ADVERTISEMENT

ചിറ്റൂർ∙ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കൃഷ്ണന് സംരക്ഷകരായി ആശുപത്രി ജീവനക്കാർ. കൈയിൽ മുറിവുമായി മാസങ്ങൾക്കു മുൻപ് ചികിത്സ തേടിയെത്തിയതാണ് 83 വയസ്സുള്ള കൃഷ്ണൻ. കിടത്തിച്ചികിത്സയ്ക്കുശേഷം അസുഖം ഭേദമായിട്ടും അദ്ദേഹം ആശുപത്രിയിൽ തന്നെ കഴിച്ചുകൂട്ടി. പോകാൻ ഇടവും നോക്കാൻ ബന്ധുക്കളുമില്ല. മാത്തൂർ സ്വദേശിയാണെന്നും ബന്ധുക്കളെല്ലാം മരിച്ചതായും നാട്ടിൽ ആരുമില്ലെന്നു കൃഷ്ണൻ പറഞ്ഞു.

2021 ഓഗസ്റ്റിലാണ് കൃഷ്ണൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. അസുഖം ഭേദമായിട്ടും ആശുപത്രിയിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ അദ്ദേഹം കഴിച്ചുകൂട്ടി. പിന്നീട് ആശുപത്രിയിലെ നഴ്സുമാർ തന്നെ അദ്ദേഹത്തിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. രാവിലെ ഭക്ഷണമെത്തിച്ചു നൽകും. ഉച്ചയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പൊതിച്ചോറും അദ്ദേഹത്തിനായി മാറ്റിവയ്ക്കും. വൈകുന്നേരത്തേക്കുള്ള ഭക്ഷണവും മരുന്നും നഴ്സുമാർ വാങ്ങിനൽകും.

ആഴ്ചകൾക്കു മുൻപായിരുന്നു കൃഷ്ണന്റെ പിറന്നാൾ. കേക്ക് മുറിച്ചായിരുന്നു പിറന്നാൾ ആഘോഷം. വസ്ത്രങ്ങളും മറ്റും സമ്മാനമായി നൽകി. മുൻപ്, ഗർഭിണിയായ യുവതിയുടെ പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി പ്രസവം കഴിയുവോളം കൂട്ടിരിക്കുകയും ചെയ്ത ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവന മാതൃക നാട് കണ്ടറിഞ്ഞതാണ്.

ആശുപത്രി അറ്റൻഡർ എൻ.വിജയകുമാരി, കെ.വിജയൻ, നഴ്സുമാരായ എസ്.ശ്രുതി, അനു ഭാസ്കരൻ, എസ്.സുമ, എസ്.അശ്വതി തുടങ്ങി ഓരോ ദിവസവും ഡ്യൂട്ടിക്കെത്തുന്ന നഴ്സുമാരെല്ലാം കൃഷ്ണനെ സ്നേഹത്തോടെയാണ് പരിചരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടി 7 നിലയുള്ള പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചതിനാൽ വളരെ പരിമിതമായ സൗകര്യങ്ങളാണുള്ളത്. മഴക്കാലം ആരംഭിക്കുന്നതോടെ  നിലവിലെ സൗകര്യങ്ങൾ മതിയാകാതെ വരികയും ചെയ്യും.

സാധാരണ കൂടെ നിൽക്കാൻ ആളില്ലാത്ത രോഗികളെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കാറില്ല. കൃഷ്ണന്റെ കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് കെ.വി.സിന്ധു പറ‍ഞ്ഞു. മഴക്കാലമായാൽ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് കൂടുതൽ ആളുകളെത്തുമെന്നതിനാൽ സുമനസ്സുകളുടെ സഹായത്തോടെ കൃഷ്ണനെ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com