ബെല്ലാരിയിലെ ഇടിക്കൂട്ടിൽ മത്സരിക്കാൻ പനമണ്ണ സ്വദേശി

Mail This Article
ഒറ്റപ്പാലം ∙ ദേശീയ ബോക്സിങ് ചാംപ്യൻഷിപ്പിൽ പനമണ്ണ സ്വദേശിനിയായ വിദ്യാർഥിനി കേരളത്തിന്റെ കരുത്താകും. കർണാടകയിലെ ബെല്ലാരിയിൽ തുടങ്ങുന്ന ചാംപ്യൻഷിപ്പിൽ 50-52 കിലോ വിഭാഗത്തിലാണു പനമണ്ണ നാഗലോടിയിൽ മനോജ്കുമാർ-ലത ദമ്പതികളുടെ മകൾ അഖില (13) സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്.
തിരുവനന്തപുരത്തു പൂർത്തിയായ സംസ്ഥാനതല ചാംപ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ഇറങ്ങിയ അഖില സ്വർണം നേടിയിരുന്നു. ഇതോടെയാണു ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ അവസരം ഒരുങ്ങിയത്. ബെല്ലാരിയിൽ 20 മുതൽ 27 വരെയാണു ചാംപ്യൻഷിപ്.
കഴിഞ്ഞ വർഷം സംസ്ഥാനതല ചാംപ്യൻഷിപ്പിൽ വെങ്കലമായിരുന്നു നേട്ടം. ഇതിനുശേഷം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ എട്ടാം ക്ലാസിൽ പ്രവേശനം ലഭിച്ച അഖില ചിട്ടയായ പരിശീലനത്തിലൂടെയാണ് ഇടിക്കൂട്ടിലെ താരമായത്. ദാമോദർ ചന്ദ്രലാൽ, അജു സാബു എന്നിവരാണു പരിശീലകർ. ഒറ്റപ്പാലം അയേൺ ഫിസ്റ്റ് ക്ലബ്ബിലായിരുന്നു ആദ്യഘട്ടത്തിൽ പരിശീലനം.