനു ശേഷം ക്ലാസ് തുടങ്ങുക. 40 മിനിറ്റ് തുടർച്ചയായി ക്ലാസെടുക്കുന്നതിനു പകരം 15 മിനിറ്റ് ക്ലാസ്, തുടർന്ന് അൽപസമയം കുശലാന്വേഷണം എന്ന രീതി നന്നാകും. കുട്ടികൾക്കു പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാനും അവസരം നൽകാം.

പദ്ധതികളുണ്ട്, പക്ഷേ...

കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും മാനസികാരോഗ്യം ഉറപ്പുവരുത്താനും ഒട്ടേറെ സർക്കാർ പദ്ധതികളും സംവിധാനങ്ങളും പ്രവർത്തിക്കുമ്പോൾ തന്നെയാണ് നമുക്കു ചുറ്റും ഇത്തരം വിപത്തുകൾ അരങ്ങേറുന്നത്. പദ്ധതികളുടെ എണ്ണത്തിലല്ല, കാര്യക്ഷമതയിലാണു കാര്യം എന്ന യാഥാർഥ്യത്തിലേക്കു കൂടിയാണ് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നത്. പഠനോപകരണങ്ങൾക്കു സഹായം തേടിയാണു ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസിലേക്കു സമീപ കാലത്തു പല ഫോൺവിളികളും വരുന്നത്. വീട്ടുകാരിൽനിന്നോ മറ്റുള്ളവരിൽനിന്നോ കുട്ടികൾ നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ചുള്ള പരാതികളും ഏറെ ലഭിക്കുന്നു.

ക്ലാസുകളില്ലാത്തതിനാൽ കുട്ടികളിലേക്ക് നേരിട്ടെത്തുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണു ചൈൽഡ്‌ലൈ‍ൻ പ്രവർത്തകർ പങ്കുവയ്ക്കുന്നത്. വിവിധ ബോധവൽക്കരണ പരിപാടികളാണു ചൈൽഡ്‌ലൈനിന്റെ നേതൃത്വത്തിൽ ചെയ്യുന്നതേറെയും. കുട്ടികളോ രക്ഷിതാക്കളോ വിളിച്ചു പറയുന്ന പരാതികളിലും പ്രശ്നങ്ങളിലും കൃത്യമായി ഇടപെടുന്നുമുണ്ട്. എന്നാൽ, ഇത്തരത്തിൽ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാൻ കഴിയാത്തവരാണു ഭൂരിപക്ഷമെന്നതാണു യാഥാർഥ്യം. കുട്ടികൾ ഇങ്ങോട്ടെത്തുന്നതു കാത്തിരിക്കുന്നതിനു പകരം പ്രശ്നങ്ങളിൽനിന്നു സുരക്ഷിതരാക്കാൻ അങ്ങോട്ടു ചെല്ലേണ്ടതിന്റെ ആവശ്യകത ഓരോ ദിവസവുമുണ്ടാകുന്ന സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നു.

പല തലങ്ങളിലായാണു ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസിനു കീഴിലുള്ളവരുടെ പ്രവർത്തനം. ജില്ലയിലെ 75 സർക്കാർ സ്കൂളുകളിൽ സ്കൂൾ കൗൺസലർമാരെ നിയോഗിച്ചിട്ടുണ്ട്. 13 ബ്ലോക്ക് പഞ്ചായത്തുകളിലും പേരന്റിങ് ക്ലിനിക്കുകൾ ആഴ്ചയിലൊരിക്കൽ പ്രവർത്തിക്കുന്നു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ പ്രഫഷനൽ ഡിഗ്രിയുള്ള കൗൺസലർമാരും പ്രവർത്തിക്കുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ നേരിട്ടു കൈകാര്യം ചെയ്യുന്നതിനു പുറമേ ശിശുസംരക്ഷണ യൂണിറ്റിലേക്കു കൈമാറുന്ന കേസുകൾ ഇവർ കൈകാര്യം ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും സഹായത്തിനു സമീപിക്കാവുന്ന കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുമുണ്ട്.

ഓൺലൈൻ ക്ലാസിൽ മാറ്റങ്ങൾ വേണം

അധ്യയനത്തിലെ ഏറ്റവും ‘റിസ്കി മെതേഡ്’ എന്നാണ് ഓൺലൈൻ പഠനത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ദീർഘനേരം ഇലക്ട്രോണിക് ഉപകരണങ്ങൾക്കു മുന്നിൽ ഒരേയിരിപ്പ് വേണ്ടിവരുന്നത് കുട്ടിയുടെ ശാരീരിക–മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കും. കാര്യങ്ങൾ കുട്ടി സ്വയം ചെയ്തു മനസ്സിലാക്കുന്ന ‘എക്സ്പീരിയൻസ്ഡ് ലേണിങ്’ രീതിയാണ് ഏറ്റവും ഫലപ്രദം. ക്ലാസിനിടെ വീട്ടിലുള്ള ഉപകരണങ്ങളോ അടുക്കളയിൽനിന്നു സാധനങ്ങളോ എടുത്തുകൊണ്ടു വരാൻ പറയുക, കാണിച്ചുകൊടുക്കുന്ന മാതൃകയനുസരിച്ചു കൊച്ചുകൊച്ചു പരീക്ഷണങ്ങൾ ചെയ്യിക്കുക ഒക്കെ വേണം. തുടർച്ചയായി ടീച്ചർ പ്രസംഗിക്കുന്നതു കുട്ടി നോക്കിയിരിക്കുന്ന രീതി അരുത്. ക്ലാസുകൾക്കിടയിൽ ഇടവേള വേണം. യോഗ, ഫിസിക്കൽ ട്രെയ്നിങ്, ആർട് തുടങ്ങിയ ക്ലാസുകളും ഉൾപ്പെടുത്തണം. കൗൺസലിങ് ക്ലാസും ഉൾപ്പെടുത്തുന്നത് ഏറെ പ്രയോജനം ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട്:
സി.പി.സൂരജ് (ജില്ലാ ചൈൽഡ്‌ലൈൻ കോ ഓർഡിനേറ്റർ)
എസ്.ശുഭ (ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ)
പി.യു.അനുപമ (കൗൺസലർ, പാലക്കാട് ലയൺസ് സ്കൂൾ)

∙ ചൈൽഡ്‌ലൈൻ: 1098‌
∙ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്: 8281899468
∙ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്: 0491 2505111

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com