ADVERTISEMENT

സ്വന്തം ഭൂമിക്കു നികുതി സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കു വരെ വർക്കി കത്തയച്ചിട്ടുണ്ട്. ഇപ്പോഴും ഭൂമിപ്രശ്നം പരിഹരിച്ചിട്ടില്ല. എല്ലാം ശരിയാക്കാം എന്നു പലരും പറയുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും നടന്നില്ല. വനംവകുപ്പിന്റെ ജണ്ടയ്ക്കുള്ളിലാണു വർക്കിയുടെ കൃഷിഭൂമി. കരിമ്പ മൂന്നേക്കർ പാറയ്ക്കൽ വീട്ടിൽ ടി.ജെ. വർക്കിക്ക് 1976 ലാണ് മലമുകളിലെ 90 സെന്റ് സ്ഥലം സർക്കാർ പതിച്ചു നൽകിയത്. ക്രയവില അടച്ചു പട്ടയവും സ്വന്തമാക്കി.

പാലക്കയം മൂന്നേക്കറിൽ പൊന്നൻ തന്റെ വീടിനു മുന്നിൽ വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്കു സമീപം. ചിത്രങ്ങൾ: മനോരമ

പാലക്കയം വില്ലേജിലെ ഈ ഭൂമി പൊന്നുപോലെ വർക്കി പരിപാലിച്ചു. കല്ലു ചുമന്നു പറമ്പിലെത്തിച്ച് അതിർത്തികളിൽ കയ്യാല കെട്ടി. മണ്ണൊലിപ്പു തടയാൻ ഭൂമി തട്ടുകളാക്കി. ആദ്യം തുടങ്ങിയ കൃഷി റബറാണ്. പ്ലാവും മാവും കമുകുമെല്ലാം വച്ചുപിടിപ്പിച്ചു നല്ലൊരു കൃഷിസ്ഥലമാക്കി. എട്ടു വർഷം നികുതി സ്വീകരിച്ചെങ്കിലും വനം–റവന്യു സംയുക്ത പരിശോധനയിൽ ഈ ഭൂമി വനമാണെന്നു കണ്ടെത്തിയതോടെ പട്ടയം റദ്ദാക്കി.

നികുതി സ്വീകരിക്കാതായതോടെ വനംവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും ഓഫിസുകളിൽ കയറിയിറങ്ങി വർക്കി തളർന്നു. കലക്ടർ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ സങ്കട ഹർജിയുമായി ചെന്നു. ഇതിനിടെ ആരോ പറഞ്ഞതനുസരിച്ചാണു പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കും കത്തയച്ചത്. സർക്കാരിൽ നിന്ന് ഉത്തരവു വരും മുറയ്ക്കു നികുതി സ്വീകരിക്കുമെന്നാണു പരാതികൾക്കെല്ലാം ലഭിക്കുന്ന മറുപടി. ഉത്തരവ് എപ്പോൾ വരാൻ ! ഇതിനിടെ മൂന്നു വർഷം മുൻപു വനംവകുപ്പ് ഈ ഭൂമിയിൽ ജണ്ടയുമിട്ടു.

2018 ലെ പ്രളയത്തിൽ ഉരുൾപൊട്ടൽ ഭീഷണി വന്നതോടെ വർക്കിക്കും കുടുംബത്തിനു മലയിറങ്ങേണ്ടി വന്നു. അടിവാരത്ത് ഒരു വാടകവീട്ടിൽ താമസിക്കുന്ന വർക്കി എല്ലാ ദിവസവും മലകയറി തന്റെ കൃഷിസ്ഥലത്തെത്തും. റബർ വെട്ടിയും അടയ്ക്കാ പെറുക്കിയും വീടു വൃത്തിയാക്കിയും അവിടെ ചെലവഴിക്കും. ഇവിടത്തെ ഓരോ തൈയും കിളിർത്തതിനെക്കുറിച്ചു വർക്കിക്ക് ഓർമകൾ പറയാനുണ്ട്. പക്ഷേ, ഇതു വനമാക്കിയാൽ വെറും കയ്യോടെ ഇറങ്ങേണ്ടി വരുമോ?

