ADVERTISEMENT

മുതലമട ∙ പറമ്പിക്കുളം തേക്കടി ആദിവാസി ഊരിലേക്കു ഭൂഗർഭ ലൈൻ വഴി വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി സംഘം സാധ്യതാ പഠനം നടത്തി. കെഎസ്ഇബി ഉദ്യോഗസ്ഥ സംഘം ചെമ്മണാംപതിയിൽ നിന്നു തേക്കടിയിലേക്കു നടന്നു കയറിയാണു ഭൂഗർഭ ലൈൻ വഴി വൈദ്യുതി എത്തിക്കാനുള്ള സാധ്യത പരിശോധിച്ചത്. ചിറ്റൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സി. എൻജിനീയർ കെ.സുചിത്രയുടെ നേതൃത്വത്തിൽ കൊല്ലങ്കോ‌ട് സബ് ഡിവിഷൻ അസി.എക്സി.എൻജിനീയർ എം.കെ.സുരേഷ്കുമാർ, മുതലമട സെക്‌ഷൻ അസി.എൻജിനീയർ കെ.ബാബു, സബ് എൻജിനീയർ ഇ.കെ.കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘം മലയടിവാരത്തു നിന്ന്  ഏകദേശം 10 കിലോമീറ്ററോളം നടന്നു കയറുകയായിരുന്നു. 

തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി കോളനികളിലേക്കു വൈദ്യുതി എത്തിക്കാനുള്ള സാധ്യത തേടുമെന്നു കോളനികൾ സന്ദർശിച്ച ജില്ലാ കലക്ടർ മൃണ്മയി ജോഷി ശശാങ്ക് പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണു വൈദ്യുതി വകുപ്പ് സംഘത്തിന്റെ പരിശോധന. ഇവർ തയാറാക്കുന്ന പഠന വിവരങ്ങൾ പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.കെ.രാജീവിന്റെ നേതൃത്വത്തിൽ പരിശോധിച്ചു റിപ്പോർട്ട് ആയി ജില്ലാ കലക്ടർക്കും വൈദ്യുതി വകുപ്പിനും നൽകും. ചെമ്മണാംപതിയിൽ നിന്നു തേക്കടിയിലേക്കു ഭൂഗർഭ വൈദ്യുതി ലൈൻ കൊണ്ടു വരണമെങ്കിൽ സംസ്ഥാന വനം വകുപ്പിന്റെ അനുമതി ലഭിച്ചാൽ മതിയാകും. 

നേരത്തെ തമിഴ്നാട്ടിലെ സേത്തുമടയിൽ നിന്ന് 11 കിലോമീറ്ററോളം ഭൂഗർഭ ലൈൻ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചിരുന്നു. എന്നാൽ അതിനു തമിഴ്നാട് വൈദ്യുതി, വനം വകുപ്പുകളുടെ അനുമതി ആവശ്യമായി വരും. ഇതൊഴിവാക്കാനാണു ചെമ്മണാംപതി വഴി വൈദ്യുതി എത്തിക്കാൻ കഴിയുമോ എന്നതു പരിശോധിക്കുന്നത്. അല്ലിമൂപ്പൻ കോളനിയിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോമർ സ്ഥാപിച്ചു ഗാർഹിക കണക്‌ഷനുകൾ നൽകുകയാണു ലക്ഷ്യം. മുപ്പതേക്കർ കോളനിയിലേക്കു 1 കിലോമീറ്ററും ഒറവമ്പാടിയിലേക്കു 7 കിലോമീറ്ററും ദൂരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com