ADVERTISEMENT

വടക്കഞ്ചേരി ∙ വടക്കഞ്ചേരി പന്നിയങ്കരയിൽ ടോൾ പിരിക്കാനുള്ള നടപടികൾ വേഗത്തിലായി. 2021 സെപ്റ്റംബറിൽ നിർ‍മാണ ജോലികൾ 90 ശതമാനം പൂർത്തിയാക്കിയെന്നും ടോൾ പിരിക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് നിർമാണ കമ്പനി ദേശീയപാത അതോറിറ്റി അധികൃതർക്കു കത്തു നൽകിയതാണ്. ഇതിൽ ദേശീയപാത അതോറിറ്റി അനുകൂല തീരുമാനമാണ് എടുത്തിരിക്കുന്നത്.

മന്ത്രിമാരായ മുഹമ്മദ് റിയാസും കെ.രാജനും ടോൾ പിരിവിനെതിരെ ശക്തമായി പ്രതികരിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ ഡൽഹി ആസ്ഥാനത്തുനിന്നു വന്ന കത്ത് തുരങ്കം തുറപ്പിച്ചതുപോലെ മറ്റൊരു കത്ത് ടോൾ പിരിവ് ആരംഭിക്കാനും വരുമെന്നാണ് സംയുക്ത സമരസമിതി ഭാരവാഹികൾ പറയുന്നത്. പ്രദേശവാസികൾക്കു പോലും സൗജന്യ പാസ് അനുവദിക്കില്ലെന്ന നയം വൻ പ്രതിഷേധത്തിനു കാരണമായേക്കും.

സംസ്ഥാന സർക്കാരിന്റെയോ പൊതുജനങ്ങളുടെയോ എതിർപ്പ് കരാർ കമ്പനി പ്രശ്നമാക്കുന്നില്ല. സമരം ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെങ്കിലും സമരക്കാരെ അറസ്റ്റ് ചെയ്യുന്നതോടെ സമരം കെട്ടടങ്ങുമെന്നും ടോൾ പിരിവ് ആരംഭിക്കാമെന്നുമാണു നിർമാണ കമ്പനി കരുതുന്നത്. പ്രമുഖ രാഷ്ട്രീയ കക്ഷികൾ ടോൾ പിരിവിന്റെ കാര്യത്തിൽ നിസ്സംഗത തുടരുകയാണെന്നും ആക്ഷേപമുണ്ട്. 964 മീറ്റർ ദൂരമുള്ള തുരങ്കത്തിന്റെ നിർമാണ ജോലികൾ 2016 മേയ്13നാണ് ആരംഭിച്ചത്.

ആദ്യ തുരങ്കം 2021 ജൂലൈ 31ന് തുറന്നു. അന്ന് സംസ്ഥാന സർക്കാരിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ മറിക‌ടന്ന് തലേദിവസം തുരങ്കം തുറക്കുകയായിരുന്നു. കേരളത്തിലെ ആദ്യ തുരങ്കപാത‌ നിർമാണം തുടക്കം മുതൽ വിവാദത്തിൽപെട്ടിരുന്നു. തുരന്നെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും കല്ല് പൊട്ടിച്ചുനീക്കിയാണ് പണികൾ നടത്തിയത്. തുരങ്കത്തിനുള്ളിൽനിന്ന് കോടികൾ വിലവരുന്ന കല്ല് പൊട്ടിച്ചുനീക്കി വിൽപന നടത്തുകയായിരുന്നു. ഇതിനെതിരെ വന്ന പരാതികൾ പോലും സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി തയാറായില്ല.

2 മാസത്തിൽ പൂർണസജ്ജമാകും: റിയാസ് 

കുതിരാൻ രണ്ടാം തുരങ്കത്തിന്റെ റോഡ് നിർമാണ പ്രവൃത്തിയുടെ വേഗം കൂട്ടുന്നതിനാണു തുരങ്കം തുറന്നതെന്നും രണ്ടു മാസം കൊണ്ട് അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി ഗതാഗതം പൂർണ സജ്ജമാക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വികസന കാര്യത്തിൽ കുതിരാനിൽ ഉണ്ടായ കൂട്ടായ്മ മാതൃകയാണ്. നിർമാണപ്രവൃത്തി വർഷങ്ങളായി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ദേശീയപാത അതോറിറ്റിയാണ് നിർമാണം നടത്തുന്നതെങ്കിലും കേരള സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമായി കണ്ടുകൊണ്ടാണ് പദ്ധതിയുടെ പൂർത്തീകരണം ഏറ്റെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com