ADVERTISEMENT

മുതലമട ∙ ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ 2 യുവാക്കളുടെ തിരോധാനത്തിന് ഇന്നു 101 ദിവസം. ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പരിശോധനകൾ നടത്തിയിട്ടും കാണാമറയത്തുള്ള സ്റ്റീഫൻ എന്ന സാമുവൽ (28), മുരുകേശൻ (26) എന്നിവരെക്കുറിച്ചു യാതൊരു സൂചനയും നൽകാനാകാതെ അന്വേഷണ സംഘം വലയുകയാണ്. 

ഓഗസ്റ്റ് 30 രാത്രിയാണു ചപ്പക്കാട് പ്രദേശത്തു നിന്ന് ഇരുവരെയും കാണാതായത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 20 അംഗ സംഘം നടത്തിയ അന്വേഷണത്തിനു യുവാക്കൾ കാണാതായ സംഭവത്തിനു വെളിച്ചം വീശാനാകാതെ വന്നതോടെ നംവബർ 5നു സി.സുന്ദരന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. എന്നാൽ നാളിതു വരെയും കാണാതായ യുവാക്കളെക്കുറിച്ചു പൊതുസമൂഹത്തിനു സൂചന നൽകാൻ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല.

അന്വേഷണത്തിനു ബഹുമുഖ വഴികൾ

എൻഎസ്ജി ഭീകര വിരുദ്ധ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിക്കടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ ഘ്രാണ ശേഷിയുള്ള ബെൽജിയൻ മെലിനോയ്സ് വിഭാഗത്തിൽപെട്ട നായകളെ എത്തിച്ചു ചപ്പക്കാട്ടെ മാന്തോപ്പുകൾ, കൃഷിയിടങ്ങൾ, മലയോര മേഖലകൾ തുടങ്ങി പൊലീസിനു സംശയം തോന്നുന്നിടത്തെല്ലാം മണം പിടിച്ചു പരിശോധന നടത്തി. 

കാണാതായ സാമുവൽ അവസാനമായി മൊബൈൽ ഫോൺ ഉപയോഗിച്ചതു ചപ്പക്കാട്ട് വച്ചാണെന്നു കണ്ടെത്തിയിരുന്നു. ഇതിനാൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തോട്ടങ്ങൾ, വനാതിർത്തികൾ, കുളങ്ങൾ, കിണറുകൾ, ഡാമിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊലീസ്, സായുധ സേന, അഗ്നിരക്ഷാ സേന, വനം വകുപ്പ് ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്നു വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും പൊലീസ് നായ്ക്കളെ എത്തിച്ചുമെല്ലാം പരിശോധന നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.

തുടർന്നു യുവാക്കളെക്കുറിച്ചു സൂചന നൽകുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചു നോട്ടിസ് ഇറക്കി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനു ശേഷം സംശയം തോന്നിയ കൊക്കർണിയിലെ വെള്ളം വറ്റിച്ചു പരിശോധന പോലും നടത്തിയിട്ടും നിരാശ മാത്രമായിരുന്നു ഫലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com