ADVERTISEMENT

പാലക്കാട് ∙ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ട വള്ളിക്കോട് പാലക്കൽപറമ്പ് കുമാരന്റെ കണ്ണും കാഴ്ചയുമായ മകൾ ദുർഗാലക്ഷ്മി പ്ലസ്ടു പാസായി. ഇനി ഡിഗ്രിക്കു ചേരണം. ഒപ്പം ഇവർക്കൊരു വീടു വേണം. ഇതിനായി ആദ്യം വേണ്ടത് കുറച്ചു സ്ഥലമാണ്. അച്ഛനും മകളും ലോട്ടറി വിറ്റു കിട്ടുന്ന തുക കൊണ്ടാണു ജീവിതം. കാഴ്ചയില്ലാത്തതിനാൽ മകളുടെ സഹായത്തോടെയാണു താണാവ് വനംവകുപ്പ് ഓഫിസിനു മുന്നിൽ കുമാരന്റെ ലോട്ടറി വിൽപന. ദുർഗാലക്ഷ്മി പത്താം ക്ലാസ് വരെ ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണു പഠിച്ചത്. സ്കൂ‍ൾ വിട്ടാലുടൻ ബസ് കയറി നേരെ താണാവിലെത്തും. തുടർന്ന് അച്ഛനോടൊപ്പം ലോട്ടറി വിറ്റ് അന്നത്തെ ജീവിതത്തിനുള്ള വരുമാനം കണ്ടെത്തും.

ശേഷം അച്ഛനെയും കൂട്ടി വീടെന്ന ഷെഡിലേക്കു മടങ്ങും. ആ പതിവ് ഇന്നും തുടരുന്നു. പത്താം ക്ലാസിനു ശേഷം മുണ്ടൂർ എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. കഴിഞ്ഞ ദിവസം ഫലം വന്നു, പാസായി. ലോക്ഡൗണിൽ മറ്റു കുട്ടികൾ വീട്ടിൽ തുടരുമ്പോൾ ദുർഗാലക്ഷ്മി അച്ഛനോടൊപ്പം ലോട്ടറി വിറ്റ് റോഡരികിൽ ഇരുന്നാണു പഠിച്ചത്. ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ പോലും തവണ വ്യവസ്ഥയിലാണു വാങ്ങിയത്. ആഴ്ചയ്ക്കു 300 രൂപയിലേറെ അടയ്ക്കണം. ഇപ്പോഴും വായ്പ തീർന്നിട്ടില്ല.

അമ്മ സുഭാഷിണി ഹരിത കർമസേനാംഗമാണ്. വള്ളിക്കോട് പാലക്കൽപറമ്പിലെ ഒറ്റമുറി ഷെഡ്ഡിലാണ് ഇവരുടെ ജീവിതം. ആരെങ്കിലും സ്ഥലം നൽകിയോ മറ്റോ സഹായിച്ചാൽ ഈ കുടുംബത്തിനൊരു വീടുയരും. ആരെങ്കിലും സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണു കുടുംബം. ഒപ്പം ദുർഗാലക്ഷ്മിക്കു പഠനവും തുടരണം. ആശാരിപ്പണിയിൽ വിദഗ്ധനായിരുന്ന കുമാരന് ഒരു കണ്ണിനു നേരത്തെത്തന്നെ കാഴ്ചാ പ്രശ്നം ഉണ്ടായിരുന്നു. തകരാർ അടുത്ത കണ്ണിലേക്കു കൂടി വ്യാപിച്ചതോടെ 2013ൽ ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച തിരിച്ചുകിട്ടിയില്ല. പിന്നീടാണു ജീവിത മാർഗം തേടി ലോട്ടറി വിൽപന തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com