ADVERTISEMENT

മണ്ണാർക്കാട് ∙ തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ ഫാക്ടറിയിൽ പൊട്ടിത്തെറി നടന്ന സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഫാക്ടറി പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെയെന്ന് കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫൊറൻസിക്, മലിനീനകരണ നിയന്ത്രണ ബോർഡ്, അഗ്നിരക്ഷാ വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് അസി.കലക്ടർ ഡോ.അശ്വിനി ശ്രീനിവാസ് പറഞ്ഞു. കോഴിഅവശിഷ്ടങ്ങളിൽനിന്ന് കീടനാശിനിക്കുള്ള ചേരുവ നിർമിക്കുന്ന ഫാക്ടറിയാണു തിരുവിഴാംകുന്ന് കാപ്പുപറമ്പിൽ പ്രവർത്തിക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിൽ ഫാക്ടറി പ്രവർത്തിപ്പിച്ച് 33 പേർക്ക് പരുക്കേൽക്കാനിടയായ സാഹചര്യമുണ്ടാക്കിയതിനാണ് കേസ്.

സംഭവ സ്ഥലം ഇന്നലെ രാവിലെ പൊലീസ് മേധാവി എ.വിശ്വനാഥ് സന്ദർശിച്ചു. ഫാക്ടറി പ്രവർത്തിക്കാൻ ആവശ്യമായ അനുമതിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഫാക്ടറിക്ക് പ്രവർത്തിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി ടി.കെ.ദിപു പറഞ്ഞു.

ജൂലൈ ഒൻപതിനാണ് ഫാക്ടറി അധികൃതർ മെഷിനറികൾ സ്ഥാപിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നൽകിയത്. 27നു ചേർന്ന ഭരണ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യുകയും ഫാക്ടറി പരിശോധിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂ. കെട്ടിടത്തിനു നേരത്തെ നമ്പർ നൽകിയിരുന്നതായും സെക്രട്ടറി പറഞ്ഞു. 

പരുക്കേറ്റവർ സുഖം പ്രാപിക്കുന്നു

അപകടത്തിൽ സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന മൂന്നു പേരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിവിധ ആശുപത്രികളിൽ കഴിയുന്ന 12 പേർ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ ആശുപത്രിവിട്ടു.

മൗലാന ആശുപത്രിയിലെ മുഹമ്മദ് അഫ്‌നാസ് (18) ആണ് ആശുപത്രിവിട്ടത്. അവശേഷിച്ച 18 പേരും സുഖം പ്രാപിച്ചുവരുന്നു. കിംസ് അൽശിഫ ആശുപത്രിയിൽ 13 പേരും ഇഎംഎസിൽ മൂന്നും മൗലാന ആശുപത്രിയിൽ രണ്ടും പേരാണ് ചികിത്സയിലുള്ളത്.

തുടക്കത്തിൽ അറിയിച്ചിരുന്നെങ്കിൽ പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നു

അഗ്നിരക്ഷാ വിഭാഗവും ഫാക്ടറി പരിശോധിച്ചു. അസംസ്കൃത വസ്തുവായ കോഴിഅവശിഷ്ടങ്ങൾ പുഴുങ്ങുന്ന ബർണറിൽനിന്ന് എണ്ണ ചോർന്നതാണു തീപിടിത്തത്തിനു കാരണമെന്ന് ഫയർ ആൻഡ് റസ്ക്യു മണ്ണാക്കാട് സ്റ്റേഷൻ ഓഫിസർ എൽ.സുഗുണൻ പറഞ്ഞു.

വൈകിട്ട് 4നുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേനയെ അറിയിക്കുന്നത് ഒരു മണിക്കൂർ കഴിഞ്ഞാണ്. സേന ഇവിടെയെത്തിയപ്പോഴേക്കും ബർണർ ചുട്ടുപഴുത്ത് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. ഇതാണ് ദുരന്തത്തിലേക്കു നയിച്ചത്. ഫാക്ടറിയിൽ ആദ്യം തീ പടർന്നപ്പോൾ തന്നെ അഗ്നിരക്ഷാ സേനയെ അറിയിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പൊട്ടിത്തെറിച്ചത് കോടികൾ മുടക്കിയ ഫാക്ടറി

മണ്ണാർക്കാട് ∙ തിരുവിഴാംകുന്ന് കാപ്പുപറമ്പിൽ തോടുകാട് ഫാക്ടറി സ്ഥാപിക്കാൻ ചെലവഴിച്ചത് കോടികളെന്ന് ഫാക്ടറി പ്രതിനിധികൾ. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ലാത്ത സ്ഥലത്താണ് ഫാക്ടറി സ്ഥാപിച്ചത്. അമ്പലപ്പാറയിൽനിന്ന് കേബിൾ വഴിയാണ് ഫാക്ടറിയിൽ വൈദ്യുതി എത്തിച്ചിരിക്കുന്നത്. ഇതിനു തന്നെ വലിയ സാമ്പത്തിക ചെലവാണ് വന്നിട്ടുള്ളത്. കെട്ടിടവും മെഷിനറികളും ഇവിടേക്ക് റോഡും ഒരുക്കാൻ വൻ തുക ചെലവായി.

ജിവനക്കാർക്ക് താമസിക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരക്കിയിട്ടുണ്ട്. രണ്ടാം തവണ ട്രയൽ റൺ നടക്കുമ്പോഴാണ് അപകടം. കാപ്പുപറമ്പിൽ ഫാക്ടറി വന്നതിനോട് നാട്ടുകാർക്ക് വലിയ താൽപര്യമാണ്. ഫാക്ടറി പ്രവർത്തനം തുടങ്ങിയാൽ പ്രദേശവാസികൾക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ഫാക്ടറികൊണ്ട് തങ്ങൾക്ക് ഒരു ശല്യവുമില്ലെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com