ADVERTISEMENT

പാലക്കാട് ∙ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ആട്ടിയകറ്റുന്ന ഭരണാധികാരികളുടെ മാതൃകകൾ ഇന്ത്യയിലും കേരളത്തിലുമുണ്ടെന്നും അവരെ മാധ്യമത്തിന്റേതായിട്ടുള്ള നീതിബോധം പഠിപ്പിക്കേണ്ടത് മാധ്യമരംഗത്തുള്ളവർ തന്നെയാണെന്നും എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിന്റെ സഞ്ജയ് ചന്ദ്രശേഖർ അനുസ്മരണത്തിൽ, ‘മാധ്യമ ധാർമികത’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വികസനം യഥാർഥത്തിൽ വേണ്ടത് ആരോഗ്യമേഖലയിലാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 11 മെഡിക്കൽ കോളജുകൾ ഉദ്ഘാടനം ചെയ്തപ്പോൾ കാസർകോട്ട് ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖ തുടങ്ങാനായി കുട്ടികളും അമ്മമാരും നിരാഹാരമിരിക്കുകയാണ്.

മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തു പോകാനൊരുങ്ങുകയാണ്. കേരളത്തിലെ ആരോഗ്യമേഖല വേണ്ടത്ര വികസിച്ചിരുന്നെങ്കിൽ അമേരിക്കൻ സാമ്രാജ്യത്വത്തെ ആശ്രയിക്കാതെ ഇവിടെ ചികിത്സിക്കാൻ കഴിയുമായിരുന്നു. അതു കൊണ്ടുതന്നെയാണ് പണ്ട് അറബിക്കടലിലേക്ക് വലിച്ചെറിയണമെന്നു പറഞ്ഞ ഈ അമേരിക്കൻ സാമ്രാജ്യത്വത്തെ നമ്മൾ വീണ്ടും ആശ്രയിക്കേണ്ടി വരുന്നത്. കേരള റെയിൽ സ്വപ്ന പദ്ധതിയാണ്, വികസനത്തിന് അത്യാവശ്യമാണ്, കേരളത്തെ സ്വർഗതുല്യമാക്കും എന്നൊക്കെയുള്ള മട്ടിൽ എഴുതുന്നു. ഇത് ശരിക്കും നീതിബോധത്തിന് നിരക്കുന്നതാണോ എന്ന് ആലോചിക്കണം.

മേധ പട്കർ രാജപദവിയിലൊക്കെയുള്ള ആൾക്കാരുടെ മുന്നിൽ കൈകൂപ്പി യാചിക്കുകയാണ്, ഇങ്ങനെയൊന്നു ചെയ്യരുതേ എന്ന്. പ്രശാന്ത് ഭൂഷൺ, മാധവ് ഗാഡ്ഗിൽ, ആർവിജി മേനോൻ തുടങ്ങിയവരൊക്കെ അതു പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ, അവരുടെ ബോധം മാധ്യമരംഗത്തുള്ള പലരും പങ്കിടുന്നില്ല എന്നതാണു നിർഭാഗ്യകരമായ കാര്യം. മുൻപു കുടിയൊഴിക്കപ്പെട്ടവരുടെ വിലാപങ്ങളെ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നതാണു ദുഃഖകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ചീഫ് റിപ്പോർട്ടറായിരുന്ന സഞ്ജയ് ചന്ദ്രശേഖറെ മുതിർന്ന പത്രപ്രവർത്തകൻ ടി.വി. ചന്ദ്രശേഖരൻ അനുസ്മരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ, സെക്രട്ടറി മധുസൂദനൻ കർത്താ, വൈസ് പ്രസിഡന്റ് സി. ജിഷ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com