ADVERTISEMENT

പാലക്കാട് ∙ വീട്ടിലിരുന്ന് ഫോണിൽ ഡോക്ടറുടെ സഹായം തേടാം, ഇ–സഞ്ജീവനി ആപ്പിലൂടെ. പ്ലേസ്റ്റോറിൽ ആപ് ലഭ്യമാണ്. വിഡിയോ കോളിൽ ഡോക്ടറോടു സംസാരിക്കാം. വിവരങ്ങൾ ചോദിച്ചറിഞ്ഞു ഡോക്ടർ കുറിക്കുന്ന മരുന്നുകളുടെ ഡോസ് അടക്കം കോൾ അവസാനിക്കുമ്പോൾ സ്ക്രീനിലെത്തുകയും ചെയ്യും. ഈ സേവനം ലഭ്യമാകാൻ ഫോൺ നമ്പർ ഉപയോഗിച്ചു പേരും വയസ്സും മേൽവിലാസവും നൽകി റജിസ്റ്റർ ചെയ്താൽ മതി. റജിസ്റ്റർ ചെയ്യുമ്പോൾ ടോക്കൺ ലഭിക്കും. നമ്മുടെ ഊഴമാകുമ്പോൾ ഫോൺ റിങ് ചെയ്യും. അപ്പോഴാണു ഡോക്ടറോടു സംസാരിക്കാനാകുക.

ജനറൽ വിഭാഗത്തിനു പുറമേ, കോവിഡ് ഒപി, സ്പെഷ്യൽറ്റി ഡോക്ടർമാർ എന്നിവരുടെ സേവനവും ലഭ്യമാണ്. ജനറൽ ഒപി സേവനം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ലഭ്യമാണ്. കോവിഡ് ഒപി 24 മണിക്കൂറും ലഭ്യമാണ്. സ്പെഷ്യൽറ്റി ഡോക്ടർമാരുടെ സേവനം നിശ്ചിത ദിവസങ്ങളിലാണു ലഭ്യമാകുന്നത്. ഇതിന്റെ വിശദ വിവരങ്ങൾ പേഷ്യന്റ് റജിസ്ട്രേഷൻ വിൻഡോയിൽ ടൈമിങ്സ് എന്നതിൽ ക്ലിക് ചെയ്യുമ്പോൾ ലഭിക്കും. ഓരോ തവണയും റജിസ്റ്റർ ചെയ്യുമ്പോൾ ടോക്കൺ നമ്പർ കിട്ടും. റജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഏതു വിഭാഗത്തിലെ ഡോക്ടറെയാണ് കാണുന്നത് എന്നു നൽകേണ്ടത്.

ഡോക്ടർ മരുന്ന് കുറിച്ചശേഷം കോൾ കട്ടാക്കുന്നതോടെ കുറിപ്പടി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അതിനു ശേഷം ലോഗൗട്ട് ചെയ്ത് വീണ്ടും അതേ ടോക്കൺ ഉപയോഗിച്ചു ലോഗിൻ ചെയ്യാൻ കഴിയില്ല. എന്നാൽ, ഡോക്ടറുമായി സംസാരിച്ചു കൊണ്ടിരിക്കെ കോൾ കട്ടാകുകയും മരുന്നുവിവരം ലഭിക്കാതിരിക്കുകയും ചെയ്താലും വിഷമിക്കേണ്ടതില്ല, അതേ ടോക്കൺ നമ്പർ ഉപയോഗിച്ചു വീണ്ടും ആപ്പിൽ കയറി ഡോക്ടറെ കാണാവുന്നതാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാരാണ് വെർച്വലായി പരിശോധന നടത്തി മരുന്ന് കുറിക്കുന്നത്. ഓരോ ദിവസവും ഡോക്ടർമാരുടെ ഡ്യൂട്ടി മാറി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com