ADVERTISEMENT

പാലക്കാട് ∙ മഴ പെയ്തൊഴിയുന്ന ഇടവേളയിൽ ഉള്ള നെല്ലെങ്കിലും കൊയ്തെടുക്കാൻ നെട്ടോട്ടമോടി ജില്ലയിലെ കൃഷിക്കാർ. ഇതിനിടെ വീണ്ടും കോരിക്കൊട്ടി മഴ. കൃഷിക്കാർ സർവത്ര ദുരിതത്തിലാണ്. ഇന്നലെ രാവിലെ കുറച്ചുനേരം മഴയൊഴിഞ്ഞപ്പോൾ ഈ സമയം ഉപയോഗപ്പെടുത്തി കൊയ്ത്തു പുനരാരംഭിച്ചെങ്കിലും ഉച്ചയോടെ വീണ്ടും മഴയെത്തി. ഇതോടെ കൃഷിക്കാർ തീർത്തും നിസ്സഹായാവസ്ഥയിലായി. 

കഴിഞ്ഞ 2 ദിവസത്തിനിടെ മഴയിൽ ജില്ലയിൽ 153.6 ഹെക്ടർ നെൽക്കൃഷി നശിച്ചു. മഴ തുടരുന്നതിനാൽ കൊയ്ത്തിനു വേണ്ട സമയവും കൂടുതലാണ്. ഇതിന്റെ അധികച്ചെലവും കൃഷിക്കാരൻ വഹിക്കണം. നേരത്തെ ഒരേക്കർ നെൽപാടം കൊയ്യാൻ ഒരു മണിക്കൂർ സമയം മതിയായിരുന്ന സ്ഥാനത്ത് മഴയിൽ അത് ഒന്നേകാൽ– ഒന്നര മണിക്കൂറായി ഉയർന്നു. മഴ കനത്തതോടെ ചില മേഖലകളിൽ കൊയ്ത്ത് യന്ത്രം ഇറക്കാനാകുന്നില്ല. ജില്ലയിൽ കൊയ്ത്തും എവിടെയും എത്തിയിട്ടില്ല. 

ഡീസൽ സബ്സിഡി അനുവദിക്കണം

നിലവിലെ പ്രതിസന്ധി മറികടക്കാൻ കൊയ്ത്ത് യന്ത്രങ്ങൾക്ക് ഡീസൽ സബ്സിഡി അനുവദിക്കണമെന്ന് ഓൾ കേരള കൊയ്ത്ത് യന്ത്ര ഓണേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ. മഴ തുടരുന്നതിനാൽ ഏതാനും മണിക്കൂർ മാത്രമാണു കൊയ്യാനാകുന്നത്. ഈ പ്രതിസന്ധിക്കു പുറമേ ഇന്ധന വില വർധന കൂടിയായതോടെ ഉള്ള കൊയ്ത്ത് യന്ത്രങ്ങൾ തമിഴ്നാട്ടിലേക്കു തിരികെ കൊണ്ടുപോകാൻ ഉടമസ്ഥർ ശ്രമിക്കുന്നതായി ഇവർ പറഞ്ഞു. 

പ്രതിസന്ധി പരിഹരിക്കാൻ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ കൊയ്ത്ത് യന്ത്ര ഉടമസ്ഥരുമായി സംസാരിച്ചെന്നും ഇതേത്തുടർന്നു വാടക മണിക്കൂറിൽ 2300ൽ നിന്നു 2400 രൂപയാക്കി ഉയർത്തിയെന്നും ഭാരവാഹികളായ സെക്രട്ടറി സുനിൽകുമാർ, ട്രഷറർ ചെന്താമരാക്ഷൻ എന്നിവർ അറിയിച്ചു.

സംഭരിച്ചത് 2,212 മെട്രിക് ടൺ നെല്ല് 

പാലക്കാട് ∙ ജില്ലയിൽ 432 പാടശേഖരങ്ങളിൽ നെല്ലെടുപ്പിനായി മില്ലുകാരെ നിയോഗിച്ചതായി സപ്ലൈകോ അറിയിച്ചു. ഇതുവരെയായി 22,12,888 കിലോ നെല്ലു സംഭരിച്ചു. സംഭരണം പുരോഗതിയിലാണ്. 

∙ സപ്ലൈകോ നെല്ലു സംഭരണത്തിനായി ഇതുവരെ 61,884 കൃഷിക്കാർ റജിസ്റ്റർ ചെയ്തു. ആലത്തൂർ താലൂക്ക് 26,652 കൃഷിക്കാർ, ചിറ്റൂർ 18,906, പാലക്കാട് 14,164, ഒറ്റപ്പാലം 1,531, പട്ടാമ്പി 621, മണ്ണാർക്കാട് താലൂക്കിൽ 10 കൃഷിക്കാരുമാണ് റജിസ്റ്റർ ചെയ്തത്. 
∙ കഴിഞ്ഞ വർഷം ഒന്നാം വിളയിൽ നെല്ലെടുപ്പിനായി 61,385 കൃഷിക്കാരാണ് റജിസ്റ്റർ ചെയ്തത്. 
∙ സപ്ലൈകോ നെല്ലു സംഭരണ പ്രക്രിയ പൂർത്തിയാക്കുന്നതുവരെ കൃഷിക്കാർക്കു നെല്ലെടുപ്പിനായി റജിസ്റ്റർ ചെയ്യാം.

ക്രമക്കേട് വേണ്ട

അനധികൃത നെല്ലു വിൽപനയ്ക്കു കൂട്ടു നിൽക്കുന്നവർക്കെതിരെ കർശന നടപടിയുമായി സപ്ലൈകോ. സ്വന്തമായി ഉൽപാദിപ്പച്ചതല്ലാത്ത നെല്ലു വിൽക്കാൻ ചിലർ കൂട്ടു നിൽക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് സപ്ലൈകോയുടെ മുന്നറിയിപ്പ്. ഇത് റജിസ്ട്രേഷൻ സമയത്തെ സത്യവാങ്മൂലത്തിന് എതിരാണ്. നെല്ലു സംഭരണത്തിനായി എല്ലാവർക്കും റജിസ്റ്റർ ചെയ്യാൻ അവസരം ഉറപ്പാക്കുന്നുണ്ടെന്ന് പാഡി മാ‍ർക്കറ്റിങ് ഓഫിസർ സി.മുകുന്ദകുമാർ അറിയിച്ചു. ഒന്നാം വിളയ്ക്ക് ഏക്കറിനു 2200 കിലോയാണു സംഭരണ പരിധി.

English Summary: Farmers rush to harvest paddy at intervals; Meanwhile, it rained again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com