ADVERTISEMENT

പാലക്കാട്∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു (ഐഎംഎ) കീഴിൽ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രമായ ‘ഇമേജി’ൽ ഉണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം ഇന്നലെ രാത്രി വൈകിയും തുടരുന്നു.തീ വശങ്ങളിലേക്കോ മറ്റു പ്ലാന്റുകളിലേക്കോ പടരുന്നതു തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിരക്ഷാ സേനയുടെ കഞ്ചിക്കോട്, പാലക്കാട് യൂണിറ്റുകളിൽ നിന്നായി രണ്ടു വണ്ടികൾ പ്ലാന്റിൽ ക്യാംപ് ചെയ്യുന്നുണ്ട്.തീ പിടിക്കാത്ത ഭാഗത്തെ മാലിന്യങ്ങൾ അവിടെനിന്നു നീക്കം ചെയ്യുന്നുണ്ട്. ഇന്നു തീ മുഴുവനായും അണയ്ക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ. 

ഞായറാഴ്ച രാവിലെയാണ് പ്ലാന്റിലെ ആശുപത്രി മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനു തീ പിടിച്ചത്. കാടിനോടു ചേർന്നുകിടക്കുന്ന പ്രദേശത്തായിരുന്നു ആദ്യം തീ കണ്ടതെന്നു ജോലിക്കാർ പറഞ്ഞു. ഇത് അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി പടർന്നതോടെ കഞ്ചിക്കോട് അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ 7 വാഹനങ്ങളെത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി. 

വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഗോഡൗണിന് അകത്തേക്കു പ്രവേശിക്കാൻ സാധിക്കാതിരുന്നതിനാൽ തീ പൂർണമായി അണയ്ക്കാൻ സാധിച്ചില്ല. ഗോഡൗൺ കെട്ടിടം പൂർണമായി അഗ്നിക്കിരയായി. ഏകദേശം 3 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഇമേജ് അധികൃതർ പറഞ്ഞു. ഐഎംഎയുടെ കീഴിൽ പ്രവർത്തിക്കുന്ന, സംസ്ഥാനത്തെ ഏക ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റാണ് മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഇമേജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com