ADVERTISEMENT

എലപ്പുള്ളി  ∙ ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു പരാതി. വാഹനം ലഭിക്കാതെ ഒരു മണിക്കൂറിനു ശേഷം മറ്റൊരു ആംബുലൻസ് ലഭ്യമാക്കി രോഗിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എലപ്പുള്ളി പേട്ട മണി ഗുരുസ്വാമിയുടെ മകൻ എം.സുനിൽദാസ് (46) ആണു മരിച്ചത്. ഇതേത്തുടർന്നു ബന്ധുക്കൾ പൊലീസിനും ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകി.

108 ആംബുലൻസ് സർവീസ് കോവിഡ് ബാധിതർക്കുള്ളതാണെന്ന ന്യായത്തിലാണു സേവനം നിഷേധിച്ചതെന്നാണു പരാതി. ഇന്നലെ രാവിലെ 6.30നായിരുന്നു സംഭവം. പ്രഭാതസവാരി കഴിഞ്ഞു തിരിച്ചെത്തിയ സുനിൽദാസ് തളർച്ച അനുഭവപ്പെട്ടതോടെ സമീപത്തു താമസിക്കുന്ന, ആലത്തൂർ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ വീട്ടിലെത്തിയെങ്കിലും മുറ്റത്തു കുഴഞ്ഞുവീണു.

ഓടിയെത്തിയ ഡോക്ടർ ഉൾപ്പെടെയുള്ളവർ സമീപത്ത് താലൂക്ക് ആശുപത്രിയിലുള്ള ആംബുലൻസ് സർവീസ് ആവശ്യപ്പെട്ടെങ്കിലും കോവിഡ് കൺട്രോൾ റൂമിന്റെ അനുമതിയില്ലെന്ന കാരണത്താൽ ഡ്രൈവർ വിസമ്മതിച്ചെന്നാണു പരാതി. ഒരു മണിക്കൂറിനു ശേഷം പഞ്ചായത്ത് അംഗം എ.സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ പുതുശ്ശേരിയിൽ നിന്ന് ആംബുലൻസ് എത്തിച്ച് സുനിൽദാസിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ 108 ആംബുലൻസ് തട‍ഞ്ഞിട്ടെങ്കിലും പിന്നീടു വിട്ടു നൽകി.

108 ആംബുലൻസ് സർവീസുമായി താലൂക്ക് ആശുപത്രിക്കു ബന്ധമില്ലെന്നും ആംബുലൻസ് നിർത്തിയിടാനുള്ള സൗകര്യം മാത്രമാണു നൽകിയിട്ടുള്ളതെന്നും സൂപ്രണ്ട് ഡോ.എം.ആര്യ അറിയിച്ചു. സുനിൽദാസ് പ്രിന്റിങ് ജീവനക്കാരനാണ്. ഭാര്യ:റീത്ത. മക്കൾ:ഹർഷൻ, ഹിമ. മൃതദേഹം സംസ്കാരം നടത്തി. സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതരോടു വിശദീകരണം ആരാഞ്ഞെന്നും ഡിഎംഒയ്ക്കു പരാതി നൽകുമെന്നും പഞ്ചായത്ത് അധ്യക്ഷ കെ.രേവതിബാബു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com