ADVERTISEMENT

ആലത്തൂർ∙ അനേകമാളുകളുടെ കരുതലിന്റെ തൊട്ടിലിൽ വളർന്ന ശ്രീദേവിയെ കാണാൻ ഒടുവിൽ സുരേഷ് ഗോപിയെത്തി. കാവശേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഫാൻസി സ്റ്റോറും അതിനോടു ചേർന്ന ഒറ്റമുറി വീടും വികാരനിർഭരമായ മുഹൂർത്തങ്ങൾക്കു വേദിയായി. കടത്തിണ്ണയിൽനിന്ന് ആലുവയിലെ ജനസേവ ശിശുഭവൻ വരെയെത്തിയ നിമിഷങ്ങൾ ഓർമകളിലെത്തി. നാലാം വയസ്സിൽ അവളെ ചേർത്തു പിടിച്ചതു പോലെ ഇന്നലെയും അദ്ദേഹം അവളെ ആശ്ലേഷിച്ചു. എല്ലാ സങ്കടങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് ആശ്വസിപ്പിച്ചു.

ആലുവ ജനസേവാ ശിശുഭവനിൽ എത്തിയ സുരേഷ് ഗോപി കുട്ടിയായിരുന്ന ശ്രീദേവിയെ കണ്ടപ്പോൾ (ഫയൽ ചിത്രം).

വർഷങ്ങൾക്കു മുൻപു മലപ്പുറം കോട്ടയ്ക്കലിലെ തെരുവിൽ പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ വാരിയെടുത്തത് ആക്രി പെറുക്കി ജീവിക്കുന്ന തങ്കമ്മയായിരുന്നു. പ്രസവിച്ചു കിടന്ന സ്വന്തം മകളുടെ മുലപ്പാൽ ഉണ്ടെന്നതു മാത്രമായിരുന്നു ധൈര്യം. പ്ലാസ്റ്റിക് മറച്ച കുടിലിലേക്കു കൂട്ടി തങ്കമ്മ അവളുടെ പോറ്റമ്മയായി. മകളുടെ കുഞ്ഞിന്റെ തൊട്ടിൽ അവൾക്കും തൊട്ടിലായി. ശ്രീദേവിയെന്നു പേരുമിട്ടു. അവൾക്കു 3 വയസ്സായപ്പോഴേക്കും തങ്കമ്മ രോഗാവസ്ഥയിലായി. തങ്കമ്മയുടെ കണ്ണടഞ്ഞതോടെ അവൾ ഭിക്ഷാടകരുടെ കൈകളിലായി. ആ കുഞ്ഞു ശരീരത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞും മറ്റും മുറിവേൽപിച്ച് ഭിക്ഷാടനത്തിന് എത്തിച്ചതു വാർത്തയായി.

തുടർന്ന് അനേകമാളുകൾ സഹായഹസ്തവുമായെത്തി. അക്കൂട്ടത്തിൽ സുരേഷ് ഗോപിയുമുണ്ടായിരുന്നു. സന്നദ്ധ സംഘടനകളും മമ്മൂട്ടി ഫാൻസ് അസോസിയേഷനും കൈകോർത്തപ്പോൾ ശ്രീദേവി ആലുവയിലെ ജനസേവ ശിശുഭവനിലെത്തി. ആയിടെ ‘രാഷ്ട്രം’ സിനിമയുടെ ഷൂട്ടിങ്ങിനായി ജനസേവ ശിശുഭവനിലെത്തിയ സുരേഷ് ഗോപി താൻ ശുപാർശ കത്ത് നൽകി പ്രവേശനം നേടിയ ശ്രീദേവിയെ കണ്ടു. അദ്ദേഹം അവളെ വാരി പുണർന്നത് ശ്രീദേവി ഇന്നു മോർക്കുന്നു. അന്നത്തെ ചിത്രവും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

ജനസേവയിൽ താമസിച്ച് 10ാം ക്ലാസ് പാസായ ശ്രീദേവിക്ക് തൊഴിൽ പരിശീലനവും ലഭിച്ചു. മനോരമ വിവാഹ പംക്തിയിൽ നൽകിയ വിവാഹ പരസ്യം കണ്ടാണ് കാവശേരി മുല്ലക്കൽ തെലുങ്കപ്പാളയത്തിലെ സതീഷ് ശ്രീദേവിയെ വിവാഹം കഴിക്കാൻ സന്നദ്ധനായത്. 4 വയസ്സുള്ള മകളുണ്ട്, ശിവാനി. കോവിഡ് വ്യാപനത്തോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. കട തുടങ്ങാൻ എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടിസ് വന്നു. താമസിക്കുന്ന വാടക മുറിക്ക് പ്രത്യേകം നമ്പർ ലഭിച്ചിട്ടില്ലാത്തതിനാൽ റേഷൻ കാർഡും കിട്ടിയിട്ടില്ല. ഈ അവസരത്തിലാണ് തന്റെ ജീവിതകഥയും സുരേഷ് ഗോപിയോടുള്ള കടപ്പാടും ബിജെപി സംസ്ഥാന സമിതി അംഗമായ കാവശേരിയിലെ സി.എസ്. ദാസിനോട് പറഞ്ഞത്.

ഇന്നലെ പാലക്കാട്ട് സുരേഷ് ഗോപി എത്തുമെന്നറിഞ്ഞ് കാണാനുള്ള  ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ്  അദ്ദേഹം നേരിട്ടു വീട്ടിലെത്താമെന്നറിയിച്ചത്. മധുര പലഹാരങ്ങളുമായാണ് സുരേഷ് ഗോപി എത്തിയത്. അദ്ദേഹത്തെ കണ്ടപ്പോൾ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല. തനിക്കൊരു വീടു വേണമെന്ന അപേക്ഷ കേട്ടപ്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നറിയിച്ച് അദ്ദേഹം മടങ്ങി. ബിജെപി.ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ സുരേഷ് പട്ടാമ്പി, ജി. വേണുഗോപാൽ, സംസ്ഥാന സെക്രട്ടറി നാഗേഷ്, സി.എസ്. ദാസ് എന്നിവരും സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു.

English Summary: Suresh Gopi visits Sridevi's home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com