ADVERTISEMENT

സിനിമ, ഡോക്യുമെന്ററി, വിദ്യാഭ്യാസ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ

തച്ചനാട്ടുകര ∙ ലോകത്തിലെ ആദ്യ സംസ്കൃതം ഒടിടി പ്ലാറ്റ്ഫോം സജീവമാകുന്നു. ചലച്ചിത്ര സംവിധായകൻ പി.കെ.അശോകിന്റെ നേതൃത്വത്തിലാണു സംരംഭം. സംസ്കൃത ഭാഷയിലുള്ള സിനിമകൾ, ഡോക്യുമെന്ററികൾ, മറ്റു വിനോദ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയാണ് ഒടിടി വഴി പ്രേക്ഷകരിലേക്കെത്തുന്നത്. വർഷത്തിൽ 15 സിനിമകളാണ് ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒടിടി വഴി പുറത്തിറങ്ങുന്ന അനുരക്തി എന്ന സിനിമ പി.കെ.അശോക് തന്നെയാണു സംവിധാനം ചെയ്തത്. കൂടിയാട്ടത്തെ ആസ്പദമാക്കിയുള്ള ഈ സിനിമ ഗാനങ്ങൾ അടങ്ങിയ ആദ്യ സംസ്കൃത സിനിമ കൂടിയാണ്. ഒരു പഞ്ചാബി നർത്തകി കൂടിയാട്ടം പഠിക്കാനായി  കേരളത്തിലെത്തുകയും ആശാന്റെ മകനുമായി പ്രണയത്തിലാവുന്നതോടെ ആശാനും ശിഷ്യയും തമ്മിലുള്ള ബന്ധത്തിലുണ്ടാവുന്ന പ്രശ്നങ്ങളും ഇതിവൃത്തമായ സിനിമയിൽ നർത്തകിയായി വാണി വിശ്വനാഥും ആശാനായി കലാമണ്ഡലം ശിവൻ നമ്പൂതിരിയും വേഷമിടുന്നു. 

ശ്രീഹരി ആറ്റൂർ, വിജിത് നമ്പ്യാർ എന്നിവരും അഭിനയിക്കുന്നുണ്ട്. സനൽ മണക്കാട്, ഡോ. എസ്.എൻ. മഹേഷ് ബാബു എന്നിവരാണു രചന. ശശി രാമകൃഷ്ണൻ ഛായാഗ്രഹണവും  ജോയ് ചെറുവത്തൂർ, മുരളീധരൻ, വിജിത് നമ്പ്യാർ എന്നിവർ സംഗീതവും ഒരുക്കുന്നു. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതം പറയുന്ന ‘മധുര സ്മിതം’ എന്ന കുട്ടികൾക്കായുള്ള സംസ്കൃതം ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് ഗായത്രിയാണ്. പൊതുവിദ്യാഭ്യാസ ശാക്തീകരണത്തെക്കുറിച്ചും സിനിമ പറയുന്നു. മഹാഭാരതം കർണപർവത്തെ ആധാരമാക്കി ചെയ്യുന്ന അഗോചരാണവ എന്ന ചലച്ചിത്രം പണ്ഡിതനായ ഡോ. അഗ്നിഹോത്രിയുടെ ജീവിതകഥയും വർത്തമാനകാല രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നു. 

ഡോ.ശാന്താറാം പ്രഭു. ഡോ മല്ലികാർജുന ഹെബ്ബാർ തുടങ്ങിയ താരനിരയാണ് സിനിമയിൽ. സംസ്കൃത ഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനായാണ് ഒടിടി സംവിധാനം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വിദ്യാർഥികൾക്കും പ്ലാറ്റ്ഫോം ഗുണകരമാകും. മുന്തിരിമൊഞ്ചൻ എന്ന മലയാള ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് പാലക്കാട് ഒലവക്കോട് റെയിൽ നഗർ സ്വദേശിയായ പി.കെ.അശോക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com