ADVERTISEMENT

തത്തമംഗലം ∙ ചിറ്റൂർ–തത്തമംഗലം നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഉപയോഗ ശൂന്യമായി കിടന്നിരുന്ന സ്ഥലത്തു കണ്ടെത്തിയ വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ കൗതുകമാകുന്നു. കഴിഞ്ഞ ദിവസമാണു വെള്ളിമൂങ്ങയുടെ മൂന്നു കുഞ്ഞുങ്ങളെ കണ്ടത്. കെട്ടിടത്തിന്റെ മുകളിൽ ഒരു വശത്തായി പ്രവർത്തിക്കുന്ന കരാട്ടെ ക്ലാസിനു വരുന്ന കുട്ടികളാണ് ഇവയെ കണ്ടത്. ഹൃദയാകൃതിയിലുള്ള അവയുടെ മുഖവും പഞ്ഞിക്കെട്ടുപോലെ വെള്ളനിറത്തിലുള്ള അവയുടെ ശരീരത്തിന്റെ മുൻഭാഗവും തവിട്ടു നിറത്തിലുള്ള ചിറകിൽ ചാരനിറത്തിലുള്ള പുള്ളികളോടു കൂടിയ പിൻഭാഗവും ധാരാളമായി ഉള്ള ഇവയെ കാണാൻ തന്നെ ഏറെ ഭംഗിയാണ്.

അസാമാന്യമായ കേൾവിശക്തിയുമുള്ള ഇവ ചെറിയ ശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും കഴിവുള്ളതാണ്. ഇരയുടെ ശബ്ദം ചെവിയിൽ പെട്ടാൽ തലതിരിച്ച് ഇരുചെവിയിലും ഒരേതീവ്രതയിൽ ശബ്ദം വരുന്ന ദിശ മനസ്സിലാക്കുകയും അങ്ങനെ ഇരയെ കണ്ടെത്തുകയും ഇരയെ പിടിക്കുകയും ചെയ്യുന്നു. മരപ്പൊത്തുകൾ, ഇരുളടഞ്ഞ മാളങ്ങൾ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലെ ഇരുണ്ട മൂലകൾ മുതലായവ വാസസ്ഥലമാക്കാറുണ്ട്. തൂവലുകളും പാഴ്‌വസ്തുക്കളും നിരത്തിവച്ചു കൂടുണ്ടാക്കുകയാണു പതിവ്.

സാധാരണ 3 മുതൽ 8 വരെ മുട്ടകളിടാറുണ്ട്. ചിലപ്പോൾ പന്ത്രണ്ടോ അതിലധികമോ മുട്ടകൾ വരെ ഇടും. അടയിരിക്കുമ്പേൾ ആൺ മൂങ്ങയാണു തീറ്റ കൊണ്ടു കൊടുക്കുന്നത്. 29 മുതൽ 34 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്ന കുഞ്ഞുങ്ങൾക്കും പിട കൂട്ടിരിക്കുന്നു. ആൺ മൂങ്ങ കൊണ്ടുവരുന്ന തീറ്റ പിടയാണു കുഞ്ഞുങ്ങൾക്കു കൊടുക്കുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം പിടയും ഇരതേടാനിറങ്ങുന്നു. 55- മുതൽ 65 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പറക്കാൻ കഴിവുള്ളതാകും.

തത്തമംഗലത്തെ കെട്ടിടത്തിൽ കണ്ടെത്തിയ വെള്ളിമൂങ്ങ കുഞ്ഞുങ്ങളോടൊപ്പം അമ്മ മൂങ്ങയെ കണ്ടില്ല. അതു കൊണ്ടു തന്നെ ഇവ രണ്ടാഴ്ചയിലേറെ പ്രായമുള്ളവയാകാനാണു സാധ്യത. മൂങ്ങക്കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവരം വനംവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തുമെന്നു കെട്ടിടത്തിലെ കച്ചവടക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com