ADVERTISEMENT

അഗളി (പാലക്കാട്) ∙ രാജ്യാന്തര ആദിവാസി ദിനമായി ഇന്ന് ആചരിക്കാനിരിക്കെ അട്ടപ്പാടിയിലെ ആദിവാസി ഊരിൽ ഇന്നലെ പൊലീസിന്റെ അതിക്രമം. ഷോളയൂർ പഞ്ചായത്തിലെ വട്ടലക്കി ഊരിലെത്തിയ പൊലീസ് സംഘമാണ് അടിപിടിക്കേസിൽ പ്രതികളായ ഊരു മൂപ്പൻ ചൊറിയനെയും (65) മകൻ വി.എസ്. മുരുകനെയും (44) ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ ആറരയോടെയാണ് ഷോളയൂർ ഇൻസ്പെക്ടർ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ 2 വാഹനങ്ങളിലായി പൊലീസ് സംഘം ഊരിലെത്തിയത്. 

കഴിഞ്ഞ 3ന് ഊരിലെ കുറുന്താചലം എന്ന യുവാവിനെ മർദിച്ചു പരുക്കേൽപിച്ചെന്ന കേസിൽ‍ പ്രതികളാണ് ചൊറിയനും മുരുകനും. ഇവരെ കസ്റ്റഡിയിലെടുക്കുന്നതു കുടുംബാംഗങ്ങളും ഊരിലെ സ്ത്രീകളും കുട്ടികളുമടക്കം എതിർത്തു. ബഹളത്തിനിടയിൽ മുരുകന്റെ ഭിന്നശേഷിക്കാരനും വിദ്യാർഥിയുമായ മകനെ പൊലീസ് മർദിച്ചതായും പരാതിയുണ്ട്.അട്ടപ്പാടി ആദിവാസി ആക്‌ഷൻ കൗൺസിൽ വൈസ് ചെയർമാനാണ് വി.എസ്.മുരുകൻ. ആദിവാസി മൂപ്പൻസ് അസംബ്ലി സെക്രട്ടറിയും മൂപ്പൻസ് കൗൺസിൽ അംഗവുമാണ് ചൊറിയൻ മൂപ്പൻ. നേരത്തെ സിപിഐയുടെ നേതൃത്വത്തിലുള്ള ആദിവാസി സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്നു.

പൊലീസ് നടപടിക്കെതിരെ ആദിവാസി ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഷോളയൂർ പൊലീസ് സ്റ്റേഷന്റെയും അഗളി എഎസ്പി ഓഫിസിന്റെയും മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് നടപടി സംബന്ധിച്ചുള്ള ആദിവാസികളുടെ പരാതിയിൽ അന്വേഷണം നടത്താമെന്ന അഗളി എഎസ്പി പദംസിങ്ങിന്റെ ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ ആദിവാസി മൂപ്പൻസ് കൗൺസിൽ പ്രസിഡന്റ് കുട്ടിയണ്ണൻ മൂപ്പൻ പ്രതിഷേധിച്ചു.ചൊറിയനെയും വി.എസ്. മുരുകനെയും മണ്ണാർക്കാട് കോടതി റിമാൻഡ് ചെയ്തു. 

ഇവരുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയ കോടതി പൊലീസ് നടപടി സംബന്ധിച്ച വിഡിയോ ദൃശ്യങ്ങൾ സമർപ്പിക്കാനാവശ്യപ്പെട്ടു.പൊലീസ് നടപടിക്കിടയിൽ വിദ്യാർഥിക്കു മർദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊലീസിനോടും ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com