ADVERTISEMENT

പാലക്കാട് ∙ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമെത്തിയ ക്രിസ്മസ് തകർത്ത് ആഘോഷിച്ച് ജില്ല. പ്രളയവും കോവിഡും കാരണം മുൻ വർഷങ്ങളിൽ കാര്യമായ ആഘോഷങ്ങളുണ്ടായിരുന്നില്ല. 3 വർഷത്തിനു ശേഷം ആഘോഷത്തിരക്കിലായിരുന്നു ജനം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടു. മലമ്പുഴയിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്.

25,26 തീയതികളിലായി 27,253 പേർ. 7.39 ലക്ഷം രൂപ വരുമാനം. ഇന്നലെയും പതിനായിരത്തിലേറെ പേർ ഉദ്യാനം സന്ദർശിച്ചു. 26നാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്. 15,560 പേർ. ജില്ലയിലെ 65 സിനിമാ തിയറ്ററുകളിലും 24നും 25നും എല്ലാ ഷോയും ഹൗസ് ഫുൾ ആയിരുന്നു. ഹോട്ടലുകളിലും റിസോർട്ടുകളിലും ഡിസംബർ ആദ്യ വാരം തന്നെ ബുക്കിങ് ആരംഭിച്ചതിനാൽ പലയിടത്തും മുറികൾ ഫുൾ ആയിരുന്നു. 

3.41 ലക്ഷം കേക്ക്

ജില്ലയിലെ ചെറുതും വലുതുമായ 1,364 ബേക്കറികളിൽ നിന്നായി വിറ്റഴിച്ചത് 3.41 ലക്ഷം കേക്കുകൾ. പ്ലം കേക്കുകളാണ് കൂടുതൽ വിറ്റഴിഞ്ഞത്. ഉണക്കിയ പഴങ്ങളും ധാന്യങ്ങളും ചേർത്ത ഡ്രൈ ഫ്രൂട്സ് കേക്കിനും ആവശ്യക്കാരേറെയായിരുന്നു. ക്രിസ്മസ് സ്പെഷൽ ഫ്രഷ് ക്രീം കേക്കുകളും വിപണിയിലുണ്ടായിരുന്നു. ഇത്തവണ കേക്കിനു 10 മുതൽ 30 രൂപ വരെ വില വർധിച്ചു.

മദ്യ വിൽപനയിലും റെക്കോർഡ്

ജില്ലയിൽ 24,25 തീയതികളിലായി വിറ്റഴിച്ചത് 7.96 കോടി രൂപയുടെ മദ്യം. ബവ്റിജസിന്റെ 21 വിൽപനശാലകളിലൂടെ 7,78,16950 രൂപയുടെ മദ്യവും കൺസ്യൂമർഫെഡിന്റെ ഒറ്റപ്പാലം, പാലക്കാട് ഔട്‍ലെറ്റുകളിലൂടെ 18.83 ലക്ഷം രൂപയുടെ മദ്യവുമാണു വിറ്റത്. പട്ടാമ്പി വിൽപനശാലയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 28.49 ലക്ഷം രൂപയുടെ മദ്യം. വില കൂടിയ പ്രീമിയം ബ്രാൻഡുകൾ മുൻ വർഷത്തേക്കാൾ ഇത്തവണ വിറ്റു പോയി.

25, 26 തീയതികളിലെ കണക്ക്് ഇങ്ങനെ

 മലമ്പുഴ: 27,253 സന്ദർശകർ (വരുമാനം: 7.39 ലക്ഷം രൂപ)
 പോത്തുണ്ടി ഉദ്യാനം: 9,044 സന്ദർശകർ (വരുമാനം: 2,61,795 രൂപ)
 കാഞ്ഞിരപ്പുഴ ഉദ്യാനം: 7,396 (വരുമാനം: 1,72,457 രൂപ)
 മംഗലംഡാം ഉദ്യാനം: 2,221 (വരുമാനം: 19,950 രൂപ)
 അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം: 1,121 (വരുമാനം: 26,910 രൂപ)
 ധോണി വെള്ളച്ചാട്ടം: 491 (വരുമാനം: 58,920 രൂപ)
 പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം: 943 (98,000 രൂപ)
 സൈലന്റ് വാലി ദേശീയോദ്യാനം: 190 (95980 രൂപ)
 മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രം: 5,070 (1,04000 രൂപ)
 മലമ്പുഴ അക്വേറിയം: 4,106 (വരുമാനം: 1,12,440 രൂപ)
 മലമ്പുഴ റോക്ക് ഗാർഡൻ: 717 (16,202 രൂപ)
 പാലക്കാട് വാടിക പാർക്ക്: 4,445 (97,890 രൂപ)
 വെള്ളിയാങ്കല്ല് പൈതൃക പാർക്ക്: 3,739 (വരുമാനം: 37,944)
 നെല്ലിയാമ്പതി: 13,363

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com