പട്ടയഭൂമിയിൽ ജണ്ടയിട്ട് വനംവകുപ്പ്

‘‘ഓരോ ആദിവാസിയെയും ഭൂവുടമകളാക്കും... എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കും...’’ – രാഷ്ട്രീയക്കാരുടെ പ്രസംഗത്തിൽ ഇതു കുറേ കേട്ടതാണ്. എന്നാൽ, പരമ്പരാഗതമായി കൈമാറിക്കിട്ടിയ ആദിവാസി കുടുംബത്തിന്റെ പട്ടയഭൂമിയിൽ വനംവകുപ്പു ജണ്ടയിട്ടാൽ എന്തു ചെയ്യും. പാലക്കയം മൂന്നേക്കറിൽ മുടുഗ സമുദായത്തിൽ ഉൾപ്പെടുന്ന പൊന്നന്റെ ഭൂമി ഇപ്പോൾ വനംവകുപ്പിന്റെ ജണ്ടയ്ക്കുള്ളിലാണ്. പൊന്നന്റെ അച്ഛൻ അയ്യപ്പനാണ് ഒരേക്കറോളം ഭൂമി പതിച്ചുകിട്ടിയത്. ഇവിടെ ചെറിയൊരു കൂര വച്ചാണു പൊന്നനും കുടുംബവും താമസിക്കുന്നത്. സംയുക്ത സർവേയിൽ വനമാണെന്നു കണ്ടെത്തിയതിനു പിന്നാലെ വനംവകുപ്പ് ജണ്ടയിട്ടു. നികുതിയും സ്വീകരിക്കാതെയായി. പട്ടികവിഭാഗക്കാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും തങ്ങൾക്കു ലഭിക്കുന്നില്ലെന്ന് പൊന്നൻ പറയുന്നു.

പാലക്കയത്ത് നോട്ടിസ് നൂറിലേറെ പേർക്ക്

സർക്കാർ പതിച്ചു നൽകിയ ഭൂമിയാണ്... അവിടെ പൊന്നുവിളയിച്ചവരോടാണു കുടിയിറങ്ങണമെന്ന് ആവശ്യപ്പെടുന്നത്. റവന്യു – വനം വകുപ്പുകൾ തമ്മിൽ ധാരണയില്ലാത്തതുമൂലം കഷ്ടത്തിലാകുന്നതു കർഷകർ. സർവേയും ജണ്ട സ്ഥാപിക്കലും പുരോഗമിക്കുമ്പോൾ മലയോര മേഖലയിൽ ആശങ്കയേറുന്നു. വീടും കൃഷിയിടവും ജണ്ടകൾക്ക് ഉള്ളിലാകുന്നതോടെ കർഷകർ കയ്യേറ്റക്കാരാകുന്നു.

പാലക്കയം വില്ലേജിൽ മാത്രം നൂറിലേറെ കുടുംബങ്ങൾക്കു വനം വകുപ്പ് നോട്ടിസ് നൽകിയതായി കർഷകർ പറയുന്നു. വസ്തുവിന്റെ പട്ടയം അടക്കമുള്ള രേഖകൾ ഉണ്ടെങ്കിലും വിലയില്ലാത്ത അവസ്ഥ. തലമുറകളായി കൃഷിഭൂമിയായി കൈവശം വച്ച സ്ഥലമാണു രേഖകളിൽ വനമായി മാറിയത്. പാലക്കയം ഇഞ്ചിക്കുന്നിൽ 7 ഏക്കറിലേറെ സ്ഥലം  പെട്ടെന്നൊരു നാളിൽ വനമായി. 8 കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചപ്പോഴാണു വനംവകുപ്പ് അവകാശം ഉന്നയിച്ചു കേസെടുത്തത്. മലയോര മേഖലയിൽ പലയിടത്തും ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ പോലും കഴിയാത്ത പ്രതിസന്ധിയിലാണു കർഷകർ. സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com