ADVERTISEMENT

ചിറ്റൂർ ∙ യുണീക് തണ്ടപ്പേർ സംവിധാനം മേയ് 16 മുതൽ ആരംഭിക്കുമെന്നു മന്ത്രി കെ. രാജൻ. ഇതോടെ രാജ്യത്ത് ആദ്യമായി യുണീക് തണ്ടപ്പേർ സംവിധാനം (യുടിഎസ്) നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിന്റെ ഭാഗമായി, സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ തണ്ടപ്പേരുകളും ആധാറുമായി ബന്ധിപ്പിക്കുന്നതോടെ പല തണ്ടപ്പേരുകളിൽ അനധികൃതമായി ഭൂമി കൈവശം സൂക്ഷിക്കുന്നവരെ കണ്ടെത്താൻ കഴിയും.

ഇത്തരത്തിൽ അനധികൃതമായ ഭൂമി സർക്കാർ ഏറ്റെടുത്തു ഭൂരഹിതരായവർക്കു വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.ഭൂരഹിതരായ മുഴുവൻ പേർക്കും 5 വർഷത്തിനുള്ളിൽ ഭൂമി വിതരണം ചെയ്യുന്നതിനും രേഖ ഇല്ലാത്തവർക്ക് രേഖ നൽകുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു. ഒരു വർഷത്തിനുള്ളിൽ ജില്ലയെ ഇ–ഡിസ്ട്രിക്ട് നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഉദ്യോഗസ്ഥരു‌ടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

2022-23 വർഷത്തിൽ മലയോര, ആദിവാസി മേഖലയിലെ മുഴുവൻ പേർക്കും അർഹമായ ഭൂമിയുടെ പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സെറ്റിൽമെന്റ് ആക്ട് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മുൻപു നൽകിയ 1070 പട്ടയങ്ങൾ ഉൾപ്പെടെ 7296 പട്ടയങ്ങളാണു ജില്ലയിൽ ഒരു വർഷത്തിനുള്ളിൽ വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായി. എംഎൽഎമാരായ കെ.ബാബു, കെ.പ്രേംകുമാർ, കലക്ടർ മൃൺമയി ജോഷി, എഡിഎം കെ.മണികണ്ഠൻ, എം. ശിവകുമാർ, വി.മുരുകദാസ്, ഡി.ധർമലശ്രീ. ടി.സിദ്ധാർഥൻ, കെ.ആർ.ഗോപിനാഥ്, കെ.കുശലകുമാർ, എ.രാമസ്വാമി, കെ.എം.ഹരിദാസ്, കെ.വി.സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

വിതരണം ചെയ്തത് 6226 പട്ടയങ്ങൾ

ഇന്നലെ നടന്ന ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തത് 6226 പട്ടയങ്ങൾ. ഇതിൽ 5102 എണ്ണം ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളാണ്. 7 കെഎസ്ടി പട്ടയം, ലക്ഷംവീട് പട്ടയം, നാലു സെന്റ് പട്ടയം എന്നിവയിലായി 721, ഭൂമി പതിവ് പട്ടയം–144, മിച്ചഭൂമി പട്ടയം–69, വനാവകാശ രേഖ–183 എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണു പട്ടയങ്ങൾ വിതരണം ചെയ്തത്.

നന്ദി പറഞ്ഞ് പ്രണവം ശശി

ഏറെക്കാലമായുള്ള കാത്തിരിപ്പിനു ശേഷം പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാടൻപാട്ടു കലാകാരൻ പ്രണവം ശശി. മുത്തശ്ശന്റെ കാലം മുതൽ കുടുംബത്തിന്റെ കൈവശമിരുന്ന പതിനാലു സെന്റ് ഭൂമിക്കു പട്ടയം ലഭിച്ചതിനു സർക്കാരിനു നന്ദി പറയുകയാണ് അദ്ദേഹം. പുതുശ്ശേരി കൊളയക്കോട് സ്വദേശിയായ പ്രണവം ശശിക്കു ജില്ലാതല പട്ടയമേളയിൽ ലാൻഡ് ട്രിബ്യൂണൽ പ്രകാരമുള്ള പട്ടയമാണു ലഭിച്ചത്.

തൊണ്ണൂറാം വയസ്സിൽ പട്ടയം; നെഞ്ചോടു ചേർത്ത് അന്നമ്മാൾ

ചിറ്റൂർ∙ അന്നമൂട്ടിയ ഭൂമിയുടെ പട്ടയം ലഭിച്ച സന്തോഷത്തിൽ തൊണ്ണൂറു വയസ്സുകാരി അന്നമ്മാൾ. തന്റെ പൂർവിക സ്വത്തിന്റെ ഭാഗമായി ലഭിച്ച ഒരേക്കർ കൃഷിഭൂമിയുടെ പട്ടയത്തിനായി തൊണ്ണൂറാം വയസ്സിലും അവശതകൾ മറന്നാണു വടകരപ്പതി ഒഴലപ്പതി ചിന്നകൗണ്ടന്നൂരിലെ പരേതനായ നടരാജ കൗണ്ടറുടെ ഭാര്യ അന്നമ്മാൾ ഇന്നലെ ജനപ്രതിനിധികൾക്കു മുൻപിലെത്തിയത്. തന്റെ മകളുടെ കൈപിടിച്ച് വേദിയിൽ കയറിയ അന്നമ്മാളെ ചേർത്തുപിടിച്ചു മന്ത്രി കെ.രാജൻ പട്ടയം കൈമാറിയപ്പോൾ അന്നമ്മാളുടെ കണ്ണിൽ സന്തോഷത്തിന്റെ നീർത്തുള്ളികൾ. ഭൂമി പതിവു പട്ടയമാണ് അന്നമ്മാളിനു ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com