ADVERTISEMENT

പാലക്കാട് ∙ ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും തേടി മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിവാസികൾ ഐക്യദാർഢ്യ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. കൈക്കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത മാർച്ചിൽ വാഗ്ദാന ലംഘനം നടത്തിയവർക്കെതിരെ രോഷം ജ്വലിച്ചു. കോളനിയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനും ഭൂമിയും വീടും ഇല്ലാത്തവർക്ക് അതും ലഭ്യമാക്കാനും 2017ൽ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ഞങ്ങളുടെ സ്വപ്‌നം... മുതലമട ഗോവിന്ദാപുരം അംബേദ്‌കർ കോളനിക്കായി 2017ൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കോളനിവാസികൾ പാലക്കാട് കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ ധർണയിൽ തങ്ങളുടെ ആവശ്യം എഴുതിയ പ്ലക്കാർഡിൽ നോക്കിയിരിക്കുന്ന ബാലിക.

അന്നു ജനപ്രതിനിധികളടക്കം നൽകിയ ഉറപ്പുകൾ നടപ്പാക്കാത്തതെന്തെന്നു ഭരണാധികാരികൾ വ്യക്തമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അടുത്തിടെ നടത്തിയ പരിശോധനയിലും കോളനിയിലെ മുപ്പതിലേറെ കുടുംബങ്ങൾക്കു വീടില്ലെന്നു കണ്ടെത്തിയിരുന്നു. എന്നിട്ടും ഭൂമിയും വീടും നൽകാൻ നടപടിയില്ല. ലൈഫ് പദ്ധതി പരാജയമെന്നും സമരക്കാർ ആരോപിച്ചു.

മുതലമട പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക, കൊല്ലങ്കോട് ഒന്ന്, രണ്ട്, എലവഞ്ചേരി വില്ലേജുകളിലെ ഇരവാലൻ സമുദായത്തെ പട്ടികവർഗ ലിസ്റ്റിൽ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.മാർച്ച് എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിലെ ശിശുമരണവും മുതലമട പ്രദേശത്തെ ജാതി, രാഷ്ട്രീയ വിവേചനങ്ങളും നാടിന്റെ കണ്ണീർ കണമായി നിലനിൽക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

എസ്‌സി, എസ്ടി വിഭാഗക്കാർക്കു വകുപ്പു മുഖേനയുള്ള ഭൂമി– ഭവന പദ്ധതി പുനഃസ്ഥാപിക്കണമെന്നും ലൈഫ് പദ്ധതി വഴി പട്ടികവർഗ, ആദിവാസി വിഭാഗക്കാർക്കു വീട് ഉറപ്പാക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുതലമട അംബേദ്കർ ഗ്രാമത്തിന്റെ ആവശ്യം നടപ്പാക്കാൻ അന്നു ചർച്ചയിൽ പങ്കെടുത്ത ഇപ്പോഴത്തെ സ്പീക്കർ മുൻകൈ എടുക്കണം. പഞ്ചായത്തിലെ ബിജെപി, സിപിഎം അവിശുദ്ധ കൂട്ടുകെട്ട് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരെന്നും പറഞ്ഞു.

സമിതി ജനറൽ കൺവീനർ സെലീന പ്രക്കാനം അധ്യക്ഷയായി. സമിതി ചെയർമാൻ മാരിയപ്പൻ നീലിപ്പാറ. മുതലമട ഭൂസമര സമിതി ചെയർമാൻ ശിവരാജ് ഗോവിന്ദാപുരം, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ആർഎംപി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ മണ്ണാർക്കാട്, ബിഎസ്പി സംസ്ഥാന സെക്രട്ടറി ഇ.ടി.കെ.വത്സൻ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമാജി പിഷാരടി, ഐഎൽപി സംസ്ഥാന പ്രസിഡന്റ് രമേഷ് നെന്മണ്ട, കെ.കെ.സുരേഷ്, സുധീർ കുമാർ, സജീവൻ കള്ളിച്ചിത്ര, സമിതി കൺവീനർ ശിവ ഗോവിന്ദാപുരം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com