ADVERTISEMENT

മുതലമട ∙ അടിസ്ഥാന സൗകര്യങ്ങളില്ലാതെ മാന്തോപ്പിലെ കുടിലിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത 7 ആദിവാസിക്കുട്ടികളെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ചൈൽഡ് ഹോമിലേക്കു മാറ്റി. പറയമ്പള്ളം കൊട്ടപ്പള്ളത്തെ മാന്തോപ്പിൽ പറമ്പിക്കുളം തേക്കടി അല്ലിമൂപ്പൻ കോളനിയിൽ നിന്നു മൂന്നു വർഷം മുൻപു ജോലിക്കെത്തിയതാണ് ഇവരുടെ അച്ഛൻ. അതോടെ മാന്തോപ്പിൽ തകർന്നു വീഴാറായ കുടിലിൽ കഴിയുകയായിരുന്നു. 17, 11, 9, രണ്ടര വയസ്സ് പ്രായമുള്ള പെൺകുട്ടികളും 15, 12, 7 വയസ്സു വരുന്ന ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.

ഇവരുടെ അമ്മ രണ്ടു വർഷം മുൻപ് മരിച്ചതിനെ തുടർന്നു മൂത്ത കുട്ടികളാണ് ഇളയ കുട്ടികളെ നോക്കിയിരുന്നത്. സുരക്ഷിതമല്ലാത്ത കുടിലിൽ ആദിവാസിക്കുട്ടികൾ ജീവിക്കുന്ന വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു തുടർന്നു സിപിഎം ലോക്കൽ സെക്രട്ടറി കെ.വിനേഷ് പഞ്ചായത്ത് അധ്യക്ഷ കെ.ബേബിസുധയെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് അധികൃതരെ അറിയിക്കുകയായിരുന്നു. അങ്കണവാടി പ്രവർത്തകർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന രക്ഷാ പദ്ധതിയിലെ ഫെസിലിറ്റേറ്റർമാരെയും അറിയിച്ചു.

തുടർന്നു ജില്ലാ ശിശു സംരക്ഷണ ഓഫിസർ എസ്.ശുഭയുടെ നിർദേശത്തിൽ രക്ഷാ പദ്ധതിയുടെ റസ്ക്യു ഓഫിസർ അനസ് മുഹമ്മദ്, പഞ്ചായത്ത് ഫെസിലിറ്റേറ്റർമാരായ സി.സന്ധ്യ, ജി.സുദർശ, അങ്കണവാടി പ്രവർത്തക കെ.ഉദയകുമാരി എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയും ഇവരെ സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇന്നലെ കോവിഡ് പരിശോധനകൾ നടത്തി ഏഴു കുട്ടികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കിയ ശേഷം എലപ്പുള്ളിയിലെ ചൈൽഡ് ഹോമിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com