ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മുണ്ടൂ‍ർ ഒൻപതാംമൈൽ നായമ്പാടം സ്വദേശി അബ്ദുൽ ഖാദറുമായി (ഇക്ബാൽ) നടത്തിയ തെളിവെടുപ്പിൽ, കൊലയാളിസംഘം സഞ്ചരിച്ചതെന്നു കരുതുന്ന സ്കൂട്ടർ ഉൾപ്പെടെ കണ്ടെത്തി. കേസിൽ പ്രധാന പ്രതികൾ ഉൾപ്പെടെ പൊലീസ് വലയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. തടുക്കശ്ശേരിയിലെ റബർ തോട്ടത്തിൽ കെട്ടിടത്തിനു പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്കൂട്ടർ.

കൊലപാതക സമയത്തു പ്രതി ധരിച്ചതെന്നു കരുതുന്ന വസ്ത്രത്തിന്റെ ഭാഗങ്ങൾ ഇവിടെ കത്തിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ ആരാധനാലയത്തിന്റെ പരിസരത്തും മേലാമുറിയിൽ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കടയിലും തെളിവെടുത്തു. തെളിവെടുപ്പിനിടെ പ്രതിക്കു നേരെ പരിസരത്തു നിന്ന് എതിർപ്പുയർന്നെങ്കിലും ഉടൻ നടപടികൾ പൂർത്തിയാക്കി പൊലീസ് മടങ്ങി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനു മുൻപു പാലക്കാട് ടൗൺ ബസ് സ്റ്റാൻഡിനു സമീപത്തുള്ള വഴിയോരക്കച്ചവട കേന്ദ്രത്തിൽ നിന്നു പ്രതി വസ്ത്രം വാങ്ങിയതിന്റെ വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്.

കൊലയാളിസംഘം സഞ്ചരിച്ച 3 ഇരുചക്രവാഹനങ്ങളിൽ വെളുത്ത സ്കൂട്ടർ ഓടിച്ചത് അബ്ദുൽ ഖാദറാണ്. ഇയാൾ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണെന്നു പൊലീസ് പറഞ്ഞു. നിരോധനാജ്ഞ തുടരുന്ന ജില്ലയിൽ പൊലീസ് സുരക്ഷ കൂടുതൽ കർശനമാക്കി. ഒപ്പം വിവിധ ഇടങ്ങളിൽ പരിശോധന തുടരുകയാണ്. എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് റെയ്ഡ് നടത്തി. ഡിവൈഎസ്പിമാരായ എം.അനിൽകുമാർ, കെ.എം.ദേവസ്യ, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ശ്രീനിവാസൻ വധം പ്രതികൾ ബിജെപി ഓഫിസ് പരിസരത്ത് എത്തിയതായി ദൃശ്യം

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തുകൂടി അക്രമിസംഘം വാഹനത്തിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞപ്പോൾ.

പാലക്കാട് ∙ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ എ.ശ്രീനിവാസനെ കൊലപ്പെടുത്തും മുൻപ് അക്രമിസംഘം വേറെയും നേതാക്കളെയും ലക്ഷ്യമിട്ട് എത്തിയിരുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഇതിനായി ആയുധവുമായി പോയെന്നു സംശയിക്കുന്ന കാറിനു പിന്നിലായി 3 ഇരുചക്രവാഹനങ്ങളിലായി പ്രതികൾ സഞ്ചരിക്കുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയിലാണു ദൃശ്യങ്ങൾ പതിഞ്ഞത്.

എലപ്പുള്ളി നോമ്പിക്കോട് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിന്റെ കൊലപാതകത്തിനു പകരമായി ചില നേതാക്കളെ വകവരുത്താൻ ശ്രമിച്ചതായി ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായവർ മൊഴിനൽകിയിരുന്നു. ഇതു സാധൂകരിക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചിട്ടുള്ളത്. ദൃശ്യത്തിൽ പതി‍ഞ്ഞ ചുവന്ന കാർ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പട്ടാമ്പി സ്വദേശിയുടേതാണു കാർ. ഇയാളുടെ പങ്കും വിശദാന്വേഷണത്തിലാണ്.

കൂടുതൽ തെളിവുകളും ലഭിച്ചിട്ടുണ്ട്.  ഏപ്രിൽ 15ന് എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ 3 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലാണ്. സുബൈറിന്റെ കൊലപാതകത്തിനു ശേഷം പൊലീസിന്റെ ശ്രദ്ധ പോസ്റ്റ്മോർട്ടം നടക്കുന്ന ജില്ലാ ആശുപത്രിയിലും എലപ്പുള്ളി പരിസരത്തുമായിരുന്നു.  ഈ സാഹചര്യം മുതലെടുത്താണു പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ പോപ്പുലർ ഫ്രണ്ടുകാർ ഉൾപ്പെട്ട സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com