ADVERTISEMENT

പാലക്കാട് ∙ എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 2 പേരെക്കൂടി കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊലപാതകം സംബന്ധിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്ന സൂചനകളെത്തുടർന്നാണു നടപടി. ഗൂഢാലോചനയിലും ഇവരുടെ പങ്ക് പരിശോധിച്ചു വരികയാണ്. കസ്റ്റഡിയിലുള്ള ഒരാൾ മുൻപു സുബൈറിനു നേരെ വധശ്രമം നടന്നപ്പോൾ സ്ഥലത്തുണ്ടായിരുന്നെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.

സുബൈർ വധക്കേസിലെ പ്രതികളായ പാറ കള്ളിമുള്ളി സ്വദേശി രമേഷ്, മേനോൻപാറ കരിമണ്ണ് എടുപ്പുകുളം സ്വദേശി ജി.ആറുമുഖൻ, കല്ലേപ്പുള്ളി ആലമ്പള്ളം സ്വദേശി വി.ശരവണൻ എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണു മറ്റുള്ളവരുടെ പങ്ക് സംബന്ധിച്ച സൂചനകൾ ലഭിച്ചത്. പുറമേ മറ്റുചിലർക്കും കൊലപാതകം സംബന്ധിച്ച് അറിവുണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗതിയിലാണ്.

അറസ്റ്റിലായ 3 പ്രതികളെയും കൊലപാതകം നടത്തിയ നോമ്പിക്കോടും മറ്റിടങ്ങളിലും എത്തിച്ചു തെളിവെടുത്തു. ഡിവൈഎസ്പി എസ്.ഷംസുദീൻ, ഇൻസ്പെക്ടർ വി.എസ്.മുരളീധരൻ, സബ് ഇൻസ്പെക്ടർ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

പാലക്കാട് ∙ മേലാമുറിയിൽ ആർഎസ്എസ് നേതാവ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികൾ ഉൾപ്പെടെ 4 പേരെ വീണ്ടും കസ്റ്റഡിയി‍ൽ വാങ്ങി വിശദാന്വേഷണം ആരംഭിച്ചു. നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചതായാണു സൂചന. കൊലപാതകത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ കൂടുതൽ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന വ്യാപിപ്പിച്ചു.

പ്രതികളെയും ഇവർക്കു സഹായം നൽകുന്നവരെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചു. പ്രതികളെ സഹായിക്കുന്നവർക്കെതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ പാലക്കാട് ശംഖുവാരമേട് സ്വദേശി മുഹമ്മദ് ബിലാൽ, ശംഖുവാരത്തോട് സ്വദേശി റിയാസുദ്ദീൻ, മുണ്ടൂർ ഒൻപതാംമൈൽ നായമ്പാടം സ്വദേശി അബ്ദുൽ ഖാദർ (ഇക്ബാൽ), കാവിൽപ്പാട് കല്ലംപറമ്പ് സ്വദേശി അഷ്റഫ് എന്നിവരെയാണു വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തിന്റെ പ്രധാന സൂത്രധാരൻ ഉൾപ്പെടെ ഇനിയും  അറസ്റ്റിലാകാനുണ്ട്. ഡിവൈഎസ്പി എം.അനിൽകുമാർ, ഇൻസ്പെക്ടർ ഷിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com