ADVERTISEMENT

പാലക്കാട്∙ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ‘എന്റെ കേരളം’ പ്രദർശന വിപണന മേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ഘോഷയാത്രയും സംഘടിപ്പിച്ചു. മേള മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ജില്ലയിൽ നടക്കുന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത ശേഷം മേള സന്ദർശിക്കുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ശാന്തകുമാരി എംഎൽഎ, കലക്ടർ മൃൺമയി ജോഷി എന്നിവർ സമീപം.

സംസ്ഥാനത്ത് ഒരുകാലത്തും ഇല്ലാതിരുന്ന വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 6 വർഷമായി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത മേഖലയിലും ഈ വികസന പ്രവർത്തനങ്ങൾ പ്രകടമാണെന്നും വളരെ സംതൃപ്തിയോടെയാണ് താൻ ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷനായി.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ അരയ്ക്കു താഴേക്കു തളർന്ന പല്ലശ്ശന സ്വദേശി എൻ. ഗണേശന്റെ കരകൗശല വസ്തുക്കളുടെ സ്റ്റാൾ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു.

കലക്ടർ മൃൺമയി ജോഷി ശശാങ്ക്, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പ്രിയ.കെ.ഉണ്ണിക്കൃഷ്ണൻ, ജില്ലയിലെ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കലാ സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടേതുമടക്കം 150ൽ അധികം സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. മേയ് 4 വരെ നടക്കുന്ന പ്രദർശന വിപണന മേളയിൽ പ്രവേശനം സൗജന്യമാണ്.

‘തോക്ക് പുരാണവുമായി’ പൊലീസ് 

മേളയിലൊരുക്കിയ ജില്ലാ പൊലീസ് സേനയുടെ സ്റ്റാളിൽ തോക്കുകളായിരുന്നു താരം. മൾട്ടി ഷെൽ ലോഞ്ചർ, ഗ്യാസ് ഗൺ, ടിയർ ഗ്യാസ് ഗൺ, എകെ 47, പിസ്റ്റൾ, ഗ്രനേഡ് തുടങ്ങി വിവിധ ആയുധങ്ങളുടെ പ്രദർശനമാണ് പൊലീസ് സേന ഒരുക്കിയത്. ഇതിനു പുറമേ ബോംബ് സ്ക്വാഡിന്റെയും ഫൊറൻസിക് ഡിപ്പാർട്മെന്റിന്റെയും വിവിധ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഉണ്ടായിരുന്നു.

സമ്മാനവുമായി മോട്ടർ വാഹന വകുപ്പ്

 മോട്ടർ വാഹന വകുപ്പിന്റെ സ്റ്റാൾ കാണാനെത്തുന്നവർക്ക് വെറും കയ്യോടെ മടങ്ങേണ്ടിവരില്ല. റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓരോ മണിക്കൂറിലും ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും ഹെൽമറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. കുട്ടികൾക്കായുള്ള മത്സരങ്ങളും മോട്ടർ വാഹനവകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ 3ാം തീയതി റോഡ് സുരക്ഷയും മോട്ടർ വാഹന വകുപ്പിന്റെ മറ്റ് സേവനങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളും ഉൾപ്പെടുത്തി സെമിനാർ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

താരമായി ഗണേശൻ

മേള സന്ദർശിക്കാനെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയും കലക്ടർ മൃൺമയി ജോഷിയും ഉൾപ്പെടെയുള്ളവർ തിരക്കിട്ട് ഒരു സ്റ്റാളിലേക്ക് ഓടിക്കയറുന്നതു കണ്ടപ്പോൾ പ്രദർശനം കാണാനെത്തിയവർക്ക് കൗതുകമായി. പിന്നാലെ ചെന്നുനോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്. അരയ്ക്കു താഴെ തളർന്ന പല്ലശ്ശന സ്വദേശി എൻ.ഗണേശൻ നിർമിച്ച കരകൗശല വസ്തുക്കളുടെ സ്റ്റാളിലായിരുന്നു മന്ത്രിയും കലക്ടറും പോയത്.

സ്റ്റാളിൽ വിൽപനയ്ക്കായി എത്തിച്ചിരിക്കുന്ന വസ്തുക്കൾ മുഴുവൻ ഗണേശൻ സ്വയം നിർമിച്ചതാണ്. പത്തുവർഷം മുൻപ് വീടിനു മുകളിൽ നിന്നു വീണതോടെയാണ് ഗണേശൻ കിടപ്പിലായത്. ആദ്യത്തെ രണ്ടു വർഷം ശരീരം അനക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലായിരുന്നു. അതിനുശേഷം ചില ചികിത്സകളൊക്കെ നടത്തി അരയ്ക്കു മേലോട്ടുള്ള ചലനശേഷി വീണ്ടെടുത്തു. അതോടെയാണ് കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കാൻ തുടങ്ങുന്നത്.

ആദ്യം ചെറിയ പേപ്പർ പേനകളും മറ്റുമാണ് ഉണ്ടാക്കാൻ തുടങ്ങിയതെങ്കിലും പിന്നീട് കുട നിർമാണത്തിലേക്കും മറ്റും കടന്നു. സ്വന്തമായി കടയോ സ്ഥാപനമോ ഇല്ലാത്ത ഗണേശൻ, ആവശ്യക്കാർക്ക് കുറിയർ വഴിയാണ് സാധനങ്ങൾ എത്തിച്ചു നൽകുന്നത്. താൻ നിർമിക്കുന്ന വസ്തുക്കൾക്ക് കൂടുതൽ ആവശ്യക്കാരെ കിട്ടുമെന്ന പ്രതീക്ഷയിലാണ് മേളയിലേക്കെത്തിയതെന്ന് ഗണേശൻ പറഞ്ഞു. ഭാര്യ പ്രേമയും മക്കൾ ദിനേശനും ദീപികയും സഹായവുമായി ഒപ്പമുണ്ട്.

താരമായി കുടുംബശ്രീ ഫുഡ് കോർട്ട്

വിവിധ തരം പായസങ്ങളിൽ തുടങ്ങി ബിരിയാണിയും നാടൻ ഭക്ഷണങ്ങളും  ജ്യൂസ് വിഭവങ്ങളുമെല്ലാമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ ഫുഡ് കോർട്ടായിരുന്നു ആദ്യ ദിവസം മേളയിലെ താരം. സാമാന്യം നല്ല തിരക്കാണ് കുടുംബശ്രീ ഫുഡ് കോർട്ടിൽ അനുഭവപ്പെട്ടത്. മിതമായ നിരക്കിലായിരുന്നു എല്ലാ ഭക്ഷണസാധനങ്ങളും വിൽപനയ്ക്കെത്തിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ ഭക്ഷ്യവിഭവങ്ങൾ എത്തിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com